സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന വിധികൾ കേരള ഹൈക്കോടതി ബുധനാഴ്ച പുറപ്പെടുവിക്കുകയുണ്ടായി. എൽ.പി, യു.പി ഘടന സംബന്ധിച്ചുള്ളതാണ് ഇതിലൊന്ന്. കേന്ദ്ര വിദ്യാഭ്യാസ നിയമം രാജ്യത്തിന് ഒന്നടങ്കം ബാധകമായതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് അതിൽ നിന്ന് ഒഴിഞ്ഞുമാറി സ്വന്തമായ നയം പിന്തുടരാനാവില്ലെന്നാണ് ഫുൾ ബെഞ്ചിന്റെ വിധി. ഒന്നു മുതൽ നാലുവരെയുള്ള ക്ളാസുകൾ എൽ. പിയിലും അഞ്ചു മുതൽ ഏഴു വരെ യു.പിയിലും എട്ടു മുതൽ പത്തുവരെ ഹൈസ്കൂളിലും വരുന്ന വിധത്തിലുള്ളതാണ് സംസ്ഥാനത്തെ സ്കൂൾ ഘടന. കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ളാസുകളാണ് എൽ.പി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആറുമുതൽ എട്ടുവരെ ക്ളാസുകൾ യു.പി വിഭാഗത്തിലും പെടും.
പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിക്കാനുദ്ദേശിച്ചുകൊണ്ടാണ് കേന്ദ്രം വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. അതു പിന്തുടരാൻ സംസ്ഥാനങ്ങൾ ബാദ്ധ്യസ്ഥമായ നിലയ്ക്ക് സംസ്ഥാന വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഇനിയും മുന്നോട്ടുപോകുന്നത് നിയമവിരുദ്ധമാണെന്നാണ് ഫുൾബെഞ്ചിന്റെ തീർപ്പ്. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ഘടനാ പരിഷ്കാരങ്ങൾ കൊണ്ടുവരാനുദ്ദേശിച്ച് സർക്കാർ നടപ്പാക്കാനൊരുങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതിഷേധവും തർക്കങ്ങളും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ പുറത്തുവന്നിരിക്കുന്ന എൽ.പി, യു.പി ഘടന സംബന്ധിച്ച ഹൈക്കോടതി തീർപ്പ് പ്രത്യേക പ്രാധാന്യമുള്ളതാണ്. കേന്ദ്ര നിയമത്തിനനുസരണമായി ക്ളാസ് ഘടന ഇവിടെയും പുനഃക്രമീകരിക്കേണ്ടിവരും.
ഹയർ സെക്കൻഡറി പരീക്ഷകളിൽ മോഡറേഷൻ നൽകുന്നത് നിറുത്തലാക്കുന്നതടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾ നാലുമാസത്തിനകം ഇവിടെയും നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകുന്നതാണ് വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായ രണ്ടാമത്തെ ഉത്തരവ്. പഠിച്ചു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന ന്യായമായ ഒരു ആവശ്യമാണിത്. പത്തും പന്ത്രണ്ടും യോഗ്യതാ പരീക്ഷകളിൽ കുറെക്കാലമായി കണ്ടുവരുന്ന കുത്തഴിഞ്ഞ മാർക്ക് ദാനം പരീക്ഷകളുടെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിലാണ്. പരീക്ഷാ സമ്പ്രദായത്തിന്റെ പവിത്രത പോലും തകർക്കുന്ന വിധത്തിലാണ് പലപ്പോഴും വിജയശതമാനത്തിലെ വൻ വർദ്ധന. ഉയർന്ന വിദ്യാഭ്യാസ നിലവാരത്തോടല്ല, ഉയർന്ന മോഡറേഷനോടാണ് ഇതു കടപ്പെട്ടിരിക്കുന്നതെന്ന് ഏവർക്കുമറിയാം. ഹയർ സെക്കൻഡറിയിൽ പാഠ്യേതര കാര്യങ്ങൾ ഉൾപ്പെടെ മറ്റു പ്രവർത്തനങ്ങൾക്ക് 40 ശതമാനം മാർക്ക് നൽകുന്ന സമ്പ്രദായം നിറുത്തണമെന്നാണ് കേന്ദ്ര തീരുമാനം.
എഴുത്തുപരീക്ഷയിൽ ശേഷിക്കുന്ന 60 ശതമാനം മാർക്കിൽ വളരെ കുറച്ചുമാത്രം മതി വിജയിക്കാൻ. കേന്ദ്ര ബോർഡുകളിലെയും അന്യസംസ്ഥാനങ്ങളിലെയും സിലബസ് പിന്തുടരുന്ന കുട്ടികൾക്ക് ഇത്തരത്തിലുള്ള മാർക്ക് ദാനമില്ലാത്തതിനാൽ ഹയർ സെക്കൻഡറി കഴിഞ്ഞുള്ള പ്രവേശന പരീക്ഷകളിലും ഉപരിപഠനത്തിനുള്ള പ്രവേശന നടപടികളിലും പിന്തള്ളപ്പെടാറുമുണ്ട്. യോഗ്യതാ പരീക്ഷയിൽ സംസ്ഥാന സിലബസിലുള്ളവർ ഉയർന്ന ഗ്രേഡ് നേടുന്നത് മോഡറേഷൻ വഴി ലഭിക്കുന്ന അധിക മാർക്കിന്റെ ബലത്തിലാണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലാതില്ല. സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശനത്തിന് എൻട്രൻസ് മാർക്കിനൊപ്പം യോഗ്യതാ പരീക്ഷയിലെ മാർക്കും ചേർത്താണ് റാങ്ക് പട്ടിക തയ്യാറാക്കുക. സംസ്ഥാന സിലബസിൽ നിന്നുള്ള കുട്ടികൾ പൊതുവേ ഏറ്റവും ഉയർന്ന മാർക്ക് നേടുമ്പോൾ കേന്ദ്ര സിലബസിൽ നിന്നുള്ള ഏറ്റവും സമർത്ഥരായവർ പോലും റാങ്ക് പട്ടികയിൽ പിറകിലാകുന്നത് സാധാരണമാണ്. പരീക്ഷകളിൽ നടന്നുവരുന്ന ഈ വിവേചനത്തിനെതിരെ ദീർഘകാലമായി വിദ്യാർത്ഥികളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടി ഹയർ സെക്കൻഡറി തലത്തിൽ മോഡറേഷൻ ഒഴിവാക്കാൻ തീരുമാനമെടുത്തത്. കേന്ദ്ര സിലബസിൽ പഠിച്ച മൂന്ന് കുട്ടികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി മോഡറേഷൻ സമ്പ്രദായം തുടരുന്നതിനെതിരെ തീർപ്പു കല്പിച്ചത്.
മോഡറേഷനും ഗ്രേസ് മാർക്കും നന്നായി പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളോടു കാണിക്കുന്ന വിവേചനമാകയാൽ അതു നിറുത്തലാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ രണ്ടുവർഷം വർഷം മുൻപ് നടന്ന യോഗം ഇതുസംബന്ധിച്ചു കൈക്കൊണ്ട തീരുമാനങ്ങൾ കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് തുടരാവുന്നതാണെങ്കിലും മാർക്ക് ഷീറ്റിൽ അത് പ്രത്യേകം രേഖപ്പെടുത്തണമെന്നായിരുന്നു സെക്രട്ടറിമാരുടെ യോഗത്തിലെ തീരുമാനം. അതുപോലെ പാഠ്യേതര കാര്യങ്ങളിൽ മികവു കാട്ടുന്നവരുടെ ഗ്രേസ് മാർക്കും പ്രത്യേകം തന്നെയാണ് രേഖപ്പെടുത്തേണ്ടത്. ഇതിന്റെ പേരിൽ പരീക്ഷകളിൽ ഒരുവിധ വിവേചനവും പാടില്ലെന്നും തീരുമാനമെടുത്തിരുന്നു. സെക്രട്ടറിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ പഠിക്കാൻ ഇവിടെ എസ്.സി.ഇ.ആർ.ടിയെ ഏല്പിച്ചെങ്കിലും റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ഹൈക്കോടതി നിർദ്ദേശം ഉണ്ടായ സ്ഥിതിക്ക് ചുമതലപ്പെട്ടവർ ഉറക്കമിളച്ചിരുന്നെങ്കിലും പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നു പ്രതീക്ഷിക്കാം. എന്തുചെയ്യാനും കോടതി വടിയെടുക്കേണ്ടിവരുന്ന സ്ഥിതി നല്ലതല്ലെന്നു കൂടി പറയട്ടെ.