തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ എസ്.പിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ മുഖ്യമന്ത്രിക്കും സംസ്ഥാനസർക്കാരിനുമെതിരെ വിമർശനമുന്നയിച്ച പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. എസ്.പി വരെയുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ വിമർശനമുന്നയിക്കുന്നതിൽ തെറ്റില്ലെങ്കിലും കേസിൽ ഫലപ്രദമായ അന്വേഷണനടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാനസർക്കാരിനെ കുറ്റപ്പെടുത്തിയത് അനാവശ്യമായിപ്പോയെന്ന വിമർശനമാണുയർന്നത്. കേസിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങുമ്പോൾ നടത്തിയ പ്രതികരണം അനവസരത്തിലായിപ്പോയെന്നും ഇന്നലെ എക്സിക്യൂട്ടീവ് യോഗത്തിൽ ഒരംഗം കുറ്റപ്പെടുത്തി.
പാർട്ടി സംസ്ഥാനഘടകത്തിന്റെ അനുമതിയോടെയാണ് മാർച്ച് നടത്തിയതെന്ന് വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പക്ഷേ പ്രസംഗത്തിൽ ശിവരാമൻ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചത് അഭംഗിയായിപ്പോയെന്ന് ചൂണ്ടിക്കാട്ടി.
പാർട്ടിയിൽ ആലോചിക്കാതെ സഹകരണസംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വിലയ്ക്ക് വാങ്ങാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ട് ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിനെതിരെ ഉയർന്ന പരാതിയിൽ തീരുമാനം 22ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം കൈക്കൊള്ളും. ജയലാലിന്റെ വിശദീകരണം സംസ്ഥാനനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെയും കൊല്ലം ജില്ലാ കൗൺസിലിന്റെയും വിശദീകരണങ്ങൾ കൂടി ലഭിക്കണം. മറ്റ് രണ്ട് പേരിൽ നിന്നുകൂടി വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കാനം എക്സിക്യൂട്ടീവ് യോഗത്തിൽ വിശദീകരിച്ചു.
ഇന്ദ്രജിത് ഗുപ്ത ജന്മശതാബ്‌ദിയോടനുബന്ധിച്ച് ഈ മാസം 25ന് തിരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച് തിരുവനന്തപുരത്ത് നടത്തുന്ന സെമിനാർ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ചെലമേശ്വർ സെമിനാറിൽ പങ്കെടുക്കും.