ലണ്ടൻ: ടെന്നീസ് താരം ആൻഡി മുറെയുടെ ഭാര്യ വീണ്ടും ഗർഭിണിയാണോ? കഴിഞ്ഞദിവസം വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിൽ സെറീന വില്യംസുമായുള്ള ഡബിൾസ് മത്സരത്തിൽ ഭർത്താവിനെ പ്രോത്സാഹിപ്പിക്കാൻ കിം എത്തിയതോടെയാണ് ആരാധകർ ഈ ചോദ്യം ഉന്നയിച്ച് തുടങ്ങിയത്. കിമ്മിന്റെ വയർ അല്പം വീർത്തിരുന്നതാണ് ഇതിനുകാരണം.
കിം ഗർഭിണിയാണെന്ന് വാർത്ത സോഷ്യൽമീഡിയയിൽ പാറിനടന്നു. ഒപ്പം കിമ്മിന്റെ ചിത്രവും. ഗർഭിണിയായ സ്ത്രീകൾ ധരിക്കുന്ന പ്രത്യേക തരത്തിലുള്ള ഉടുപ്പാണ് കിം ധരിച്ചിരുന്നത്. ഇതും കിംവദന്തിക്ക് ആക്കം കൂട്ടി. ഇതിനിടെ മുറെയുടെ മൂന്നാമത്തെ കുട്ടി ആണായിരിക്കും എന്നുവരെ ചിലർ പറഞ്ഞുപരത്തി.ചിലർ കുഞ്ഞിന് പേരും നിർദ്ദേശിച്ചു. ഭർത്താവിന്റെ കിടിലൻ ഷോട്ടുകൾ കണ്ട് കിം സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നതുകണ്ട ചിലർ ഭർത്തിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും അതൊന്നും ആരും കേട്ടില്ല.
ഗർഭവാർത്ത കിമ്മിന്റെ ചെവിയിലും എത്തിയെന്നാണ് വാർത്ത. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ കിം ഒരുക്കമല്ല. എന്നാൽ കിം ഗർഭിണി അല്ലെന്നാണ് അടുപ്പക്കാർ പറയുന്നത്. 2015 ലാണ് മുറെയും കിമ്മും വിവാഹിതരായത്. മൂന്നും ഒന്നും പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. അതിനിടെ ഗർഭവാർത്തയുടെ നേരറിയാൻ ചിലർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.