ഒരുദശകത്തിന് മുമ്പാണ് ഇന്ത്യ ചന്ദ്രനിലേക്ക് ആദ്യവിരുന്ന് നടത്തിയത്. അന്ന് അത് രണ്ടുതരത്തിൽ വിപ്ളവമായിരുന്നു . ഒന്ന് വൻശക്തികൾക്ക് മാത്രം ശേഷിയുണ്ടെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബഹിരാകാശദൗത്യം ഇന്ത്യ ഏറ്റെടുത്തുവെന്നതാണ്. ചന്ദ്രനിൽ ജലസാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞുവെന്നതാണ് രണ്ടാമത്തെ നേട്ടം.
ഇപ്പോൾ പതിനൊന്ന് വർഷത്തിനിപ്പുറം ചന്ദ്രനിലേക്ക് ഇന്ത്യ രണ്ടാംകുതിപ്പിനൊരുങ്ങുമ്പോൾ ലോകം കാത്തിരിക്കുന്നത് ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകൾ ലോകത്തിന് സമ്മാനിക്കപ്പെടുമോ എന്നതാണ്. തമിഴ് താരം രജനിയുടെ സിനിമാഡയലോഗ് പോലെ ലേറ്റായാലും ലേറ്റസ്റ്റായ മട്ടിലാണ് ഇന്ത്യയുടെ രണ്ടാം വിരുന്നിനുള്ള ഒരുക്കങ്ങൾ.
ഏറ്റവും പുതിയ സാങ്കേതിക തികവുള്ള ഉപകരണങ്ങൾ, ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത ക്രയോ എൻജിൻ ഉപയോഗിച്ചുണ്ടാക്കിയ അത്യുഗ്രഭാരവാഹകശേഷിയുള്ള ജി.എസ്.എൽ.വി. റോക്കറ്റ് ഉപയോഗിച്ചുളള വിക്ഷേപണം. ഇതുവരെ ആരും സ്പർശിച്ചിട്ടില്ലാത്ത ചന്ദ്രന്റെ തണുത്തറഞ്ഞ ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യസഞ്ചാരം.ഇതെല്ലാം രണ്ടാംവിരുന്നിലെ സവിശേഷതകളാണ്. ഇതിനെല്ലാമുപരി ഇന്ത്യക്കാരെ മുഴുവൻ ആഹ്ളാദിപ്പിക്കുന്ന മറ്റൊരുകാര്യം നമ്മുടെ ദേശീയ പതാകയും അശോകചക്രവും ചന്ദ്രനിലും എന്നന്നേക്കുമായി സ്ഥാപിക്കപ്പെടുമെന്നതാണ്.
ചന്ദ്രയാൻ 2 പുതുപുത്തൻ
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചന്ദ്രയാൻ രണ്ടിന്റെ തീയതി കുറിച്ചത്. ജൂലായ്15ന് പുലർച്ചെ 2.51 ന് വിക്ഷേപിക്കപ്പെടുന്ന ചന്ദ്രയാൻ രണ്ട്. സെപ്തംബർ ആറിന് ചന്ദ്രനിലെത്തുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. രാജ്യവും ശാസ്ത്രലോകവും ഈ രണ്ടാം പതിപ്പിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി.2008 ലെ ഒന്നാം ചന്ദ്രയാൻ വിജയിച്ചദിവസം മുതലുള്ള കാത്തിരിപ്പാണ്. ലോകത്തെ ആകെ അദ്ഭുതപ്പെടുത്തിയ ഐ.എസ്.ആർ.ഒ യുടെയും ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന്റെയും പേര് ചന്ദ്രനോളമുയർത്തിയതാണ് ഒന്നാം ചന്ദ്രയാൻ. 2008 ഒക്ടോബർ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്ന ചന്ദ്രയാൻ ഒന്ന് നവംബർ 28നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. നവംബർ 14ന് ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറങ്ങി. ചന്ദ്രോപരിതലത്തിൽ അതുണ്ടാക്കിയ സ്ഫോടനം അന്നോളമുണ്ടായിരുന്ന ധാരണകളെക്കൂടിയാണ് തകർത്തത്. ചന്ദ്രനിൽ ജലമുണ്ടെന്ന സത്യം അങ്ങനെ ലോകമറിഞ്ഞു.
ചന്ദ്രനിൽ ജലസാന്നിദ്ധ്യമുണ്ടെന്ന കണ്ടെത്തലായിരുന്നു ചന്ദ്രയാൻ ഒന്നാം ദൗത്യത്തിന്റെ ഏറ്റവും വലിയ നേട്ടവും വിജയവും. മൂൺ ഇംപാക്ട് പ്രോബിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് അത്ഭുതകരമായ ആ പ്രപഞ്ചസത്യം കണ്ടെത്താൻ സഹായിച്ചത്. പിന്നീട് നാസ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബഹിരാകാശശാസ്ത്രസ്ഥാപനങ്ങൾ ഇൗ കണ്ടെത്തൽ ശരിവച്ചു. ഇന്ത്യയ്ക്കും ഐ.എസ്.ആർ.ഒ.യ്ക്കും അഭിമാനകരമായ ആ നേട്ടത്തിന് പിന്നാലെയാണ് ചന്ദ്രനിലേക്ക് വീണ്ടും ഒരു ദൗത്യവുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്. അതിന്റെ തുടർച്ചയായി കൂടുതൽ ചാന്ദ്രരഹസ്യങ്ങളിലേക്ക് ഇൗ രണ്ടാം ദൗത്യം വഴിതുറക്കുമോ എന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
3400തവണ ചന്ദ്രനെ വലം വച്ച ശേഷമാണ് ഒന്നാം ചന്ദ്രയാൻ 2009 ആഗസ്റ്റ് 29ന് മിഴിയടച്ചത്. 312 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയ പേടകത്തെ വീണ്ടും ഉണർത്താനുള്ള ശ്രമങ്ങൾ പക്ഷേ വിഫലമായി. ആയിരം ദിനങ്ങൾ കൂടി ചന്ദ്രനെ വലം വച്ച് 2012ൽ ചന്ദ്രനിലേക്ക് ഇടിച്ചിറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നിരുന്നാലും ഒന്നാം ചാന്ദ്രദൗത്യം വിജയകരമായിരുന്നു.
രണ്ടാം വിരുന്നിൽ ദൗത്യങ്ങളേറെ
ഒന്നാം ചന്ദ്രയാൻ അവസാനിപ്പിച്ചിടത്തുനിന്നാണ് ചന്ദ്രയാൻ രണ്ടിന്റെ ദൗത്യം ആരംഭിക്കുന്നത്. അകാല മൃത്യു വരിച്ച മുൻഗാമിയെക്കാളേറെ ചെയ്യുവാനുണ്ട് ഈ പിൻഗാമിക്ക്. മൂന്ന് ഘടകങ്ങളടങ്ങിയതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം. ചന്ദ്രന്റെ പ്രതലത്തിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുന്ന പ്രജ്ഞാൻ എന്ന് പേരുളള റോവർ, ഇതിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുളള വിക്രം എന്ന ലാൻഡർ, ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ എന്നിവയാണ് അവ. ചന്ദ്രോപരിതലത്തിന്റെ ഘടന, ചന്ദ്രനിലെ മൂലകങ്ങളുടെ സാന്നിദ്ധ്യം, ചന്ദ്രനിലെ ജല സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് കൂടുതൽ പഠനം നടത്തുകയാണ് ചന്ദ്രയാൻ രണ്ടിന്റെ പ്രധാന ദൗത്യങ്ങൾ.
വലിയ നേട്ടങ്ങളാണ് ചന്ദ്രയാൻ രണ്ടിലൂടെ ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക എന്നത് ചെറിയ കാര്യമല്ല. ഇതിന് മുമ്പ് റഷ്യയും അമേരിക്കയും െെചനയും മാത്രമാണീ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. പ്രജ്ഞാൻ റോവറിനെ സുരക്ഷിതമായിചന്ദ്രനിൽ ഇറക്കാൻ കഴിഞ്ഞാൽ തന്നെ അത് വലിയ വിജയമാണ്.വെല്ലുവിളികൾ ചെറുതല്ല ഇതുവരെ ഒരു ചാന്ദ്രദൗത്യവും കടന്നു ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് ചന്ദ്രയാൻ രണ്ട് ഇറങ്ങാൻ പോകുന്നത്. ദക്ഷിണ ധ്രുവത്തിൽ കൂടുതൽ വെള്ളത്തിന്റെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതിനാലാണ് ഇവിടേക്ക് തന്നെ പേടകത്തെ അയയ്ക്കുന്നത്. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് വിക്രം ലാൻഡറും റോവറും ഇറങ്ങുന്ന കാൽമണിക്കൂർ എല്ലാ അർത്ഥത്തിലും ഉത്്കണ്ഠാകരമാകും.
അശോക മുദ്ര ചന്ദ്രനിൽ പതിപ്പിക്കും
ശാസ്ത്രത്തിനും ഗവേഷണത്തിനുമപ്പുറമുള്ള ഒരു ദൗത്യം കൂടി ചന്ദ്രയാൻ രണ്ടിനുണ്ട്. അശോക ചക്രത്തിന്റെയും ഐ.എസ്.ആർ.ഒ.യുടെയും ചിഹ്നം ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ എത്തിക്കും. പ്രജ്ഞാൻ റോവറിന്റെ ചക്രങ്ങളിലാണ് അശോക ചക്രവും ഐ.എസ്.ആർ.ഒയുടെ മുദ്ര യും ആലേഖനം ചെയ്തിട്ടുള്ളത്. ചന്ദ്രോപരിതലത്തിലൂടെ റോവർ മുന്നോട്ട് നീങ്ങുമ്പോൾ അശോക ചക്രവും ഐ.എസ്.ആർ.ഒ.മുദ്ര യും ചന്ദ്രോപരിതലത്തിൽ പതിക്കും.
(തുടരും)