snake

മുംബയ്: മകളെ കടിച്ച അണലിയെ അമ്മ ഒാടിച്ചിട്ടുപിടിച്ചു. അതുമായി നേരെ ആശുപത്രിയിലേക്ക് പോയി. പോകുന്ന വഴി കൈയിൽ പലതവണ പാമ്പ് കടിച്ചെങ്കിലും അവർ വിട്ടില്ല...കഥയല്ലിത് നടന്ന സംഭവം. മുംബയിലെ ചേരിപ്രദേശമായ ധാരാവിയിലെ മുപ്പത്തിനാലുകാരിയായ സുൽത്താന ഖാനാണ് ഇൗ കിടിലം. യുവതിയും മകളും ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

പെരുമഴയ്ക്കിടെ അടുത്തുള്ള കാട്ടിൽ നിന്നാണ് സുൽത്താനയുടെ കുടിലിലേക്ക് പാമ്പ് എത്തിയത്. ആഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന പതിനേഴുകാരിയായ മകൾക്കാണ് ആദ്യം കടിയേറ്റത്. ഇതുകണ്ട സുൽത്താന പാമ്പിനെ പിടികൂടാൻ ശ്രമിച്ചു. കടിച്ച പാമ്പുമായി പോയാൽ മകളുടെ ചികിത്സ എളുപ്പമാകുമെന്ന് കരുതിയാണ് ഇൗ സാഹസത്തിന് മുതിർന്നത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏറെ പണിപ്പെട്ട് ഒടുവിൽ പാമ്പിനെ പിടികൂടി. പിന്നെ മകളെയുംകൂട്ടി നേരെ ആശുപത്രിയിലേക്ക് വിട്ടു. ഇൗ സമയത്താണ് സുൽത്താനയ്ക്കും കടിയേറ്റത്. എന്നിട്ടും പിടിവിട്ടില്ല.

കൈയിൽ പിടയ്ക്കുന്ന പാമ്പുമായി കയറിവന്ന സുൽത്താനയെ കണ്ട് ആശുപത്രിയിലുണ്ടായിരുന്നവർ പേടിച്ചോടി. ഡോക്ടർമാരും ഭയന്നുവിറച്ചു. അണലിയാണ് ഇതെന്ന് ആർക്കും പിടികിട്ടിയതുമില്ല. ഒടുവിൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് അണലിയാണിതെന്ന് വ്യക്തമായത്.