കല്ലമ്പലം: സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോമർ നാട്ടുകാർക്കും യാത്രക്കാർക്കും മൃഗങ്ങൾക്കും ഭീഷണിയാവുന്നതായി പരാതി. നാവായിക്കുളം പഞ്ചായത്തിലെ കോട്ടറക്കോണത്താണ് അപകടക്കെണിയായി മടവൂർ വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള ട്രാൻസ്ഫോമർ ഉള്ളത്. സുരക്ഷാ വേലിയില്ലാത്തതിനാൽ ഇതുവഴി വിദ്യാർത്ഥികളെ തനിച്ച് വിടാൻ രക്ഷിതാക്കൾക്ക് ഭയമാണ്.
അടുത്തിടെ കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കുന്നതിനായി വെട്ടിമാറ്റുന്നതിനിടെ നിയന്ത്രണംതെറ്റി ബൈക്ക് യാത്രികൻ ട്രാൻസ്ഫോമറിന് സമീപം തെറിച്ചു വീണിരുന്നു. ഭാഗ്യം കൊണ്ട് അപകടം തലനാരിഴയ്ക്ക് ഒഴിവാവുകയായിരുന്നു. ഇതിനു സമീപം കാലികളെ മേയാൻ കെട്ടുന്നതും ഭീതിയോടെയാണ്. അടിയന്തരമായി ട്രാൻസ്ഫോമറിന് സംരക്ഷണ വേലി കെട്ടി ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.