ബാലരാമപുരം: പുസ്തകത്തിലെ പാഠഭാഗങ്ങൾ പ്രവൃത്തിയിലൂടെ മനസിലാക്കാൻ ക്ലാസ് മുറിയിൽ നിന്നും പാടത്തേക്ക് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾക്കത് വേറിട്ട അനുഭവമായി. തലയൽ ദേവിവിലാസം യു.പി. സ്കൂളിലെ വിദ്യാർത്ഥികളാണ് അയ്യപ്പൻനായരുടെ തലയൽ പാടത്ത് കൃഷി അഭ്യസിക്കാൻ ഇറങ്ങിയത്. കർഷകപ്രതിഭകളായ അയ്യപ്പൻ നായരും ശ്രീകണ്ഠൻ നായരും അവർക്ക് കൃഷി പഠിപ്പിക്കുന്ന മാഷുമാരായി. നാട്ടറിവും സമ്മിശ്ര കൃഷിരീതികളും ജൈവകർഷകരീതിയും അടുക്കളത്തോട്ട നിർമ്മാണവുമെല്ലാം കുട്ടികൾക്ക് ഇവർ പകർന്നു നൽകി. ഏഴാംക്ലാസിലെ അടിസ്ഥാന ശാസ്ത്രം പുസ്തകത്തിലെ മണ്ണിൽ പൊന്ന് വിളയിക്കാം എന്ന പാഠഭാഗത്തെ നേരിട്ടറിയാനാണ് അദ്ധ്യാപികമാരായ എ.സുനിയും ശ്രീദേവിയും എസ്.സിനിയും കുട്ടികളെയും കൂട്ടി പാടത്തേക്കിറങ്ങിയത്. കർഷക പുരസ്കാര ജേതാവ് അയ്യപ്പൻ നായരുടെ രണ്ടേക്കറോളം വരുന്ന കൃഷിഭൂമിയിൽ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു. മൂന്ന് വർഷത്തിനകം കായ്ക്കുന്ന തെങ്ങിൻ തോപ്പിൽ ഇടവിളയായി ഇറക്കിയ മത്തൻ, പയർ, വെണ്ട, പാവൽ, വാഴ, റെഡ് ലേഡി, പപ്പായ എന്നിവയുടെ വിത്തിടൽ മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങൾ കുട്ടികൾ മനസിലാക്കി. സമ്മിശ്ര കൃഷിരീതിയുടെ ഭാഗമായി ആട്, കോഴി, പശു വളർത്തൽ എന്നിവയിൽ നിന്നു ലഭിക്കുന്ന വിസർജ്യങ്ങൾ മറ്റ് കൃഷികൾക്ക് ഉപയോഗിക്കുന്നവിധം, മണ്ണിര കമ്പോസ്റ്റ് നിർമ്മാണം എന്നിവയും കുട്ടികൾ നേരിട്ടുകണ്ടു. ജൈവകൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയും ഇവർ കുട്ടികളുമായി പങ്കുവച്ചു. തെങ്ങിൻതൈ നടുമ്പോൾ ചിതലിനെ ഒഴിവാക്കാൻ കൂവച്ചെടി വച്ചുപിടിപ്പിക്കണം, പാടത്ത് പണിയെടുക്കുമ്പോൾ മുറിവ് പറ്റിയാൽ പെരുവെലം കുരുന്നിലയുടെ നീരൊഴിക്കണം തുടങ്ങിയ നാട്ടറിവുകളും കർഷകർ പങ്കുവച്ചു. 1995ൽ ടെലികമ്മ്യൂണിക്കേഷൻസിൽ നിന്ന് വിരമിച്ച ശേഷം കൃഷിയിൽ സജീവമാണ് അയ്യപ്പൻ നായർ. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.