മൂന്ന് ദശാബ്ദക്കാലം മലയാളികളുടെ പൊതുജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ജീനിയസായിരുന്നു കെ. ബാലകൃഷ്ണൻ. കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ പിതാവായ സി. കേശവൻ രാജ്യദ്റോഹക്കുറ്റം ചുമത്തി തുറുങ്കിലടയ്ക്കപ്പെട്ടു. സി. കേശവനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിൽ കോൺഗ്രസ് നടത്തിയ വമ്പിച്ച പ്രതിഷേധയോഗങ്ങളിൽ പാട്ടുപാടിക്കൊണ്ട് പ്രത്യക്ഷപ്പെട്ട 16 വയസുകാരനായ കെ. ബാലകൃഷ്ണൻ കുറഞ്ഞ കാലത്തിനുള്ളിൽ വാഗ്ധോരണിയാൽ ആയിരങ്ങളെ അടക്കിവാഴുന്ന വാഗ്മിയായി. തിരുവിതാംകൂറിലെ സ്റ്റുഡന്റസ് കോൺഗ്രസ് എന്ന ധീരവിപ്ളവ പ്രസ്ഥാനത്തിന്റെ മുൻനിരയിലേക്കുള്ള ബാലകൃഷ്ണന്റെ വളർച്ച ധ്രുതവേഗത്തിലായിരുന്നു.
1946 ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വൈസ് ചാൻസിലറായിരുന്ന ദിവാൻ സർ സി.പിക്കു മുന്നിൽ ഹാജരായി സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചത് കോളിളക്കമുണ്ടാക്കി.
കാശ്മീരിൽ പ്രിയങ്കരനായ നേതാവ് ജവഹർലാൽ നെഹ്റു പൊലീസ് മർദ്ദനത്തിന് ഇരയായതിൽ ക്ഷോഭിച്ച് പഠിപ്പുമുടക്കിയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളോട് ' ജവഹർലാലിന്റെ ശരീരത്തിൽ നിന്നും തെറിച്ചുവീണ ചോരത്തുള്ളികൾക്കു പകരം ഇന്ത്യയിലെ രാജസിംഹാസനങ്ങളായിരിക്കും ജനങ്ങൾ തട്ടിത്തെറിപ്പിക്കുക" എന്ന് പ്രസംഗിച്ച അദ്ദേഹം വിദ്യാർത്ഥികളെ ദിവാനെതിരായ സമരത്തിലേക്ക് നയിച്ചു. വിദ്യാർത്ഥിയായി ആദ്യ ദിവസം യൂണിവേഴ്സിറ്റി കോളേജിലേക്ക് ചെല്ലുമ്പോൾ കണ്ട ഉദ്വേഗജനകമായ ആ കാഴ്ചയെക്കുറിച്ച് കവി ഒ.എൻ.വി. വീരാരാധനയോടെ എഴുതിയിട്ടുണ്ട്. ഇൗ പ്രസംഗത്തിന്റെ പേരിൽ കെ. ബാലകൃഷ്ണൻ ജയിലിലടയ്ക്കപ്പെട്ടു.
അദ്ദേഹത്തിന്റെ പിതാവ് സി. കേശവൻ, കുമ്പളത്തു ശങ്കുപിള്ള, പി.ടി. പുന്നൂസ്, എം.എൻ. ഗോവിന്ദൻ നായർ, എൻ. ശ്രീകണ്ഠൻ നായർ തുടങ്ങിയ നേതാക്കൾ ആനന്ദാശ്രുക്കളോടെയാണ് സെൻട്രൽ ജയിലിലെത്തിയ ബാലനെ സ്വീകരിച്ചത്. അന്നുമുതൽ കെ. ബാലകൃഷ്ണൻ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ജ്വാലയായി തിളങ്ങി. പുന്നപ്ര വയലാർ സമരം കഴിഞ്ഞ് അനേകർ സർ സി.പിയുടെ പട്ടാളത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടു. ആയിരങ്ങൾ കിരാത മർദ്ദനത്തിനിരയായി. അപമാനഭയത്താൽ സ്ത്രീകൾ നാടുവിട്ടു. പട്ടാളത്തെയും ഒറ്റുകാരെയും ഭയന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരും നേതാക്കളും ഒളിവിൽ പോയി. ആലപ്പുഴ ശ്മശാനഭൂമി പോലെയായി. ശേഷിച്ച ജനങ്ങൾക്ക് ധൈര്യം പകർന്നുകൊണ്ട് ആദ്യമായി അവിടം സന്ദർശിച്ച ജനനേതാവ് അശോക് മേത്തയായിരുന്നു. അദ്ദേഹത്തിനൊപ്പം കെ. ബാലകൃഷ്ണനും. ഇരുവരും വികാരഭരിതമായ പ്രസംഗങ്ങളിലൂടെ നിരോധനങ്ങളെ കാറ്റിൽ പറത്തി. സംഹാരരുദ്രനെപ്പോലെയോ ദുഃഖം കടിച്ചമർത്തിയ പോരാളിയെപ്പോലെയോ ബാലകൃഷ്ണൻ നടത്തിയ പര്യടനം ഒളിവിൽ പോയവർക്ക് മടങ്ങിവരാൻ ധൈര്യമേകി. വിപദിധൈര്യവും അപൂർവ വാക്ചാതുരിയുമുള്ള ജനപ്രിയ നേതാവായി കെ. ബാലകൃഷ്ണൻ. തുടർന്ന് കെ.എസ്.പിയുടെ തിരുവിതാംകൂർ കമ്മിറ്റി സെക്രട്ടറിയായി. അനിതരസാധാരണമായ പാണ്ഡിത്യവും വാഗ്മിത്വവും കൊണ്ട് നിയമസഭയെയും അമ്പലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമെന്ന നിലയിൽ പാർലമെന്റിനെയും സജീവമാക്കി.
രാഷ്ട്രീയക്കാരനായ കെ. ബാലകൃഷ്ണനെക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു കെ. ബാലകൃഷ്ണനായിരുന്നു. 'കൗമുദി ബാലകൃഷ്ണൻ". കേരളകൗമുദി സ്ഥാപകനായ സി.വി. കുഞ്ഞുരാമന്റെ ചെറുമകനും പത്രാധിപർ കെ.സുകുമാരന്റെ അനന്തരവനുമായ കെ. ബാലകൃഷ്ണൻ ആരംഭിച്ച 'കൗമുദി വാരിക" വായിക്കുന്ന തലമുറയുടെ ഹരമായിരുന്നു. സ്വന്തം കൈയൊപ്പിട്ട പ്രൗഢങ്ങളും ചിന്തോദ്ദീപകങ്ങളുമായ മുഖപ്രസംഗങ്ങൾ, അനീതികൾക്കെതിരെ തൊടുത്തുവിടുന്ന ലക്ഷ്യവേധികളായ വാക്ശരങ്ങൾ, സാഹിത്യ സാംസ്കാരിക കലാരംഗങ്ങളുടെ പരിച്ഛേദങ്ങൾ, നർമോക്തികൾ നിറഞ്ഞ ചോദ്യോത്തരങ്ങൾ എന്നിവയാൽ കൗമുദി സമ്പന്നമാക്കപ്പെട്ടു.
മലയാളത്തിന്റെ മഹാകവികളായും പുരസ്കാര ജേതാക്കളായും നിരൂപണകേസരികളായും നോവലിസ്റ്റുകളായും അറിയപ്പെട്ടവരിൽ അധികവും എഴുതിത്തുടങ്ങിയത് കൗമുദി വാരികയിലാണ്. മലയാളത്തിനുമപ്പുറം അറിയപ്പെടുന്ന പത്രാധിപർ കെ. ബാലകൃഷ്ണന് സമുന്നത ഇന്ത്യൻ എഴുത്തുകാരായ മുൽഖ് രാജ് ആനന്ദ്, കിഷൻചന്ദർ കെ.എ അബാസ്, വി.പി. സാഠെ, പ്രശസ്ത നർത്തകി മൃണാളിനി സാരാഭായി തുടങ്ങിയവരെയൊക്കെ കൗമുദി വാരികയിലെ കോളമിസ്റ്റുകളാക്കാൻ കഴിഞ്ഞു. മലയാള പത്രരംഗത്ത് പംക്തികൾക്കും കലാവിമർശനത്തിനും നാന്ദികുറിച്ചത് കൗമുദിയും കെ. ബാലകൃഷ്ണനുമായിരുന്നു. കൗമുദി ഒാണം വിശേഷാൽപ്രതിയിൽ സ്വന്തം കഥയോ കവിതയോ ലേഖനമോ അച്ചടിക്കുന്നത് വലിയ പുരസ്കാരത്തേക്കാൾ അഭിമാനകരമായിരുന്നു സാഹിത്യകാരന്മാർക്ക്.
ഒരു പ്രസിദ്ധീകരണം എങ്ങനെ ഒരാൾക്ക് സ്വന്തം സാമ്രാജ്യമാക്കാമെന്ന് തെളിയിച്ച ഒരു പത്രാധിപരെ കെ. ബാലകൃഷ്ണന് മുൻപും പിൻപും മലയാളം കണ്ടിട്ടില്ല. കേസരി ബാലകൃഷ്ണപിള്ളയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും മാത്രമായിരുന്നു ഇതിനൊരപവാദം.
കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന സ്വതന്ത്രകേരളവും മാർക്സിയൻ സോഷ്യലിസവും ഇവിടെ നടപ്പാക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്ന പാർട്ടിയായിരുന്നു കേരള സോഷ്യലിസ്റ്റ് പാർട്ടി. 1940 മുതൽ അഖിലേന്ത്യാതലത്തിൽ പ്രവർത്തിച്ചുവന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുമായി കെ.എസ്.പി ലയിക്കുന്നതിൽ മുഖ്യകാരണക്കാരൻ കെ. ബാലകൃഷ്ണനായിരുന്നു. ആർ.എസ്.പി, കെ.എസ്.പി ലയനത്തിന് കൽക്കട്ടയിൽ പോയി കൂടിയാലോചനകൾ നടത്താൻ പാർട്ടി ചുമതലപ്പെടുത്തിയ രണ്ടുപേർ കെ. ബാലകൃഷ്ണനും ചങ്ങരപ്പള്ളി നാരായണൻ പോറ്റിയുമായിരുന്നു. 'ഞങ്ങളാണ് കേരളത്തിൽ ആർ.എസ്.പിക്ക് കാരണക്കാർ" എന്ന് കെ. ബാലകൃഷ്ണൻ തമാശരൂപേണ പറയുമായിരുന്നു.