തിരുവനന്തപുരം:സർക്കാരിന് നാണക്കേടുണ്ടാക്കി വീഴ്ചകളിലേക്ക് കൂപ്പുകുത്തുകയാണ് പൊലീസ്. കൊച്ചിയിൽ ഇരുപതുകാരനെ കാണാതായെന്ന പിതാവിന്റെ പരാതി പനങ്ങാട് പൊലീസ് പൂഴ്‌ത്തിയതും വീട്ടുകാരോട് അന്വേഷിക്കാൻ നിർദ്ദേശിച്ചതുമാണ് നാണക്കേടായത്. ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജിനൽകിയപ്പോഴാണ് പൊലീസ് അനങ്ങിയത്.
കാണാതായെന്ന പരാതികളിൽ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് അന്വേഷിക്കണമെന്നും പ്രത്യേകസംഘം രൂപീകരിക്കണമെന്നുമുള്ള നിർദ്ദേശം പൊലീസ് വകവയ്ക്കുന്നില്ല. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥരുടെ യോഗത്തിൽ തെറ്റുതിരുത്തലിന് തുടക്കമാവും.
കൊച്ചിയിലെ സി.എ വിദ്യാർത്ഥിനി മിഷേൽഷാജിയെ കാണാതായതായപ്പോൾ മാതാപിതാക്കൾ സ്റ്റേഷനുകളിൽ കയറിയിറങ്ങിയിട്ടും അന്വേഷണം നടത്തിയില്ല. തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം പിന്നീട് കോട്ടയത്തും ലംഘിക്കപ്പെട്ടു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരംകിട്ടിയിട്ടും കേസെടുക്കാതെ, പ്രതികളുമായി പൊലീസ് ഒത്തുകളിച്ചു.
കേസുകളിൽ ഐ.പി.സി,സി.ആർ.പി.സി പ്രകാരം നടപടികളെടുക്കണമെന്ന് പൊലീസിന് സർക്കാർ കർശന നിർദ്ദേശം നൽകും. സ്റ്റേഷനുകളിൽ ലഭിക്കുന്ന വിവരപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കണം. വീഴ്‌ചവരുത്തുന്നവരെ സംരക്ഷിക്കില്ല.
6 പ്രശ്‌നങ്ങൾ
രാഷ്ട്രീയം
സേനയിൽ രാഷ്ട്രീയ ചേരിതിരിവ് രൂക്ഷം. രാഷ്ട്രീയ അതിപ്രസരം സേനയുടെ വിശ്വാസ്യത തകർക്കുമെന്ന് ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട്.
ഏകോപനം
അഞ്ച് ജില്ലകളുടെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരെ സിറ്റികളിൽ കമ്മിഷണർമാരാക്കിയും റേഞ്ചുകളിൽ ഐ.ജിക്ക് പകരം ഡി.ഐ.ജിമാരെ നിയോഗിച്ചും ഉത്തര-ദക്ഷിണ അഡി.ഡി.ജി.പിമാരെ ഒഴിവാക്കിയുമുള്ള പരീക്ഷണത്തോടെ ഏകോപനം പാളി.
അസംതൃപ്തി
ഡി.ജി.പി, എ.ഡി.ജി.പി റാങ്കിൽ ഇരുപതിലേറെ ഉദ്യോഗസ്ഥരുണ്ടെങ്കിലും ക്രമസമാധാനം രണ്ടുപേർക്ക്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺശ്രീവാസ്തവയുടെ വാക്കുകേട്ട് പൊലീസ് സംവിധാനം പൊളിച്ചുപണിഞ്ഞതിൽ ഉന്നതഉദ്യോഗസ്ഥർക്ക് അസംതൃപ്തി.
നിയന്ത്രണം
പൊലീസിൽ സർക്കാരിന്റെ പിടി അയഞ്ഞു. പൊലീസ് നേതൃത്വത്തിന് താഴേത്തട്ടിൽ നിയന്ത്രണമില്ല. ഡി.ജി.പി ലോക്നാഥ് ബെഹറയുടെ തലയ്‌ക്ക് മീതേ മുൻഡി.ജി.പി രമൺശ്രീവാസ്‌തവ സേനയെ ഭരിക്കുന്നു. നിയമനങ്ങളെല്ലാം രാഷ്ട്രീയശുപാർശയിൽ.
നിയമാവബോധം
സേനയിൽ നിയമപരിജ്ഞാനമുള്ളവർ കുറവ്.
പൊലീസ് മാന്വൽ പഠിപ്പിക്കുന്നതും ഡിവൈ.എസ്.പിമാർ പരീക്ഷ നടത്തിയിരുന്നതും നിറുത്തി. എസ്.ഐമാർക്കുവരെ നല്ലനടപ്പ് പരിശീലനവും അവസാനിപ്പിച്ചു.
നടപടി
സ്ത്രീകളോട് ധാർഷ്ട്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്നവരെ പിരിച്ചുവിടാം. ഇത് പ്രയോഗിക്കാറേയില്ല. കേസിൽപെട്ടാൽ ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. എസ്.ഐക്കെതിരായ വകുപ്പുതലഅന്വേഷണം തീരാൻ 15വർഷം കഴിയും. അപ്പോഴേക്കും മൂത്തുമൂത്ത് ഡിവൈ.എസ്.പിയാവും.