തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെയും അനുബന്ധ റോഡുകളുടെ നിർമ്മാണത്തിന്റെയും ഡി.പി.ആർ കിഫ്ബിയിൽ അംഗീകാരത്തിന് സമർപ്പിച്ചതായും പദ്ധതി യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി ജി. സുധാകരൻ അറിയിച്ചു. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന ആക്‌ഷൻ കൗൺസിൽ ഭാരവാഹികളുടെയും നേതാക്കളുടെയും ഇന്നലെ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കിഫ്ബി സി.ഇ.ഒ ഡോ.കെ.എം. അബ്രഹാം, നിരത്ത് വിഭാഗം ചീഫ് എൻജിനീയർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മോണറ്ററിംഗ് യൂണിറ്റ് പ്രോജക്ട് ഡയറക്ടർ വി.വി. ബിനു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വട്ടിയൂർക്കാവ് ജംഗ്ഷനും അനുബന്ധ റോഡുകളും വികസിപ്പിക്കുന്നതിന് 2017-18 ബഡ്ജറ്റിൽ 100 കോടി രൂപ കിഫ്ബി പദ്ധതിയിൽപ്പെടുത്തി അനുവദിച്ചിരുന്നു. അതനുസരിച്ച് എസ്.പി.വി ആയി കേരള റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. ആവശ്യമായ ഫണ്ട് നൽകാൻ തയ്യാറാണെന്ന് യോഗത്തിൽ പങ്കെടുത്ത കിഫ്ബി സി.ഇ.ഒ ഡോ.കെ.എം. എബ്രഹാം അറിയിച്ചു. പദ്ധതി നടത്തിപ്പിന് പൊതുമരാമത്ത് വകുപ്പ് പൂർണ സജ്ജമാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് ട്രിഡയെ ചുമതലപ്പെടുത്തിയതായി കിഫ്ബി സി.ഇ.ഒ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് റവന്യുവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ സംയുക്തയോഗം വിളിക്കുമെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു.