മുടപുരം: തീരദേശമേഖലയുടെ വളർച്ചയ്ക്ക് ആശ്രയമായിരുന്ന കയർമേഖല തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും പല കയർസംഘങ്ങളെയും വലച്ച് ഉത്പാദനച്ചെലവ്. മുൻ വർഷങ്ങളെക്കാൾ കയർ ഉത്പാദനച്ചെലവ് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ആനുപാതികമായി കയർവില കൂട്ടാത്തതാണ് സംഘങ്ങൾക്ക് തിരിച്ചടിയായത്. തൊഴിലാളികൾക്കുള്ള കൂലി സംസ്ഥാന സർക്കാർ ജനുവരി മുതൽ 50 രൂപ വർദ്ധിപ്പിച്ചെങ്കിലും ഈ തുക കയർ സംഘങ്ങളോ ഉത്പാദകരോ നൽകേണ്ട അവസ്ഥയാണ്. കൂലി കുറയുന്നതും ജോലിയുടെ സ്ഥിരതക്കുറവുമാണ് തൊഴിലാളികളെ കയർമേഖലയിൽ നിന്നു നേരത്തേ അകറ്റിയിരുന്നത്. വിവിധ സർക്കാരുകൾ നടപ്പാക്കിയ പുനരുദ്ധാരണ പദ്ധതികളെ തുടർന്ന് കയർമേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുമ്പോഴാണ് ഉത്പാദനച്ചെലവിലെ വർദ്ധന തിരിച്ചടിയാകുന്നത്. കയറിന്റെ സംഭരണവില ഉയർത്തി കയർസംഘങ്ങളെ സഹായിക്കണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.

പച്ചത്തൊണ്ട് ലഭിക്കുന്നില്ല

​​​​​​​​​​----------------------------------

പച്ചത്തൊണ്ട് ലഭിച്ചു തുടങ്ങിയെങ്കിലും വില കുത്തനെ കൂടിയതാണ് ജില്ലയിലെ കയർവ്യവസായത്തിനുള്ള നിലവിലെ ഭീഷണി.

തൊണ്ട് കച്ചവടക്കാർ കൂടിയ വില കൊടുത്ത് തൊണ്ട് സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്നെന്ന് പരാതിയുണ്ടായിരുന്നു.

തൊണ്ടിന്റെ വില
--------------------------------

കഴിഞ്ഞ വർഷം 1000 തൊണ്ടിന് - 12,000 രൂപ

ഈ വർഷം 1000 തൊണ്ടിന് - 27,000 രൂപ

പ്രധാന പ്രശ്‌നങ്ങൾ
--------------------------------------
 കയർ ഉത്പാദനച്ചെലവിൽ വൻ വർദ്ധന
 പച്ചത്തൊണ്ട് ലഭിക്കാനുള്ള ബുദ്ധിമുട്ട്
തൊണ്ട് തല്ലാനുള്ള സൗകര്യം പരിമിതം
 കയറിന്റെ സംഭരണ വില ഉയർത്തണം
 തൊഴിലാളികളുടെ ലഭ്യതക്കുറവ്

ജില്ലയിലെ കയർസംഘങ്ങൾ

------------------------------------------------------------

 1980 - 87= 58
 2018 = 52

സംസ്ഥാനത്ത് കയർഫെഡ് സംഭരിച്ച കയർ (ക്വിന്റലിൽ)

----------------------------------------------------
2014 -15 -- 65,379

2015 -16 -- 78,820

2016 -17 -- 99,794

2017 -18 -- 1,25,067

2018 -19 -- 1,55,036

കയർ ഉത്പാദനം (ജില്ലയിൽ)

------------------------

കഴിഞ്ഞ വർഷം - 5477 ക്വിന്റൽ

ഈ വർഷം - 5749 ക്വിന്റൽ

കൂലി - 350 രൂപ (ഇതിൽ 240 രൂപ കയർസംഘവും

110 രൂപ വരുമാന ഉറപ്പ് പദ്ധതി വഴി സർക്കാരും നൽകണം)

'' ഉത്പാദനച്ചെലവിന് അനുസൃതമായി കയറിന്റെ വില സർക്കാർ വർദ്ധിപ്പിക്കണം. വർദ്ധിപ്പിച്ച കൂലി സർക്കാർ വിഹിതമായി

നൽകണം. കയർത്തൊഴിലാളികൾക്ക് നൽകാനുള്ള മാർച്ച് മുതലുള്ള ശമ്പള കുടിശിക അനുവദിക്കണം''

- സി. സുര, പ്രസിഡന്റ്, അഴൂർ കുഴിയം

കയർ വ്യവസായ സഹകരണ സംഘം