pazavangadi

തിരുവനന്തപുരം: വാദ്യമേളങ്ങളും വായ്‌ക്കുരവയും വിനായക സ്തുതികളും നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടന്നു. കഴിഞ്ഞ അഞ്ചിന് തുടങ്ങിയ പുനരുദ്ധാരണ പൂജയുടെ പരിസമാപ്‌തി കുറിച്ച് ഇന്നലെ രാവിലെ 11നും 11.40നും ഇടയ്ക്കാണ്‌ ക്ഷേത്ര തന്ത്രി ദേവനാരായണൻപോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാ കർമ്മം നടന്നത്. ഗണപതിഭഗവാന്റെ പ്രതിഷ്ഠയ്ക്കുശേഷം അഷ്ടബന്ധം ചാർത്തി ഉറപ്പിച്ചു. താഴികക്കുടങ്ങളിൽ കുംഭാഭിഷേകം പൂർത്തിയാകുന്നതുവരെ ക്ഷേത്ര പരിസരത്ത് വൻതിരക്കായിരുന്നു. വിഘ്‌ന നിവാരണ ദേവനായ കാഞ്ചന ഗണപതിയെ കൺനിറയെ കണ്ട് തൊഴുതുമടങ്ങാൻ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു .

തമിഴ് ശൈലിയിൽ നേരത്തേയുള്ള ഗോപുരം മാറ്റി കേരളീയ വാസ്തുശില്പ ശൈലിയിലാണ് പുതിയ ഗോപുരം പണിതത്. വലതുകാൽ മടക്കിവച്ച് വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിക്കുന്ന ചതുർബാഹുവായ ഗണപതിക്കൊപ്പം വേട്ടയ്ക്കൊരുമകനും ദുർഗാ ഭഗവതിയും നാഗദൈവങ്ങളുമാണ് ഉപദേവതകൾ. നാഗരാജാവും നാഗയക്ഷിയും ചിത്രകൂടവും ഉൾപ്പെടുന്നതാണ് നാഗദൈവ പ്രതിഷ്ഠ.
തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി, മദ്രാസ് റെജിമെന്റ് മേധാവി ലഫ്. ജനറൽ രാജീവ് ചോപ്ര എന്നിവർ കുംഭാഭിഷേക ചടങ്ങിൽ മുഖ്യാതിഥികളായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, സൈനിക മേധാവികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കുകൊണ്ടു.

16ന് മഹാഗണപതി ഹോമം

ഇന്നും നാളെയുമായി വലിയഗണപതിഹോമം, ദ്രവ്യകലശം എന്നിവ നടക്കും. 16ന് 1008 നാളികേരത്തിൽ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ അവസാനിക്കും. ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമെന്റ് നോക്കിനടത്തുന്നതാണ് ഈ ക്ഷേത്രം. 2017 ൽ സഹസ്രകലശം നടത്തുമ്പോൾ ക്ഷേത്ര തന്ത്രി ചൂണ്ടിക്കാട്ടിയതനുസരിച്ചാണ് 2018 മേയിൽ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചത്.