orthadox-church
ORTHADOX CHURCH,ORTHODOX COMMITTEE THEME

തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള കോലഞ്ചേരി പള്ളിത്തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി നടത്തിയ ശ്രമം ഫലംകണ്ടില്ല. ഒരുമിച്ചിരുന്ന് പ്രശ്നം ചർച്ചചെയ്യാൻ തയ്യാറല്ലെന്ന നിലപാട് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചതിനാൽ രണ്ട് വിഭാഗവുമായും വെവ്വേറെ ചർച്ചയാണ് ഇന്നലെ നടത്തിയത്. നേരത്തേ ചർച്ചയ്ക്ക് ക്ഷണിച്ചപ്പോൾ പങ്കെടുക്കാൻ ഓർത്തഡോക്സ് വിഭാഗം താത്പര്യം കാട്ടിയിരുന്നില്ല. ഇത്തവണ ഉപസമിതി ചെയർമാനുമായി ചർച്ചയ്ക്ക് തയ്യാറായി. ഇരു കൂട്ടരുമായും ചർച്ച തുടരുമെന്ന് ഉപസമിതി ചെയർമാൻ മന്ത്രി ഇ.പി. ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കായംകുളത്ത് മരിച്ച വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ കഴിയാത്തവിധം അഭിപ്രായ ഭിന്നത രൂക്ഷമായ ഘട്ടത്തിലാണ് സർക്കാർ അനുനയ ശ്രമം നടത്തിയത്. ഒരുമിച്ചിരുന്നുള്ള ചർച്ചയ്ക്ക്‌ തങ്ങൾ തയ്യാറല്ലെന്ന് ഓർത്തഡോക്സ് പക്ഷം ആദ്യമേ വ്യക്തമാക്കി. എന്നാൽ ഉപസമിതി നടത്തിയ ചർച്ചയിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് യാക്കോബായ വിഭാഗം പറഞ്ഞു. തർക്കം നിയമപ്രശ്നം മാത്രമല്ലെന്നും വിശ്വാസത്തിന്റെ പ്രശ്നം കൂടിയാണെന്നും ഡോ. കുര്യാക്കോസ് തിയോഫിലോസ് പറഞ്ഞു. മൃതദേഹം സംസ്കരിക്കാൻ സൗകര്യമുണ്ടാവണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ചർച്ച നടത്തി സമവായത്തിൽ പ്രശ്നപരിഹാരമുണ്ടാവണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കിയത്.

സുപ്രീംകോടതിയുടെ വിധി അംഗീകരിച്ച്, വിധിയുടെ അന്തഃസത്ത നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന പരാമർശം വിധിയിൽ ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.