ramesh-cheniithala

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ അഭാവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ടൂറിസം വകുപ്പ് അനുവദിച്ച വാഹനം പണിമുടക്കി; ഒടുവിൽ വീടുപിടിക്കാൻ ആശ്രയമായത് ആട്ടോറിക്ഷ. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പേട്ട റെയിൽവേ സ്റ്റേഷനു മുന്നിലാണ് സംഭവം.

ഹരിപ്പാട്ട് ചില പരിപാടികളിൽ പങ്കെടുത്ത ശേഷം വൈകിട്ട് തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തി വേണാട് എക്സ്‌പ്രസിലാണ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് തിരിച്ചത്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഔദ്യോഗിക കാറിലും. തിരുവനന്തപുരത്തെത്തുമ്പോൾ പ്രതിപക്ഷ നേതാവിന് വീട്ടിലേക്ക് പോകാൻ പകരം വാഹനം പേഴ്സണൽ സ്റ്റാഫ് ഏർപ്പാടാക്കിയിരുന്നു. ഔദ്യോഗിക വാഹനം ഇല്ലാത്ത അവസരങ്ങളിൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും ടൂറിസം വകുപ്പാണ് വാഹനം ഏർപ്പാടാക്കുക. മിക്കപ്പോഴും മന്ത്രിമാരടക്കമുള്ളവർ തിരക്ക് ഒഴിവാക്കാൻ പേട്ട സ്റ്റേഷനിലാണ് ഇറങ്ങാറ്. അതിൻപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം അവിടെ കാത്തുകിടന്നു. പ്രതിപക്ഷ നേതാവ് കയറിയിരുന്നെങ്കിലും വാഹനം സ്റ്റാർട്ടായില്ല. ഏറെ പണിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ക്ഷമകെട്ട പ്രതിപക്ഷ നേതാവും പി.എയും ഗൺമാനും ആട്ടോറിക്ഷയിൽ കയറി ഔദ്യോഗിക വസതിയിലേക്കു പോയി. തന്നെ വലച്ചെങ്കിലും ഈ പ്രശ്നത്തിൽ പരാതി നൽകാനില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്.