anappade-palam

മലയിൻകീഴ്: വർഷങ്ങൾ പഴക്കമുള്ള, ജീർണാവസ്ഥയിലായ അണപ്പാട് - ചീനിവിള പാലം നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കേട്ട മട്ടില്ല. നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് തകർന്ന ഇടുങ്ങിയ പാലത്തിന്റെ കൈവരി അടുത്തിടെ ശരിയാക്കിയെങ്കിലും പാലമിപ്പോഴും അപകടാവസ്ഥയിലാണ്. പാലത്തിന് സമീപത്തെ ട്രാൻസ്‌ഫോർമർ കഴിഞ്ഞ മഴയിൽ തകർന്നിരുന്നു. മാസങ്ങൾക്ക് ശേഷമാണ് കെ.എസ്.ഇ.ബി അത് അവിടെ നിന്ന് മാറ്റി സ്ഥാപിച്ചത്. പാലത്തിന്റെ തകർന്ന കരിങ്കൽ കെട്ട് വീണ്ടും കെട്ടിയെങ്കിലും കഴിഞ്ഞ മഴയിൽ വീണ്ടും തകർന്നു. തകർന്ന ഭാഗം അധികൃതരെത്തി പുട്ടിതേച്ച് പെയിന്റിംഗ് ചെയ്തിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് അടുത്തിടെ പാലത്തിൽ പെയിന്റടിച്ചതൊഴിച്ചാൽ അപകടാവസ്ഥ മാറ്റാൻ ഒന്നും ചെയ്തിട്ടില്ല. പോങ്ങുംമൂട് നിന്ന് മലയിൻകീഴ് എത്തുന്നതിനുള്ള എളുപ്പ മാർഗമാണിത്. ക്രൈസ്റ്റ് നഗർ കോളേജ്, ഡി.വി.എം.എൻ.എൻ.എം ഹയർസെക്കൻഡറി സ്കൂൾ, കണ്ടല സർക്കാർ സ്കൂൾ, സഹകരണ ബാങ്ക്, ആശുപത്രി എന്നിവയിലെത്താനും ഈ റോഡ് തന്നെയാണ് ആശ്രയം. അടുത്തിടെ റോഡ് റീടാറിംഗ് നടത്തി നവീകരിച്ചതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി അമിത വേഗത്തിൽ പോകുന്നത്. പാലത്തിന്റെ വീതി കുറവ് അപകട സാദ്ധ്യത കൂട്ടുകയാണ്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ അടുത്തെത്തുമ്പോൾ മാത്രമാണ് വീതി കുറഞ്ഞ പാലമാണെന്ന് തിരിച്ചറിയുന്നത്. റോഡിന്റെ രണ്ട് ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ പാലത്തിന് നടുവിലാകുമ്പോൾ ആരുടെ വാഹനം പിറകിലോട്ട് എടുക്കണം എന്നതു സംബന്ധിച്ച് വാക്കുതർക്കവുണ്ടാകാറുണ്ട്. ട്രാൻസ്‌ഫോർമർ തകർന്നു വീണ് പാലത്തിന് അരികിലെ റോഡിന്റെ ഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് താഴ്ന്നിരിക്കുകയാണ്. റോഡിലും വിള്ളൽ വീണിട്ടുണ്ട്. ഇനി ശക്തമായ മഴപെയ്ത് വെള്ളം നിറഞ്ഞാൽ പാലം നിലംപൊത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. ഭീതിയില്ലാതെ യാത്ര ചെയ്യാൻ അടിയന്തരമായി പുതിയ പാലം നിർമ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.