karunya-treatment

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാരുണ്യ ചികിത്സയ്‌ക്കായി 971 കോടി രൂപ സർക്കാർ അനുവദിച്ചെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കാരുണ്യ ലോട്ടറി - ചികിത്സ പദ്ധതിയെ സംബന്ധിച്ച് 10ന് കേരളകൗമുദി പ്രസിദ്ധീകരിച്ച 'സർക്കാരിന് ബമ്പർ, പാവങ്ങളോട് പിശുക്ക് ' എന്ന വാർത്തയെ വിമർശിച്ച് തന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിലാണ് കണക്കുകളെക്കുറിച്ച് പരാമർശം.

കാരുണ്യ ലോട്ടറിയിൽ നിന്ന് 1,113 കോടി രൂപ കിട്ടിയപ്പോൾ ഈ മൂന്നു വർഷം കാരുണ്യ ചികിത്സാ ബില്ലുകൾ മാറാനായി 1,189.2 കോടി രൂപയുടെ ചികിത്സാനുമതി നൽകി. ഇതിൽ 971 കോടി രൂപ അനുവദിച്ചു. ബാക്കി തുകയും നൽകും. കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ നിബന്ധനകൾ പാലിച്ച് അപേക്ഷിച്ച എല്ലാവർക്കും ചികിത്സാനുമതി നൽകി. 1,03,413 രോഗികൾക്കാണ് ചികിത്സാ സഹായം ഇതിനകം അനുവദിച്ചത്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 4 വർഷം കൊണ്ട് സമാഹരിച്ചത് 895.72 കോടി രൂപയാണെന്നും ചെലവഴിച്ചതാകട്ടെ 641.05 കോടി രൂപയുമാണെന്നും മന്ത്രി പറയുന്നു. പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് ചുരുങ്ങിയത് 600 - 700 കോടി രൂപ വേണ്ടി വരും. അതുകൊണ്ടാണ് മുഴുവൻ ലോട്ടറി വരുമാനവും ആരോഗ്യസുരക്ഷയ്ക്ക് മാറ്റിവയ്ക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതെന്നും മന്ത്രി പറയുന്നു.