തിരുവനന്തപുരം: രണ്ടു ദിവസം കൂടി പട്ടിണിയായിരുന്നെങ്കിൽ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ അവശനിലയിലുള്ള അഞ്ച് പശുക്കളെങ്കിലും ചാകുമായിരുന്നെന്ന് വിദഗ്ദ്ധ സംഘം. ഇന്നലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോശാല സന്ദർശിച്ച വിദഗ്ദ്ധ സംഘം പശുക്കളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു. മന്ത്രി കെ. രാജുവിന്റെ നിർദ്ദേശ പ്രകാരം ചീഫ് വെറ്ററിനറി ഓഫീസർ പ്രേംജയിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘം പശുക്കളെയും കിടാവുകളെയും പരിശോധിച്ചു. പട്ടിണിയെ തുടർന്ന് അഞ്ച് പശുക്കൾ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആഹാരം ലഭിച്ചതുകൊണ്ടു മാത്രമാണ് ഇവ രക്ഷപ്പെട്ടത്. ഇവയ്ക്ക് പ്രത്യേക മരുന്നുകൾ നൽകി. ശേഷിക്കുന്നവയിൽ ചില പശുക്കൾക്ക് ഗുരുതരമായ ത്വഗ്രോഗമുള്ളതായും കണ്ടെത്തി. തൊഴുത്തിലെ വൃത്തിഹീനമായ സാഹചര്യവും പരിപാലനത്തിലെ വീഴ്ചയുമാണ് രോഗത്തിന് കാരണം. എല്ലാ പശുക്കളുടെയും കിടാവുകളുടെയും രക്തസാമ്പിൾ ശേഖരിച്ചു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. ഇതിന് ശേഷം മറ്റ് ചികിത്സയെക്കുറിച്ച് തീരുമാനിക്കും. കേരള ഫീഡ്സ് വഴി നൽകിയ ഒരു മാസത്തേക്കുള്ള ഭക്ഷണം കഴിഞ്ഞ ദിവസം ഗോശാലയിലെത്തിച്ചു. ഇതിനുപുറമേ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇപ്പോൾ അനുവദിച്ച കാലിത്തീറ്റ തികഞ്ഞില്ലെങ്കിൽ സർക്കാർ നിർദ്ദേശമനുസരിച്ച് ഇനിയും നൽകാൻ തയ്യാറാണെന്ന് കേരള ഫീഡ്സ് എം.ഡി ഡോ. ബി. ശ്രീകുമാർ പറഞ്ഞു.