തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണ പദ്ധതിക്ക് ദേശീയവും രാജ്യാന്തരതലത്തിലുമുള്ള ധനകാര്യ ഏജൻസികളുടെ വായ്പകളും സാമ്പത്തിക, സാങ്കേതിക സഹായങ്ങളും തുടർന്നും ലഭ്യമാക്കാൻ ഈ മാസം 15ന് തിരുവനന്തപുരത്ത് കോവളം ബീച്ച് റിസോർട്ടിൽ വികസന സംഗമം (ഡെവലപ്മെന്റ് പാർട്ട്ണേഴ്സ് കോൺക്ലേവ്) സംഘടിപ്പിക്കും.
കേരള പുനർനിർമ്മാണത്തിനുള്ള അടിസ്ഥാന ആവശ്യങ്ങൾ വിവിധ വികസന പങ്കാളികളുടെ മുമ്പാകെ അവതരിപ്പിച്ച് സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നേടുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകബാങ്കിന്റെ ഇന്ത്യൻ കൺട്രി ഡയറക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നിന് വിവിധ ഏജൻസികളുടെ വിദഗ്ദ്ധരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവുമായി ജലവിഭവ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ പ്രളയാനന്തര വികസന നിർദ്ദേശങ്ങളും ബന്ധപ്പെട്ട വശങ്ങളുമാണ് ചർച്ച ചെയ്തത്. വികസനസംഗമത്തിൽ പരമാവധി ഏജൻസികളുടെ പങ്കാളിത്തത്തിന് ധാരണയായിട്ടുണ്ട്. സ്ഥാപനങ്ങളുമായി മേഖലകൾ തിരിച്ചുള്ള ധനകാര്യ ചർച്ചകൾ നടക്കും. ഏതൊക്കെ മേഖലകളിൽ വിഭവ സമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനാകുമെന്നത് സംബന്ധിച്ച ചർച്ചകൾക്കും തുടക്കം കുറിക്കും.
ലോക ബാങ്കിന്റെ 1726 കോടി,
ജർമ്മൻ ബാങ്കിന്റെ 1400 കോടി
ക്ലൈമറ്റ് റിസലിയിൻസ് പ്രോഗ്രാമിലൂടെ വികസന വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലോകബാങ്ക് ആദ്യഗഡുവായി 1726 കോടി രൂപ നൽകും. പ്രളയത്തിൽ തകർന്ന റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിക്കാൻ ജർമ്മൻ സർക്കാരിന്റെ ബാങ്കായ കെ.എഫ്.ഡബ്ളിയു 1400 കോടി നൽകുന്നതിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്.
പുനർനിർമ്മാണ
പദ്ധതി ഇങ്ങനെ:
വിഭവങ്ങളുടെ തോത്, പദ്ധതി നിർവഹണത്തിലെ സങ്കീർണതകൾ, വിവിധ വകുപ്പുകളും ഏജൻസികളുമായുള്ള ഏകോപനം എന്നിവ പ്രധാനം.
ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന പുനർനിർമ്മാണവും പുനരധിവാസവും, കാര്യക്ഷമത, പ്രക്രിയകളുടെയും നടപടികളുടെയും ലഘൂകരണം, നീതിപൂർവവും നിഷ്പക്ഷവുമായ പുനരധിവാസം എന്നിവ അടിസ്ഥാന പ്രമാണം.
പൂർണതോതിലുള്ള ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ്, കാലാവസ്ഥ - പരിസ്ഥിതി വ്യതിയാനം മൂലമുള്ള ആഘാതത്തിന്റെ ലഘൂകരണം എന്നിവ അടിസ്ഥാനശിലകൾ.
ജലവിതരണം, പൊതു ശുചിത്വം, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും റോഡുകളും പാലങ്ങളും, വനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, അതിജീവനക്ഷമതയുള്ള ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് മുൻഗണന.
സംഗമത്തിനെത്തുന്ന
പ്രധാന ഏജൻസികൾ:
ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, കെ.എഫ്.ഡബ്ളിയു ബാങ്കൻ ഗ്രൂപ്പ്, ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക), ഡിപ്പാർട്ട്മെന്റ് ഒഫ് ഇന്റർനാഷണൽ ഡെവലപ്മെന്റ്, ഫ്രഞ്ച് ഡെവലപ്മെന്റ് ഏജൻസി, യുണൈറ്റഡ് നാഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം, ജർമൻ ഡെവലപ്മെന്റ് എയ്ഡ്- ജിസ്, ഹഡ്കോ, റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട്, ന്യൂ ഡെവലപ്മെന്റ് ബാങ്ക്.