engineering

തിരുവനന്തപുരം: 36 സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ 52 ബാച്ചുകൾ ഒരു വിദ്യാർത്ഥി പോലും പ്രവേശനം നേടാതെ കാലിയായി കിടക്കുന്നു. 14 കോളേജുകളിൽ രണ്ട് വീതം ബ്രാഞ്ചുകളിലും, ഒരു കോളജിൽ മൂന്ന് ബ്രാഞ്ചിലും ഒരാൾ പോലും അലോട്ട്‌മെന്റ്‌ നേടിയില്ല. എൻജിനിയറിംഗ് രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവുമുള്ള സ്ഥിതിയാണിത്.

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ബ്രാഞ്ചുകളാണ് കാലിയായി കിടക്കുന്നതിൽ ഏറെയും. 17 കോളേജുകളിൽ ഈ രണ്ട് ബ്രാഞ്ചുകളും കാലിയാണ്. പന്ത്രണ്ടിടത്ത് മെക്കാനിക്കൽ, മൂന്നിടത്ത് സിവിൽ, രണ്ടിടത്ത് കമ്പ്യൂട്ടർ സയൻസ്, ഒരിടത്ത് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബ്രാഞ്ചുകളിൽ ഒരു വിദ്യാർത്ഥി പോലുമെത്തിയില്ല. മൂന്നാം ഘട്ടത്തോടെ, സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്‌മെന്റ് അവസാനിക്കും.നൂറിലേറെ സ്വാശ്രയ ബാച്ചുകളിൽ എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്തവർ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്. ഇവിടങ്ങളിൽ സംവരണ സീറ്റുകളും കാലിയാണ്.

മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതോടെ എൻജിനിയറിംഗ് അലോട്ട്മെന്റ് ലഭിച്ച നിരവധി വിദ്യാർത്ഥികൾ അതിലേക്ക് മാറും. ഇന്ന് വൈകിട്ട് മൂന്ന് വരെ വിദ്യാർത്ഥികൾക്ക് കോളേജുകളിൽ പ്രവേശനം നേടാൻ അവസരമുണ്ട്. ഇതിനു ശേഷം കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം കൂടാനാണ് സാധ്യത. ഇന്ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടാത്തവരുടെ ഹയർ ഓപ്ഷനുകൾ റദ്ദാവും. പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രിൻസിപ്പൽമാർ വൈകിട്ട് നാലിനകം ഓൺലൈൻ അഡ്‌മിഷൻ മാനേജ്മെന്റ് സിസ്റ്റം വഴി അറിയിക്കണമെന്ന് എൻട്രൻസ് കമ്മിഷണർ നിർദ്ദേശിച്ചു.

മൂന്നാംഘട്ട അലോട്ട്‌മെന്റ് ഇന്ന്

എൻജിനിയറിംഗ് ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ഇന്ന് ആരംഭിക്കും. 17 ന് മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്റസിദ്ധീകരിക്കും. മൂന്നാംഘട്ട അലോട്ട്‌മെന്റിന് മുൻപായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, നിലവിലുളള ഓപ്ഷനുകൾ ക്റമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും, പുതിയ കോഴ്‌സുകളോ കോളേജുകളോ ഉൾപ്പെടുത്തുന്ന പക്ഷം അവയിലേയ്ക്ക് ഓപ്ഷനുകൾ രജിസ്​റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്.

മൂന്നാംഘട്ട അലോട്ട്‌മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ്, ആർക്കിടെക്ചർ കോളേജുകളിലേയ്ക്കുളള അവസാന അലോട്ട്‌മെന്റായിരിക്കും. ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104, 2332123