1. രോഹിതിന്റെ 5 സെഞ്ച്വറികൾ
ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്റ്സ്‌മാനായി രോഹിത് ചരിത്രം രചിച്ചു. 10 മത്സരങ്ങളിൽനിന്ന് 81 ശരാശരിയിൽ 548 റൺസാണ് രോഹിത് നേടിയത്.
രോഹിതിന്റെ സെഞ്ച്വറികൾ
122 നോട്ടൗട്ട് Vs ദക്ഷിണാഫ്രിക്ക
140 Vs പാകിസ്ഥാൻ
102 Vs ഇംഗ്ളണ്ട്
104 Vs ബംഗ്ളാദേശ്
103 Vs ശ്രീലങ്ക
വിരാടിന്റെ അർദ്ധ സെഞ്ച്വറികൾ
പതിവ് ശൈലിയിൽ സെഞ്ച്വറികൾ നേടാൻ കഴിയാത്ത കൊഹ്‌ലി അർദ്ധ സെഞ്ച്വറികൾ കൊണ്ട് ആഘോഷമൊരുക്കുകയായിരുന്നു. തുടർച്ചയായി അഞ്ച് അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യൻ ക്യാപ്ടൻ നേടിയത്. 10 മത്സരങ്ങളിൽനിന്ന് 443 റൺസുമായി ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന റൺ വേട്ടക്കാരനായതും കൊഹ്‌ലി തന്നെ.
4 സെഞ്ച്വറി കൂട്ടുകെട്ടുകൾ
ആസ്ട്രേലിയയ്ക്കെതിരെ ഒാപ്പണിംഗിൽ രോഹിതും ധവാനും ചേർന്ന് തുടർന്ന് രോഹിതും രാഹുലും ചേർന്ന് പാകിസ്ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരെ.
ധവാന്റെ സെഞ്ച്വറി
ആസ്ട്രേലിയ്ക്കെതിരെ 117 റൺസടിച്ച ധവാന്റെ സെഞ്ച്വറി വിലമതിക്കുന്നത് ബാറ്റിംഗിനിടെ വിരലിന് പൊട്ടലേറ്റിട്ടും ധൈര്യപൂർവം ക്രീസിൽ നിന്നതുകൊണ്ടാണ്. ധവാന്റെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചതും ഇൗ സെഞ്ച്വറിയെത്തുടർന്നാണ്.
7-0, Vs പാകിസ്ഥാൻ
പാകിസ്ഥാനെതിരെ ലോകകപ്പുകളിൽ തോൽവിയറിഞ്ഞിട്ടില്ലെന്ന റെക്കാഡ് ഇത്തവണയും കാത്തുസൂക്ഷിച്ചു. ഇത്തവണ മാഞ്ചസ്റ്ററിൽ വിജയം ഡക്ക്‌വർത്ത് ലൂയിസ് നിയമത്താൽ 89 റൺസിന്.
ഷമിയുടെ ഹാട്രിക്
അഫ്ഗാനിസ്ഥാനെതിരെ 224 റൺസിലൊതുങ്ങിയ ഇന്ത്യയ്ക്ക് വിജയം നൽകിയത് ഷമിയുടെ ഹാട്രിക്. ഇൗ ലോകകപ്പിലെ തന്റെ ആദ്യ അവസരത്തിലായിരുന്നു ഷമിയുടെ ഹാട്രിക് അവസാന നാലുപന്തുകളിൽ ജയിക്കാൻ 12 റൺസ് വേണ്ടിയിരുന്ന അഫ്ഗാന്റെ മൂന്ന് വിക്കറ്റുകൾ പിഴുതെടുത്ത് ഷമി വിജയം നൽകി. ചേതൻ ശർമ്മയ്ക്കുശേഷം (1987) ലോകകപ്പിൽ ഹാട്രിക് നേടുന്ന ഇന്ത്യക്കാരനാണ് ഷമി.
ടേബിൾ ടോപ്
പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ റൗണ്ട് റോബിൻ ലീഗിൽ ഫിനിഷ് ചെയ്തത്. ഒൻപത് മത്സരങ്ങളിൽ ഏഴ് ജയം. ഒരു തോൽവി. ഒരു മത്സരം ഉപേക്ഷിച്ചു. ആകെ നേടിയത് 15 പോയിന്റ്
ജഡേജ ജാലം
സബ്‌സ്റ്റിറ്റ്യൂട്ട് ഫീൽഡർ എന്ന നിലയിൽ മാത്രം കരുതിയിരുന്ന ജഡേജയ്ക്ക് തന്റെ പ്രഭാവം കാട്ടാനായത് അവസാന രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും തിളങ്ങുന്ന യഥാർത്ഥ ത്രീഡയമൻഷണൽ ആൾ റൗണ്ടർ താനായിരുന്നുവെന്ന് ജഡേജ സെലക്ടർമാർക്ക് കാട്ടിക്കൊടുത്തു.
എന്നിട്ടും എന്തുകൊണ്ട് ഇന്ത്യ തോറ്റു?
സെമിഫൈനലിലെ ഇന്ത്യൻ തോൽവിക്ക്
പിന്നിലെ നാല് കാരണങ്ങൾ
1. മുൻനിരത്തകർച്ച
ബാറ്റിംഗ് ദുഷ്‌കരമാകുമെന്ന് നല്ല ഉറപ്പുണ്ടായിരുന്ന സാഹചര്യത്തിൽ രോഹിത്, കൊഹ്‌ലി, രാഹുൽ എന്നിവരുടെ പുറത്താകൽ നിർണായകമായി. കണ്ണടച്ചുതുറക്കും മുമ്പേയാണ് മൂവരും കൂടാരത്തിലെത്തിയത്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇതിന് മുമ്പ് രോഹിതും കൊഹ്
ലിയും ഒരേ മത്സരത്തിൽ ഒറ്റയക്കത്തിൽ പുറത്താകുന്നത്.
അഞ്ചാമനായി ധോണിക്ക് മുമ്പേയെത്തിയ ദിനേഷ് കാർത്തിക് 25 പന്തുകൾ പിടിച്ചുനിന്നു. പക്ഷേ കാർത്തികിനെ പുറത്താക്കാൻ നീഷം എടുത്ത ക്യാച്ച് അത്യുജ്വലമായിരുന്നു.
2. കിവി ഫീൽഡിംഗ്
പ്രാഥമിക റൗണ്ടിൽ രോഹിതിന്റെ ക്യാച്ച് നാല് മത്സരങ്ങളിൽ കൈവിട്ടിരുന്നു. ഇതിൽ മൂന്നിൽ സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടി. എന്നാൽ കിവീസ് ഫീൽഡർമാർ സെമിയിൽ അത്തരത്തിലൊരു സാദ്ധ്യതയും നൽകിയില്ല. ദിനേഷ് കാർത്തിക്കിന്റെ ക്യാച്ച്. ധോണിയുടെ റൺ ഒൗട്ട് എന്നിവയിൽ മാത്രമല്ല നിരവധി ബൗണ്ടറികൾ തടുത്തിട്ടും കിവീസ് ഫീൽഡർമാർ ടീമിന് മേൽക്കോയ്മ നൽകി.
3. ഷോട്ട് സെലക്ഷൻ
കിവീസ് സ്പിന്നർ മിച്ചൽ സാന്റ്‌നർക്കെതിരെ മോശം ഷോട്ടുകൾ കളിച്ചതാണ് ഋഷഭ് പന്തിന്റെയും ഹാർദിക് പാണ്ഡ്യയുടെയും പുറത്താകലിന് കാരണം സാന്റ്‌നറുടെ ഒാവറിലെ ആദ്യനാല് പന്തുകളിലും റൺസ് നേടാൻ ഋഷഭിന് കഴിഞ്ഞിരുന്നില്ല. അഞ്ചാം പന്ത് അടിക്കാൻ പാകത്തിലായിരുന്നു. തന്ത്രം മനസിലാക്കാതെ പന്ത് കാറ്റിനെതിരെ ഷോട്ട് പായിച്ചു. ക്യാച്ചിലൊതുങ്ങി. ഹാർദിക്കിനും പറ്റിയത് ഇതേ അബദ്ധം.
വൈകിയ ആക്രമണം
ഏഴാം വിക്കറ്റിൽ ധോണിയും ജഡേജയും 116 റൺസ് കൂട്ടിച്ചേർത്തു. ലോകകപ്പിൽ ഇതൊരു റെക്കാഡാണ്. എന്നാൽ അവസാന ഘട്ടത്തിൽ ഇരുവരും പുറത്തായത് തിരിച്ചടിയായി. ജഡേജയുടെ ക്യാച്ചും ധോണിയുടെ റൺ ഒൗട്ടും കഴിഞ്ഞതോടെ കളിയുടെ കാര്യത്തിൽ തീരുമാനമായിരുന്നു.
ധോണിയെന്തേ വൈകിവന്നൂ...?
ധോണിയെ ഋഷഭ് പന്ത്, കാർത്തിക്, പാണ്ഡ്യ എന്നിവർക്ക് ശേഷം മാത്രമിറക്കാനുള്ള തീരുമാനമാണ് ഏറെ ചോദ്യം ചെയ്യപ്പെട്ടത്.
ആദ്യമൂന്ന് വിക്കറ്റുകൾ നഷ്ടമായപ്പോൾത്തന്നെ ധോണിയെ ഇറക്കണമായിരുന്നുവെന്ന് സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവർ അഭിപ്രായപ്പെട്ടു. റൺസ് എടുത്തില്ലെങ്കിൽകൂടി പരിചയസമ്പന്നനായ ധോണിക്ക് സഹ ബാറ്റ്സ്മാന് മാർഗ നിർദ്ദേശം പകരാനാകുമായിരുന്നു. ജഡേജയ്ക്ക് ധോണി നൽകിയ പിന്തുണയും ഉദാഹരണമായി മുൻ താരങ്ങൾ ചൂണ്ടിക്കാട്ടി.
എന്നാൽ ഫിനിഷിംഗ് ടൈമിൽ ധോണിയുടെ ആവശ്യകത മനസിലാക്കിയാണ് ഏഴാമന്റെ റോൾ അദ്ദേഹത്തിന് നൽകിയതെന്ന് മത്സരശേഷം കൊഹ്‌ലി പറഞ്ഞു. മഴ ഭീഷണിയുള്ളതിനാൽ ആദ്യ സമയത്ത് റൺറേറ്റ് ഉയർത്താനാണ്. ഋഷഭിനെയും പാണ്ഡ്യയെയും നിയോഗിച്ചത്. അവരുടെ വിക്കറ്റ് പോയാലും ധോണി ഉണ്ടല്ലോ എന്നായിരുന്നു ശാസ്ത്രിയുടെയും കൊഹ്‌ലിയുടെയും കണക്കുകൂട്ടൽ.
24
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏകദിനത്തിൽ നാലാം നമ്പർ മുതൽ ഏഴാം നമ്പർ വരെയുള്ള ബാറ്റിംഗ് പൊസിഷനിൽ 24 പേരെയാണ് ഇന്ത്യ പരീക്ഷിച്ചത് ഇവരിൽ അജിങ്ക്യ രഹാനെ ഇപ്പോൾ കൗണ്ടികളിക്കുന്നു. അമ്പാട്ടി റായ്ഡു വിഷമിച്ചു വിരമിച്ചു.
12-1
കഴിഞ്ഞ ആറ് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി ഇത്രമാത്രം.
5
2014 ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഒരു ഐ.സി.സി ചാമ്പ്യൻഷിപ്പിൽ സെമിയിൽ പുറത്താകുന്നത്.
പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിട്ടും ഫൈനൽ കാണാനാകാത്തതിൽ നിരാശയുണ്ട്. ഐ.പി.എൽ മാതൃകയിൽ പ്ളേ ഒാഫിലൂടെയാണ് ഫൈനലിസ്റ്റുകളെ നിശ്ചയിച്ചിരുന്നതെങ്കിൽ നന്നായിരുന്നു. ഭാവിയിൽ അങ്ങനെ വരുമെന്ന് പ്രതീക്ഷിക്കാം.
വിരാട് കൊഹ്‌ലി
ധോണി വിരമിക്കരുതേയെന്ന്
ലതാ മങ്കേഷ്‌കർ
മുംബയ് : ലോകകപ്പിന് ശേഷം മഹേന്ദ്രസിംഗ് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ആ തീരുമാനമെടുക്കരുതേയെന്ന അഭ്യർത്ഥനയുമായി വിഖ്യാത ഗായിക ലതാ മങ്കേഷ്‌കർ. ധോണിയുടെ ആരാധികയായ ലത ട്വിറ്ററിലൂടെയാണ് തന്റെ അപേക്ഷ അറിയിച്ചത്. അതേസമയം വിരമിക്കുന്നതിനെപ്പറ്റി ധോണി തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്ന് കൊഹ്‌ലി അറിയിച്ചു.
.