തിരുവനന്തപുരം: വിഘ്‌ന വിനാശകനായ മഹാഗണപതിയെ ഇനി ഭക്തർക്ക് കൺനിറയെ കണ്ടുതൊഴാം. ഒരുവർഷം നീണ്ടുനിന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഇന്നലെ രാവിലെ 11നും 11.40നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി ദേവനാരായണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാകർമ്മവും കുംഭാഭിഷേകവും നടന്നതോടെ മംഗളകാരകനായ ഗണപതിക്ക് മുന്നിൽ സാഷ്ടാംഗ നമസ്‌കാരം നടത്തി ആയിരക്കണക്കിന് ഭക്തർ ആത്മനിർവൃതി നേടി. പ്രതിഷ്ഠ, കുംഭാഭിഷേക ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ ക്ഷേത്ര പരിസരത്ത് വൻതിരക്കാണ് അനുഭവപ്പെട്ടത്. റോഡിൽ നിന്ന് നോക്കി കണ്ണുനിറഞ്ഞുതൊഴാൻ കഴിയുന്ന വിധത്തിലാണ് പുതിയ പ്രതിഷ്ഠയുള്ളത്. പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാനുമാകും. കുംഭാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ പഴവങ്ങാടിയിൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയാണ് വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കിയത്. പ്രതിഷ്ഠാചടങ്ങുകൾ നേരിട്ടുകാണാനെത്തിയവർക്ക് ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ടിവന്നു. ഉച്ചയോടെ പ്രതിഷ്ഠാ ചടങ്ങിന്റെ പ്രധാനഘട്ടം പൂർത്തീകരിച്ചശേഷം പൗരസമിതി സംഘടിപ്പിച്ച അന്നദാനത്തിൽ പങ്കെടുത്ത ശേഷമാണ് ഭക്തർ മടങ്ങിയത്. വൈകിട്ട് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം അവതരിപ്പിച്ച സംഗീതക്കച്ചേരിയും നടന്നു.