new-office-for-minister-m

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ 20 മാസം മാത്രം ശേഷിക്കെ, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടെതിരായുള്ള തദ്ദേശഭരണമന്ത്രി എ.സി. മൊയ്തീനിന്റെ ഓഫീസും മാറുന്നു. നോർത്ത് ബ്ലോക്കിലെ ഈ നില പൂർണ്ണമായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനത്തിനായി മാറ്റുന്നതിന്റെ ഭാഗമായാണിത്. .

സെക്രട്ടേറിയറ്റ് ഒന്നാം അനക്സിന്റെ അഞ്ചാം നിലയിലാണ് മന്ത്രി മൊയ്തീനായി പുതിയ ഓഫീസ് സജ്ജീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓഫീസ് നവീകരിക്കുന്നതിന് 40.47ലക്ഷം രൂപ ചെലവിടാനാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് കരാർ. ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് 12,50,000രൂപയും സിവിൽ പ്രവൃത്തികൾക്ക് 27,97,000 രൂപയും അനുവദിച്ച് പൊതുഭരണവകുപ്പ് ഇന്നലെ ഉത്തരവായി. .

എ.സി. മൊയ്തീനും ഓഫീസ് മാറുന്നതോടെ സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിൽ ഓഫീസുള്ള മന്ത്രിമാരുടെ എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെ പത്തായി ചുരുങ്ങും. മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, തോമസ് ഐസക്, എ.കെ. ബാലൻ, ജി. സുധാകരൻ, ജെ. മേഴ്സിക്കുട്ടി അമ്മ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് മെയിൻ ബ്ലോക്കിൽ. സെക്രട്ടേറിയറ്റ് ഒന്നാം അനക്സിൽ നിലവിൽ മന്ത്രി കെ.ടി. ജലീൽ മാത്രമാണ്. ബാക്കി മന്ത്രിമാരെല്ലാവരും സെക്രട്ടേറിയറ്റ് രണ്ടാം അനക്സിലാണ്.