നെടുമങ്ങാട് : മുപ്പതോളം റസ്റ്റ് ഹൗസുകൾ മാതൃകാ റസ്റ്റ് ഹൗസുകൾ ആക്കുമെന്നും നാശത്തിന്റെ വക്കിലായിരുന്ന 160 ഓളം റസ്റ്റ് ഹൗസുകളിൽ ആധുനികവത്കരണ പ്രവർത്തനം നടന്നു വരികയാണെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും താമസം ഉറപ്പുവരുത്തുന്നതിനായി നെടുമങ്ങാട് നെട്ട കേന്ദ്രീകരിച്ച് പൊതുമരാമത്ത് വകുപ്പ് 250 ലക്ഷം രൂപ അടങ്കലിൽ നിർമ്മിച്ച ഫ്ലാറ്റ് ടൈപ്പിലുള്ള 12 ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനവും നെടുമങ്ങാട് ഗസ്റ്റ് ഹൗസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ ഇ.കെ. ഹൈദ്രു റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.ബി. ജയകുമാർ, ജനതാദൾ-എസ് മണ്ഡലം പ്രസിഡന്റ് കരിപ്പൂര് വിജയകുമാർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഹരികേശൻ നായർ, ടി.ആർ. സുരേഷ്, റഹിയാനത്ത് ബീവി, കൗൺസിലർമാരായ ടി. അർജുനൻ, കെ.ജെ. ബിനു, ജെ. കൃഷ്ണകുമാർ, ഡി. ഹരിലാൽ എന്നിവർ പ്രസംഗിച്ചു.