england-world-cup-final

ബർമ്മിംഗ്ഹാം : പ്രാഥമിക റൗണ്ടിലെ ഒന്നും രണ്ടും സ്ഥാനക്കാർ സെമിയിൽ പുറത്തായപ്പോൾ ഇക്കുറി ലോകകപ്പിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകൾ ഫൈനലിലെത്തി. ഇന്നലെ രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ എട്ടുവിക്കറ്റിന് തോൽപ്പിച്ചാണ് ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന കലാശക്കളിയിൽ ന്യൂസിലൻഡിനെ നേരിടാൻ ആതിഥേയരായ ഇംഗ്ളണ്ട് ടിക്കറ്റെടുത്തത്. ഇതോടെ ലോകകപ്പിന് പുതിയൊരവകാശിയുണ്ടാകും.

ഇന്നലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലെ രണ്ടാം സെമിഫൈനലിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയയെ 49 ഒാവറിൽ 223ന് ആൾ ഒൗട്ടാക്കിയ ശേഷം 107 പന്തുകളും എട്ടുവിക്കറ്റുകളും ബാക്കി നിറുത്തി വിജയിക്കുകയായിരുന്നു ആതിഥേയർ. മൂന്ന് വിക്കറ്റുകളുമായി മുൻനിരയെ തകർത്ത ക്രിസ് വോക്സും മദ്ധ്യനിരയെ തൂത്തെറിഞ്ഞ ആദിൽ റഷീദുമാണ് കംഗാരുക്കളെ കഷ്ടത്തിലാക്കിയത്. ആർച്ചർക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. മാർക്ക് വുഡിന് ഒരു വിക്കറ്റും. ജാസൺ റോയ് (85), ബെയർസ്റ്റോ (34),ജോ റൂട്ട് (49*),ഇയോൻ മോർഗൻ (45*) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ളണ്ടിന്റെ ചേസിംഗ് ഇൗസിയാക്കിയത്.

14 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ആസ്ട്രേലിയയെ വൻ തകർച്ചയിൽനിന്ന് രക്ഷിച്ചത് നാലാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്ത മുൻനായകൻ സ്റ്റീവൻ സ്മിത്തും (85), വിക്കറ്റ് കീപ്പർ അലക്‌‌സ് കാരേയുമാണ്. വാലറ്റത്ത് മാക്‌സ്‌വെൽ (22), സ്റ്റാർക്ക് (29) എന്നിവർ കൂടി നടത്തിയ ചെറുത്തുനിൽപ്പാണ് ഒാസീസിനെ 223 ലെത്തിച്ചത്.

സഞ്ചികീറിയ തുടക്കം

കഴിഞ്ഞദിവസം സെമിയിൽ ഇന്ത്യയ്ക്ക് സംഭവിച്ചതിന് സമാനമായിരുന്നു ഒാസീസിനും. രണ്ടാം ഒാവറിന്റെ ആദ്യപന്തിൽത്തന്നെ ആർച്ചർ നായകൻ ആരോൺ ഫിഞ്ചിനെ (0) വിക്കറ്റിന് മുന്നിൽ കുരുക്കി. അടുത്ത ഒാവറിൽ ഡേവിഡ് വാർണറെ (9) വോക്സ് ബെയർസ്റ്റോയുടെ കൈയിലെത്തിച്ചു. ഏഴാം ഒാവറിൽ ഹാൻഡ്സ്കോംബിനെ (4) വോക്സ് ക്ളീൻ ബൗൾഡാക്കിയതോടെ ഒാസീസ് 14/3 എന്ന നിലയിലായി.

കാരേയുടെ കരുത്ത്

തുടർന്ന് ക്രീസിൽ ഒരുമിച്ച സ്റ്റീവ് സ്മിത്തും അലക്സ് കാരേയും ചേർന്ന് ചെറുത്തുനില്പ് തുടങ്ങി. ഇതിനിടയിൽ രണ്ടുതവണ ജൊഫ്രെ ആർച്ചറുടെ പന്ത് കൊണ്ട് കാരേയ്ക്ക് വൈദ്യ സഹായം തേടേണ്ടിവന്നു. ബൗൺസറേറ്റ് താടിയിൽനിന്ന് ചോരയൊഴുകിയിട്ടും കാരേയ് കളത്തിലുറച്ചുനിന്ന് 46 റൺസ് നേടി. സ്മിത്തും കാരേയും ചേർന്ന് വലിയൊരു തകർച്ചയിൽ നിന്ന് രക്ഷിച്ച് 28-ാം ഒാവർവരെ വിക്കറ്റ് വീഴാതെ കൊണ്ടുപോയി. ഒടുവിൽ സ്പിന്നർ ആദിൽ റഷീദാണ് കാരേയെ വിൻഡിന്റെ കൈയിലെത്തിച്ച് വഴിത്തിരവുണ്ടാക്കിയത്. 70 പന്തുകൾ നേരിട്ട കാരേയ് നാല് ബൗണ്ടറികൾ പറത്തിയിരുന്നു.

സ്മിത്തിന്റെ ചുമലിൽ

തുടർന്ന് ഒാസീസിന്റെ പ്രതീക്ഷകളെല്ലാം സ്റ്റീവൻ സ്മിത്തിന്റെ ചുമലിലായി. വളരെ പതിയെയായിരുന്നു സ്മിത്തിന്റെ ബാറ്റിംഗ്. അനാവശ്യ ഷോട്ടുകൾക്കൊന്നും മുതിർന്നില്ല. കാരേയെ പുറത്താക്കിയ അതേ ഒാവറിൽത്തന്നെ സ്റ്റോയ്‌നിസിനെയും (1) റഷീദ് മടക്കിയതോടെ ഒാസീസ് വീണ്ടും കനത്ത സമ്മർദ്ദത്തിലായി. മാക്സ്‌വെല്ലും (22), കമ്മിൻസും (6) പുറത്തായശേഷം സ്റ്റാർക്കുമായി (29) ചേർന്ന് സ്മിത്ത് ടീമിനെ 200 കടത്തി. 119 പന്തുകളിൽ ആറ് ബൗണ്ടറികളടക്കം 85 റൺസെടുത്ത സ്മിത്ത് 48-ാം ഒാവറിൽ റൺ ഒൗട്ടാവുകയായിരുന്നു. തുടർന്ന് സ്റ്റാർക്ക്, ബ്രെൻഡോർഫ് (1) എന്നിവർ കൂടി പുറത്തായതോടെ ഒാസീസിന്റെ ഇന്നിംഗ്സിന് കർട്ടൻ വീണു.

ഇംഗ്ളീഷ് മറുപടി

ഒട്ടും പതറാതെ ആഞ്ഞടിച്ചുതന്നെയായിരുന്നു ഇംഗ്ളണ്ടിന്റെ മറുപടിയുടെ തുടക്കം. ആദ്യ പത്തോവറിൽ അവർ വിക്കറ്റ് നഷ്ടം കൂടാതെ 50 റൺസെടുത്തു. 17.2 ഒാവറിൽ ഒാപ്പണിംഗിൽ 124 റൺസ് കൂട്ടിച്ചേർത്തശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 43 പന്തുകളിൽ അഞ്ച് ബൗണ്ടറികളടക്കം 34 റൺസ് നേടിയ ബെയർ സ്റ്റോയാണ് പുറത്തായത്. സ്റ്റാർക്കിന്റെ പന്തിൽ എൽബിയിൽ കുരുങ്ങുകയായിരുന്നു. ജാസൺ റോയ് 65 പന്തുകളിൽ ഒൻപത് ഫോറും അഞ്ച് സിക്‌സുമടക്കം 85 റൺസെടുത്താണ് പുറത്തായത്.തുടർന്ന് റൂട്ടും മോർഗനും ചേർന്ന് വിജയത്തിലെത്തിച്ചു.