നെയ്യാറ്റിൻകര: അജ്ഞാതജീവി ആടുകളെ ആക്രമിക്കുന്നതായുള്ള വാർത്ത പരന്നതോടെ ഒരു പ്രദേശം മുഴുവൻ ഭീതിയിലായി. കൊടങ്ങാവിള പറമ്പുവിള പ്രദേശവാസികളാണ് ഭീതിയുടെ നിഴലിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. ഇന്നലെ രാത്രിയാണ് അജ്ഞാതജീവി പല വീടുകളിലെയും ആടുകളെ ഉപദ്രവിച്ചെന്ന് പറഞ്ഞ് നാട്ടുകാർ കൂട്ടത്തോടെ രംഗത്തെത്തിയത്. പുലിയാണെന്നാണ് നാട്ടുകാർക്കിടയിൽ പ്രചരിക്കുന്നത്. അതേസമയം, നാട്ടുകാർ ബഹളംവച്ചതോടെ പേടിക്കേണ്ട കാര്യമില്ലെന്ന് പൊലീസ് വാഹന അനൗൺസ്മെന്റ് നടത്തി.

പറമ്പുവിള പ്രദേശത്ത് ഒരു വീട്ടിൽ ആട്ടിൻകുട്ടിയെ പൂർണമായി തിന്ന നിലയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തിയതോടെയാണ് അജ്ഞാത ജീവിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വാർത്തകൾ പരന്നത്. രണ്ടുദിവസം മുമ്പും പ്രദേശത്തെ പലവീടുകളിലും ഇത്തരം സംഭവം ആവർത്തിച്ചിരുന്നു. മാത്രമല്ല, മറ്റൊരു വീടിന്റെ ഉമ്മറത്ത് ഈ ജീവിയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. അതേസമയം,

വെള്ളയും തവിട്ട് നിറവുമുള്ള ഒരു വലിയ പട്ടിയോട് രൂപസാദൃശ്യമുള്ള ജീവിയാണിതെന്നാണ് നേരിട്ടു കണ്ട വീട്ടമ്മ പറയുന്നത്.

നെയ്യാറ്റിൻകര പൊലീസും നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബുവിന്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഫോറസ്റ്റ് അധികൃതർ ഇന്ന് രാവിലെയെത്തും.