fantom
ഫാന്റം പൈലി

തിരുവനന്തപുരം: ആടുമാട് മോഷണം പതിവാക്കി വിലസിയ കുപ്രസിദ്ധമോഷ്ടാവ് ഫാന്റം പൈലിയെന്ന മടവൂർ അയണിക്കാട്ടുകോണം സജിന മൻസിലിൽ ഷാജി (30) വർക്കല പൊലീസിന്റെ പിടിയിലായി. വർക്കലയിലും പരിസരപ്രദേശങ്ങളിൽ നിന്നുമായി പത്തോളം ആടുമാടുകളെ മോഷ്ടിച്ച് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുച്ഛമായ വിലക്ക് കശാപ്പുകാർക്ക് കൈമാറുന്നതായിരുന്നു ഇയാളുടെ രീതി. ഏതാനും ദിവസം മുമ്പ് വർക്കല ഭാഗത്തുനിന്ന് ആടുകളെ മോഷ്ടിച്ച് കടത്തിയ കേസിൽ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഷാജി പൊലീസ് പിടിയിലായത്.

വർക്കലയിലും പരിസരങ്ങളിലും നിന്നുമായി കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 8 ആടുകളെയും നാല് പോത്തുകളെയും മോഷ്ടിച്ച് അനധികൃത ഇറച്ചിക്കച്ചവടക്കാർക്ക് വിറ്റതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പകൽ സമയത്ത് കറങ്ങി നടന്ന് ആടുമാടുകളുള്ള വീടുകൾ നോക്കി വച്ചശേഷം രാത്രി ഇവയെ കടത്തിക്കൊണ്ടുപോകുന്നതാണ് ഇയാളുടെ രീതി. മുമ്പ് തിരുവനന്തപുരം റൂറലിൽ പല സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഫാന്റം പൈലി. ഏതാനും മാസം മുമ്പ് പൊലീസ് കസ്റ്റഡിയിലിരിക്കെ ട്രെയിനിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ചാടിയ കേസും ഇയാൾക്കെതിരെയുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.