cm

തിരുവനന്തപുരം: പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെ പോലെയാണ് കോൺഗ്രസുകാരെന്നും കാലുവാരികളായ അവരെ വിശ്വസിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റ പരിഹാസം. എ.കെ.ജി സെന്ററിൽ പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ല. ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. ''പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തത്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി"- ഗോവയിലും കർണാടകത്തിലും ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ അപചയത്തിൽ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലായി. രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ, കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വലിയ വിജയങ്ങൾ നേടുമ്പോൾ മാത്രമാണോ നേതൃത്വം വേണ്ടത്. പ്രതിസന്ധികൾ ഉയരുമ്പോൾ അതിനെ നേരിടാൻ കഴിയണമെന്നും രാഹുൽ ഗാന്ധിയുടെ രാജി പരാമർശിച്ച് പിണറായി പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് കേന്ദ്ര ബഡ്‌ജറ്റിൽ ഒരു പൈസ മാറ്റിവച്ചില്ല. കേരളത്തിന് എയിംസും പരിഗണിച്ചില്ല. അർഹമായ സഹായം കിട്ടിയേ തീരൂ.