തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണം പൊലീസ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കിയതോടെ നോക്കിയും കണ്ടും മാത്രം പ്രവർത്തിക്കാൻ പൊലീസുകാരുടെ നീക്കം. ഇതുസംബന്ധിച്ച നിർദേശങ്ങൾ ചില മേലുദ്യോഗസ്ഥർ പൊലീസുകാർക്ക് വാക്കാൽ നൽകിയതായും സൂചനയുണ്ട്. നെടുങ്കണ്ടം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് മേലുദ്യോഗസ്ഥരുടെ ഈ നിർദേശമെങ്കിലും അത് മറയാക്കി ഒന്നിലും തൊടാതെ 'ഒഴിഞ്ഞുമാറി' നിൽക്കുകയാണ് ചില പൊലീസുകാർ. അതിനാൽ ചിലയിടങ്ങളിൽ പട്രോളിംഗും പരിശോധനയും വഴിപാടായി മാറുന്നുവെന്നാണ് ആക്ഷേപം.
സംശയത്തിന്റെ പേരിലോ അനാവശ്യമായോ ആരെയും കസ്റ്റഡിയിലെടുക്കരുതെന്നും രാത്രിയിൽ പൊലീസ് സ്റ്റേഷനിൽ ആരെയും സൂക്ഷിക്കാൻ പാടില്ലെന്നുമാണ് മേലുദ്യോഗസ്ഥർ വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്. കൃത്യനിർവഹണത്തിനിടെ പ്രതികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ കൈയ്യേറ്റങ്ങൾക്കിരയായാൽ പോലും ഒരുകാരണവശാലും പ്രത്യാക്രമണം പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. വിവാദങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാനുള്ള നിർദേശമായി ഇതിനെ കണക്കാക്കാമെങ്കിലും ഇത് മറയാക്കി പ്രവർത്തിക്കാതിരിക്കാനുള്ള നീക്കമാണ് ചില പൊലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന രീതിയിലാണ് ചിലരുടെ പോക്ക്. അടുത്ത ചൊവ്വാഴ്ച മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തെറ്റുതിരുത്തൽ നടപടികൾ ആ യോഗത്തിലുണ്ടാവും. അതിനിടെയാണ് സേനയിലെ ചിലർ ഇങ്ങനെ നിഷ്ക്രിയമായി ഇരിക്കുന്നത്.
കസ്റ്റഡി മരണങ്ങൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പൊലീസ് ഓഫീസർമാരുടെ സംഘടനയുടെ നിലപാടും സേനാംഗങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കൈപ്പിഴകൾക്കും കൈവിട്ട കളികൾക്കും സംഘടനാതലത്തിൽ നിന്നുള്ള പിന്തുണയും സഹായവും ലഭിക്കില്ലെന്ന് ഉറപ്പായതോടെ അറിയാതെപോലും അബദ്ധത്തിൽ ചെന്നുചാടാതിരിക്കാനുള്ള മുൻകരുതലാണ് പൊലീസുകാർ സ്വീകരിക്കുന്നത്. മേലുദ്യോഗസ്ഥർ എന്ത് നിർദേശിച്ചാലും എതിർത്താൽ പണികിട്ടുമെന്ന് പേടിച്ച് 'യെസ്' എന്ന് പറഞ്ഞ് തകർത്ത് 'അഭിനയിക്കുകയാണ്' ചിലർ. അതേസമയം, പൊലീസ് ഈ രീതിയിൽ പ്രവർത്തിക്കുന്നത് ക്രിമിനലുകളുടേയും ഗുണ്ടകളുടേയും അഴിഞ്ഞാട്ടത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പൊലീസുകാരെ വെട്ടിലാക്കാൻ വ്യാജ മർദ്ദന പരാതി ഉന്നയിക്കാനും ക്രിമിനലുകൾ തുടങ്ങിയിട്ടുണ്ടത്രേ. കഴിഞ്ഞ ദിവസം ഇത്തരമൊരു സംഭവം തിരുവനന്തപുരത്തുണ്ടായി. കഴിഞ്ഞദിവസം തലസ്ഥാന നഗരത്തിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് പിന്നീട് പിടിക്കപ്പെട്ട ബുള്ളറ്റ് മോഷണക്കേസിലെ പ്രതി പൊലീസ് മർദ്ദിച്ചതായി കോടതിയിൽ പരാതിപ്പെട്ടിരുന്നു. എസ്.ഐയെയും പൊലീസുകാരെയും കോടതിയിൽ വരുത്തി പ്രതിയെ വീണ്ടും പരിശോധനയ്ക്ക് അയച്ചതോടെയാണ് ആ കള്ളം പൊളിഞ്ഞത്.
മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദേശം
നിവർന്ന് നിൽക്കാനാകാതെ നിലത്തിഴയുന്നവരെയോ ശാരീരികമായി അവശ നിലയിലുള്ളവരെയോ കസ്റ്റഡിയിലെടുക്കാൻ മുതിരരുത്.
മദ്യപിച്ച് പൊതു സ്ഥലത്തോ വീടുകളിലോ ബഹളം കൂട്ടുകയും അക്രമം കാട്ടുകയും ചെയ്യുന്നവരെ അനുനയിപ്പിച്ച് അയയ്ക്കുക. അല്ലാതെ ജീപ്പിലോ സ്റ്റേഷനിലോ കയറ്റരുത്.
കൈയ്യേറ്റത്തിന് ഇരയായവരെയോ അപകടത്തിൽപ്പെട്ടവരെയോ കണ്ടാൽ പൊതുജനങ്ങളുടെ കൂടി പങ്കാളിത്തതോടെ അവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനായിരിക്കണം പരിഗണന നൽകേണ്ടത്.
സാമ്പത്തിക കൊടുക്കൽ വാങ്ങലുകൾ സംബന്ധിച്ച പരാതികളിൽ പൊലീസ് മദ്ധ്യസ്ഥതയോ ഇടപെടലോ വേണ്ട.
കുറ്റാന്വേഷണങ്ങളിൽ കൃത്യത്തിൽ പങ്കെടുത്തയാളുടെ വിരലടയാളമോ കാമറ ദൃശ്യങ്ങൾപോലെ വ്യക്തമായ തെളിവുകളോ ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂ.
കുറ്റവാസനയോ കൃത്യസ്ഥലത്തെ സാന്നിദ്ധ്യമോ മറയാക്കി കുറ്റം ചാർത്താനോ സമ്മതിപ്പിക്കാനോ ശ്രമിക്കരുത്.