''എന്താ അമ്മേ?"
ഇരുട്ടിൽ നിന്ന് രേവതിയുടെ ചോദ്യം കേട്ടു.
''അവിടെ ആരോ.... മുറ്റത്തു കൂടി തെക്കോട്ട് നടക്കുന്നു.."
സുധാമണി പുറത്തേക്കു കൈ ചൂണ്ടിക്കൊണ്ട് ശബ്ദം താഴ്‌ത്തി. വിറയലുണ്ടായിരുന്നു ആ ശബ്ദത്തിൽ.
ലൈറ്റു തെളിക്കാൻ രേവതിയും ഭയന്നു.
ഇരുട്ടിൽ തപ്പിത്തടഞ്ഞ് അവൾ ജനാലയ്ക്കൽ വന്നു. സുധാമണി കൈ ചൂണ്ടിയ ഭാഗത്തേക്കു നോക്കി.
ഇരുട്ട് മാത്രം!
രേവതി തെക്കു ഭാഗത്തുള്ള ജനാലയ്ക്കലേക്കു നീങ്ങി.
ഒരു ജനലിനും പാളികൾ ഉണ്ടായിരുന്നില്ല. പഴയ സാരികൾ മുറിച്ച് പകുതിക്ക് താഴ്‌ഭാഗത്ത് കർട്ടനാക്കിയിരിക്കുകയാണ്.
അതിനു പുറത്തുകൂടി രേവതി നോക്കി.
അടുത്ത നിമിഷം ഒരു കൊള്ളിയാൻ കൂടി....
രേവതി കണ്ടു....
തെക്കുഭാഗത്തെ, വിവേകിന്റെ ശവമടക്കിയ മൺകൂനയ്ക്കരുകിൽ ഒരാൾ...
മിന്നലിന്റെ വെളിച്ചം പോയതോടെ വീണ്ടും ഇരുട്ടായി.
സുധാമണിയും അവൾക്കടുത്തെത്തി.
''ആരെയെങ്കിലും കണ്ടോ?"
''ഉം." രേവതി മൂളി.
അടുത്ത മിന്നൽ ഉണ്ടാകുന്നതുവരെ ഇരുവരും കാത്തുനിന്നു.
പക്ഷേ..
അടുത്ത മിന്നൽ വന്നപ്പോൾ മൺ കൂനയ്ക്കരുകിൽ ആരും ഉണ്ടായിരുന്നില്ല...
തങ്ങളുടെ തോന്നൽ ആയിരുന്നില്ല അതെന്ന് ഇരുവർക്കും ഉറപ്പായിരുന്നു.
വിവേകിന്റെ കുഴിമാടത്തിൽ ആരോ വന്നിരുന്നു. ആര്?
നേരം പുലർന്നപ്പോഴേക്കും മഴ ശമിച്ചു.
രേവതി വിവേകിന്റെ കുഴിമാടത്തിലേക്ക് ഓടി.
അവിടെ...
കുഴിമാടത്തിനു പുറത്ത് ഒരു പിടി ചുവന്ന തെച്ചിപ്പൂവുകൾ!
''എന്താടീ?"
സുധാമണിയും അവിടേക്ക് ഓടിവന്നു.
''അത് കണ്ടോ അമ്മേ?"
രേവതി പൂക്കൾ കാണിച്ചുകൊടുത്തു.
സുധാമണിയുടെ നെറ്റിചുളിഞ്ഞു. ആ ഭാഗത്തെ വീടുകളിലൊന്നും അത്തരം തെച്ചിപ്പൂവുകൾ ഇല്ല!
പിന്നെ?
പൊടുന്നനെ സുധാമണിയുടെ തലച്ചോറിലേക്ക് രക്തം ഇരച്ചുകയറി.
''ഇത്തരം തെച്ചിപ്പൂവുകൾ ഞാൻ ഒരിടത്തേ കണ്ടിട്ടുള്ളൂ രേവതീ...."
''എവിടെ?"
അവളുടെ ചോദ്യത്തിൽ ആകാംക്ഷ തിങ്ങി.
''വടക്കേ കോവിലകത്ത്...."
''ങ്‌ഹേ?"
രേവതിയുടെ നെഞ്ചിൻകൂടിനുള്ളിൽ ഒരു നീറ്റൽ ഉണ്ടായി...
അതിനൊരു അനുബന്ധമായി സുധാമണിയുടെ നനഞ്ഞ ശബ്ദം വന്നു.
''ഇത്തരം തെച്ചിപ്പൂക്കൾ പാഞ്ചാലി മോൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു..."
രേവതിയുടെ കൈത്തണ്ടയിലെ രോമങ്ങൾ തിണർത്തു പൊങ്ങി....
**** ******
പുലർച്ചെ സൂസന്റെ ആയ രാജമ്മ ഉണർന്നു.
എഴുന്നേൽക്കുമ്പോൾ സൂസന് ബ്രൂ കോഫി നിർബന്ധമാണ്.
അവർ നേരെ അടുക്കളയിൽ പോയി കോഫി ഉണ്ടാക്കി.
അതുമായി വന്ന് സൂസന്റെ മുറിവാതിൽ തള്ളിത്തുറന്നു.
കിടക്കയിൽ സൂസനെ കാണാതെ വന്നപ്പോൾ ബാത്ത്‌റൂമിൽ ആയിരിക്കുമെന്നു കരുതി അല്പനേരം കാത്തുനിന്നു.
വെളുപ്പിനെ പോകണം എന്നു പറഞ്ഞിരുന്നതാണ് മേഡം. രാത്രി മദ്യപിച്ചതുകൊണ്ട് താൻ ഉറങ്ങിപ്പോയി.. രാജമ്മ ഓർത്തു.
ഇന്നിനി ശകാരം കേൾക്കേണ്ടിവരും എന്നത് തീർച്ച.
കുറച്ചുനേരമായിട്ടും ബാത്ത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടില്ല.
അവർ വാതിൽക്കലേക്കു ചെന്നു.
''മേഡം...."
അനക്കമില്ല.
പെട്ടെന്നു രാജമ്മ കണ്ടു, ബാത്ത്‌റൂമിന്റെ വാതിൽ പുറത്തു നിന്ന് കൊളുത്തിട്ടിരിക്കുകയാണ്.
ഒരുപക്ഷേ മേഡം കല കൊച്ചമ്മയുടെ അടുത്തു കാണും. ചിന്തിച്ചുകൊണ്ട് കോഫിയുമായി അവർ അവിടേക്കു ചെന്നു.
വാതിൽ തുറന്നുകിടക്കുകയായിരുന്നു.
ചന്ദ്രകല ശിരസ്സ് കൈപ്പത്തിയിൽ താങ്ങിയുയർത്തി പ്രജീഷിനോട് എന്തോ അടക്കം പറയുകയാണ്.
രാജമ്മയെ കണ്ടതും പെട്ടെന്നെഴുന്നേറ്റു.
''എന്തൊരു ഉറക്കമായിരുന്നു രാജമ്മേ ... രാത്രിയിൽ എത്ര തവണ വിളിച്ചു?"
രാജമ്മയുടെ കണ്ണുതള്ളി.
''എപ്പോൾ.. ഞാൻ ഒന്നും അറിഞ്ഞില്ല...."
''കൊള്ളാം. നല്ല കഥയായി. ഞാൻ ഈ പ്രജീഷിനോടു പറഞ്ഞതാ രാജമ്മയ്ക്ക് വിസ്കി തരണ്ടെന്ന്."
അവരെ കുറ്റപ്പെടുത്തുകയാണ് ചന്ദ്രകല.
''മേഡം... മേഡം എന്തിയേ?"
രാജമ്മ പരുങ്ങി.
''രാത്രിയിൽ സൂസന് ഒരു ഫോൺ വന്നു. എത്രയും വേഗം ഊട്ടിയിൽ എത്തണമെന്ന്.. അപ്പഴാ രാജമ്മയെ വിളിച്ചത്. അവസാനം ഒറ്റയ്ക്കു ഡ്രൈവു ചെയ്തു പോയി.. ഞങ്ങൾ കൂടെ ചെല്ലാം എന്നു പറഞ്ഞിട്ടുപോലും സമ്മതിച്ചില്ല...." പറഞ്ഞത് പ്രജീഷാണ്.
രാജമ്മ വിളറി നിന്നു.
''ശ്ശോ..."
പ്രജീഷ്, ചന്ദ്രകലയെ നോക്കി.
അവളുടെ മുഖത്ത് ഒരു വിജയ സ്മിതം കണ്ടു.
(തുടരും)