gas-trouble

നിസാരമെന്ന് കരുതുമെങ്കിലും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ് വായുക്ഷോഭം(ഗ്യാസ്ട്രബിൾ). ചിട്ടയായ ജീവിതചര്യ ശീലിക്കുക വഴി വായുക്ഷോഭം ഒട്ടുമിക്കവാറും പരിഹരിക്കാനാവുന്നതാണ്.

ലക്ഷണങ്ങൾ

1. ഇടവിട്ട് ശക്തമായും ശബ്ദത്തോടുകൂടിയും വായു വായിൽക്കൂടി പുറന്തള്ളപ്പെടുന്നു - ഏമ്പക്കം.

2.മേൽവയറ് പെരുക്കം, ശ്വാസതടസം, തലവേദന, തലകറക്കം, നെഞ്ചെരിച്ചിൽ, നെഞ്ചുവേദന, ക്ഷീണം, ശരീരവേദന, വിയർപ്പ്, ഓക്കാനം എന്നീ ലക്ഷണങ്ങൾ കാണുന്നു.

3. മലത്തോടൊപ്പവും അല്ലാതെയും അധോഗതമായി വായു പുറന്തള്ളപ്പെടുന്നു.

കാരണങ്ങൾ

ചെറുകുടലിൽ സ്വതവെ കാണുന്ന ബാക്ടീരിയകൾ തന്നെ വ്യത്യാസപ്പെടുകയോ എണ്ണത്തിൽ വർദ്ധിക്കുകയോ ചെയ്താൽ വായുക്ഷോഭം ഉണ്ടാകുന്നു. ആമാശയത്തിലെ ആഹാരവസ്തുക്കൾ തിരിച്ച് അന്നനാളത്തിലേക്ക് കയറുന്ന ഗാസ്ട്രോ ഈസോഫാഗിയൻ റിഫ്ളക്സ് ഡിസീസിലും പാലിലെ ലാക്റ്റോസിനെ ദഹിപ്പിക്കാൻ കഴിവില്ലാത്ത ലാക്റ്റോസ് അലർജി ഉണ്ടാക്കുന്ന രോഗമായ ലാക്റ്റോസ് ഇൻറ്റോളറൻസിലും വായുക്ഷോഭം ഉണ്ടാകുന്നു. ഗോതമ്പിലെ ഗ്ളൂട്ടൻ എന്ന മാംസ്യത്തിന്റെ അലർജി മൂലമുണ്ടാകുന്ന സിലിയാക്ക് എന്ന രോഗാവസ്ഥയിലും അണ്ഡാശയം, ചെറുകുടൽ എന്നിവയിലെ കാൻസർ, വയറിലെ ഫെർണിയ എന്നിവയിലും വായുക്ഷോഭം ഒരു പ്രശ്നമായി കാണുന്നു.

വായുക്ഷോഭം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. നന്നായി വേവിച്ചതും ശുചിയായതും അധികം കൊഴുപ്പും മസാലയും മറ്റും ചേരാത്തതുമായ ഭക്ഷണം കഴിയുന്നത്ര വീട്ടിൽ തന്നെ പാകം ചെയ്ത് കഴിക്കണം.

2. അധികം വിശക്കാനിടയാകാതെ സമയത്ത് തന്നെ ഭക്ഷണം കഴിക്കണം.

3. ലഹരിപാനീയങ്ങൾ, കടുപ്പവും ചൂടുമുള്ള കാപ്പി / ചായ എന്നിവ കഴിയുന്നതും ഒഴിവാക്കുക.

4. ആഹാരം കഴിച്ചയുടനെ ഉറങ്ങരുത്. ഉടനേയുള്ള വ്യായാമവും ദോഷം ചെയ്യുന്നു.

5. ധാരാളം നാരുള്ളതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം, പുളിയില്ലാത്ത പഴങ്ങൾ, അസ്വസ്ഥതയുണ്ടാക്കാത്ത പച്ചക്കറികൾ എന്നിവ കഴിച്ച് മലബന്ധത്തെ അകറ്റിനിറുത്തുക.

6. വൃക്കകൾക്ക് തകരാറുകളില്ലാത്തവർ ഒരു ദിവസം 4 ലിറ്റർ വെള്ളം കുടിക്കേണ്ടതാണ്.

7. ഉദരരോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഭക്ഷണം കഴിക്കുക.....

8. ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

9. ഒരേ ഇരുപ്പിൽ തന്നെ കുറേ സമയം ഇരിക്കാതിരിക്കുക.

10. പ്രാണായാമം, പവന മുക്താസനം തുടങ്ങിയ യോഗാസനങ്ങൾ ശീലിക്കുന്നതും വായുക്ഷോഭം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു.

ഡോ. ജാക്വിലിൻ. എ

മെഡി​ക്കൽ ഒാഫീസർ

ഗവ.ആയുർവേദ ആശുപത്രി​

കള്ളി​ക്കാട്, തി​രുവനന്തപുരം