marconi

ജയറാം നായകനാകുന്നു എന്നതിനെക്കാളുപരി,​ സനിൽ കളത്തിൽ സംവിധാനം ചെയ്ത മാർക്കോണി മത്തായി എന്ന സിനിമയെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാക്കിയത് മറ്റൊന്നായിരുന്നു. തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള ചുവട്‌വയ്പായിരുന്നു. എന്നാൽ,​ വിജയ് സേതുപതിക്ക് ഇത് കേവലമൊരു അരങ്ങേറ്റം മാത്രമാണ്.

ഒരു മത്തായിക്കഥ
2002ൽ ഉത്തര എന്ന സിനിമയ്ക്കു ശേഷം 17 വർഷങ്ങൾ കഴിഞ്ഞാണ് സനിൽ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്. ജയറാം അവതരിപ്പിക്കുന്ന മുൻ പട്ടാളക്കാരനും ഇപ്പോൾ ഒരു ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനുമായ മത്തായിയുടെ ജീവിതവും ബാങ്കിൽ തൂപ്പ് ജോലിക്ക് വരുന്ന യുവതിയുമായി ഉണ്ടാകുന്ന പ്രണയവുമാണ് സിനിമയുടെ ഇതിവൃത്തം. മാർക്കോണി എന്ന പേരിന് പിന്നിലും ഒരു കഥയുണ്ട്. പാട്ടുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന മത്തായി തന്റെ റേഡിയോയിലൂടെ പാട്ട് കേൾക്കാറുണ്ട്,​ മാത്രമല്ല,​ നാട്ടിലെ റേഡിയോയിൽ എഫ്.എം സ്റ്രേഷൻ ട്യൂൺ ചെയ്തുകൊടുത്തുതും മത്തായിയാണ്. അങ്ങനെ മാർക്കോണി മത്തായി എന്ന പേരുവീണു.

marconi1

മലയാള സിനിമയിൽ ഒരുപക്ഷേ,​ ഏറ്റവും കൂടുതൽ കാലം ക്രോണിക് ബാച്ചിലർ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയറാമായിരിക്കും. ജയറാമിനെ പെണ്ണുകെട്ടിക്കാനുള്ള സിനിമയിലെ ശ്രമങ്ങൾ പലപ്പോഴായി നമ്മൾ ബിഗ് സ്ക്രീനിൽ കണ്ടുമറന്നിട്ടുണ്ടാകും. ഇവിടെയും ജയറാമിനെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ തന്നെയാണ് സംവിധായകന്റെ ശ്രമം. എന്നാൽ അതിനിടെ അയാൾക്കുണ്ടാകുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സിനിമയെ നാടകീയതയിലേക്ക് ആഴ്‌ത്തുന്നു. ആദ്യപകുതിയുടെ അവസാന മിനിട്ട് സംവിധായകൻ അവസാനിപ്പിക്കുന്നത് തന്നെ രണ്ടാംപകുതിയിലേക്കുള്ള വെടിക്കെട്ട് കാത്തുവച്ചിട്ടാണ്. പിന്നീടുള്ള പൂരവും വെടിക്കെട്ടും എന്തെന്നത് തിയേറ്ററിൽ നിന്നറിയണം. സനിലും രജീഷ് മിഥിലയും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന തിരക്കഥയിൽ ജയറാമിന്റെ കുടുംബനായകൻ എന്ന ലേബൽ ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്. കേട്ടുമറന്ന പ്രണയക്കഥകളെ പുതിയ കാലഘട്ടത്തിനൊപ്പം ചേർക്കാനുള്ള സംവിധായകന്റെ വ്യഗ്രതയും ഇവിടെ കാണാം.

marconi2

ജയറാമിന്റെ പതിവ് സ്വാധീന മേഖലകളായ തമാശ,​ വികാരവിക്ഷോഭങ്ങൾ,​ ഒറ്റത്തടി ജീവിതമെല്ലാം വേണ്ടുവോളം സംവിധായകൻ ചൂഷണം ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ ഹൃദയത്തിൽ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാനുള്ള രംഗങ്ങളും അനവധി. സിനിമയുടെ രണ്ടാംപകുതി മുഴുവൻ നാടകീയത നിറഞ്ഞുനിൽക്കുന്നു. സംഭവങ്ങളിൽ നിന്ന് സംഭവങ്ങളിലേക്ക് അതിവേഗം വഴുതിമാറുന്നുണ്ട് കഥ.

മത്തായിയെ അവതരിപ്പിക്കുന്ന ജയറാമിന് വെല്ലുവിളി നിറഞ്ഞ‍ കഥാപാത്രമൊന്നുമല്ല ചിത്രത്തിലേത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമ പ്രേക്ഷകരാരും തന്നെ മറന്നിട്ടുണ്ടാവില്ല. കെട്ടാച്ചരക്കായി നിന്നുപോയ എത്രയെത്ര അച്ചായനും അല്ലാത്തതുമായ കഥാപാത്രങ്ങളെ ജയറാം ഉള്ളംകൈയിലിട്ട് അമ്മാനമാടിയിരിക്കുന്നു. യഥാർത്ഥത്തിൽ മത്തായി എന്ന ജയറാം കഥാപാത്രം ചില ഓർമപ്പെടുത്തലുകളാണ്. പറയാൻ മടിക്കുന്ന പ്രണയം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന കാമുകന്മാരുടെ,​ പെണ്ണുകിട്ടാതെയും പെണ്ണ് കെട്ടാതെയും പുര നിറഞ്ഞുനിൽക്കുന്ന കുറേ ആണുങ്ങളുടെയുമൊക്കെ പ്രതിനിധിയായി ജയറാം ഒരിക്കൽ കൂടി മാറിയിട്ടുണ്ട്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി കേരളത്തിലെ ഒരു എഫ്.എ റേഡിയോ സ്റ്റേഷനിലെത്തുന്ന കഥാപാത്രമായാണ് വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറം. എഫ്,​എം സ്റ്റേഷനിലിരുന്ന സംസാരിക്കുന്നതൊഴിച്ചാൽ വിജയ സേതുപതിക്ക് അഭിനയസാദ്ധ്യതയുള്ള വേഷമൊന്നുമല്ല ഇത്. ക്ളൈമാക്സിൽ നായകനൊപ്പം ഒരു ഗാനരംഗത്തിലെത്തുന്നുണ്ട് വിജയ് സേതുപതി.

marconi3

ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയായ ആത്മീയ രാജനാണ് ചിത്രത്തിലെ നായിക. അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആത്മീയ തന്റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. ആത്മീയയുടെ വേഷം കാണുമ്പോൾ രസതന്ത്രം സിനിമയിൽ മീരാജസ്‌മിൻ അവതരിപ്പിച്ച കൺമണി എന്ന കഥാപാത്രത്തെ ഒരുപക്ഷേ പ്രേക്ഷകരിൽ ചിലർക്കെങ്കിലും ഓർമ്മവന്നേക്കാം. ജോയ് മാത്യു,​ അജു വർഗീസ്,​ ടിനി ടോം,​ നരേൻ,​ മുകുന്ദൻ,​ ലക്ഷ്‌മിപ്രിയ,​ സുധീർ കരമന,​ കലാഭവൻ പ്രജോദ്,​ ഇടവേള ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സനിലിന്റെ സഹോദരൻ സാജൻ കളത്തിലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ ഭംഗിയും ഗോവയുടെ സൗന്ദര്യവുമൊക്ക സാജൻ നന്നായി പകർത്തിയിട്ടുണ്ട്.

വാൽക്കഷണം: എന്നാ പറയാനാ
റേറ്റിംഗ്: 2.5