തിരുവനന്തപുരം : 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്" എന്ന് തൊണ്ട പൊട്ടി ഒപ്പം നിന്ന് വിളിച്ച സഖാവ്, തൂവെള്ളക്കൊടിയുമായി നെഞ്ചുവിരിച്ചു നടന്ന കൂട്ടാളി, അവന്റെ നെഞ്ചിൽ കത്തിയിറക്കാൻ എസ്.എഫ്.ഐയുടെ ഒരു സഖാവിന് കഴിയുമോ? യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇന്നലെ കാമ്പസിൽ കുത്തേറ്റ് വീണതറിഞ്ഞവർ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവാം. യൂണിവേഴ്‌സിറ്റി കോളേജിനെയും എസ്.എഫ്.ഐ എന്ന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തെയും നെഞ്ചിലേറ്റിയവർ തകർന്നു പോയ നിമിഷം. ഭയാശങ്കകളുടെ ഭീകര മുഖമാണ് ഇന്നലെ യൂണിവേഴ്സിറ്റി കോളേജിൽ കണ്ടത്.
കോളേജിന്റെ അധികാരികളെന്ന് സ്വയം നടിച്ച് മദിക്കുന്ന ഒരു കൂട്ടം അക്രമികളായ വിദ്യാർത്ഥിക്കൂട്ടമാണ് കൂടെ നിന്നവനെ കുത്തിവീഴ്‌ത്തിയത്. കാമ്പസിലെ കത്തിക്കുത്തും സംഘർഷവും കോളേജും എം.ജി റോഡും കടന്ന് സെക്രട്ടേറിയറ്റ് പരിസരം വരെയെത്തി. നാല് മണിക്കൂറാണ് ഇവിടെ സംഘർഷത്തിൽ മുങ്ങിയത്. കോളേജ് കാന്റീനിലെ ഒരു പാട്ടാണ് ഗുരുതരമായി വളർന്ന പ്രശ്‌ന കാരണം.
സംഭവത്തിന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയ ഫ്ലാഷ്ബാക്ക്
ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിലും സുഹൃത്തുക്കളും കഴിഞ്ഞ ബുധനാഴ്‌ച കോളേജ് കാന്റീനിലിരുന്ന് ഒരു പാട്ട് പാടിയിരുന്നു. ഈ സമയം ഇവിടെയെത്തിയ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിലെ 'സ്വയം നേതാക്കൾ" ഇത് ചോദ്യം ചെയ്‌തു. അസഭ്യവും കൈയേറ്റവും അതിര് കടന്നതോടെ പാട്ടുപാടാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇനിയും പാടുമെന്നും അഖിൽ പറഞ്ഞതായി സുഹൃത്തുക്കൾ ഓർക്കുന്നു. ഈ പ്രതികരണം അവസാനിച്ചത് തല്ലില്ലാണ്. യൂണിറ്റംഗങ്ങൾ അഖിലിനെ ക്രൂരമായി മർദ്ദിച്ചു. മറ്റ് കുട്ടികളെത്തി യൂണിറ്റംഗങ്ങളെ പിടിച്ച് മാറ്റിയതോടെയാണ് പ്രശ്നം അവസാനിപ്പിച്ചത്.
ഇന്നലത്തെ രംഗങ്ങൾ (സമയ ക്രമത്തിൽ)
രാവിലെ 10.30 - റൗണ്ട്സും അടിയും
അഖിലും സുഹൃത്തുക്കളും ക്ലാസിന് മുന്നിലെ മരച്ചുവട്ടിലിരിക്കുമ്പോൾ എസ്.എഫ്.ഐ യൂണിറ്റിന്റെ സ്ഥിരം റൗണ്ട്സ് അതുവഴി പോയി. ഡിസംബർ 12ന് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്‌ത എസ്.എ.പിയിലെ പൊലീസുകാരായ ശരത്, വിനയചന്ദ്രൻ എന്നിവരെ മർദ്ദിച്ച കേസിലെ മുഖ്യപ്രതിയും യൂണിറ്റ് സെക്രട്ടറിയും എം.എ ഫിലോസഫി രണ്ടാം വർഷ വിദ്യാർത്ഥിയുമായ നസീമിന്റെ നേതൃത്വത്തിലായിരുന്നു റൗണ്ട്സ്. തുടർന്ന് അവിടെയിരിക്കാതെ ക്ലാസിൽ പോകാൻ അഖിലിനോട് ആവശ്യപ്പെട്ടതായി സുഹൃത്തുക്കൾ പറയുന്നു. ഈ പിരീഡ് ക്ലാസില്ലെന്നും ഇവിടെ തന്നെ ഇരിക്കുമെന്നും അറിയിച്ചതോടെ മുപ്പതംഗ റൗണ്ട്സ് സംഘം അഖിലിനെയും സുഹൃത്തുക്കളെയും മരച്ചുവട്ടിലിട്ട് മർദ്ദിച്ചു. തുടർന്ന് അഖിലിനെ പിടിച്ച് വലിച്ച് "ഇടിമുറി" എന്ന് കുപ്രസിദ്ധി നേടിയ യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയതായും കുട്ടികൾ പറയുന്നു. തുടർന്ന് അഖിലിന്റെ സുഹൃത്തുക്കളും യൂണിറ്റ് റൂമിലെത്തി.
രാവിലെ 11.00 - കത്തിക്കുത്ത്
ഇവിടെ വച്ച് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനിടെ അഖിലിന് കുത്തേറ്റു. നെഞ്ചിൽ കുത്തേറ്റ് പിടഞ്ഞ് വീണ അഖിലിനെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കാനെത്തിയപ്പോൾ യൂണിറ്റ് അംഗങ്ങൾ കോളേജ് ഗേറ്റ് പൂട്ടിയതായി വിദ്യാർത്ഥികൾ പറയുന്നു. പ്രശ്നം പരിഹരിച്ചശേഷം പോയാൽ മതിയെന്നായിരുന്നു യൂണിറ്റംഗങ്ങളുടെ വാശി. ആശുപത്രിയിൽ പോകണമെന്ന് കുട്ടികൾ ശഠിച്ചതോടെ മർദ്ദിക്കുമെന്ന് ആക്രോശിച്ച് അവരെ കാമ്പസിലേക്ക് ഓടിച്ച് കയറ്റി. കുട്ടികൾ ചിതറിയോടി.
രാവിലെ 11.30 എസ്.എഫ്.ഐക്കാർ എസ്.എഫ്.ഐക്കെതിരെ
അഖിലിന്റെ ക്ലാസിലെയും പൊളിറ്റിക്കൽ സയൻസ്, ഇസ്ലാമിക് ഹിസ്റ്ററി തുടങ്ങിയ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾ സംഘടിച്ചെത്തി ഗേറ്റ് ബലമായി തുറപ്പിച്ചു. തുടർന്ന് അഖിലിനെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. എസ്.എഫ്.ഐ യൂണിറ്റിന്റെ കൊള്ളരുതായ്‌മകൾ ഇനി സഹിക്കാൻ പറ്റില്ലെന്നും പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് ഇരുനൂറോളം എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
ഉച്ചയ്‌ക്ക് 12.15 - പൊലീസിന്റെ വരവ്
മാർച്ച് കഴിഞ്ഞെത്തിയ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ യൂണിറ്റുകാർ പുറത്ത് നിന്ന് ആളെ കോളേജിലെത്തിച്ചു. ഇതറിഞ്ഞ വിദ്യാർത്ഥികൾ അവർ കോളേജ് വിട്ടാലല്ലാതെ കാമ്പസിൽ പ്രവേശിക്കില്ലെന്ന് പറഞ്ഞ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. മിനിട്ടുകൾക്കകം പൊലീസ് കാമ്പസിലെത്തി യൂണിവേഴ്‌സിറ്റിയിൽ അല്ലാത്ത മുപ്പതോളം വിദ്യാർത്ഥികളെ പുറത്താക്കി. തുടർന്ന് വിദ്യാർത്ഥികൾ കോളേജിൽ കയറി.
ഉച്ചയ്‌ക്ക് 1.00 - ഇടിമുറിയിൽ സംഘർഷം
യൂണിറ്റ് സെക്രട്ടറി നസീമടക്കമുള്ളവർ അപ്പോഴേക്കും കാമ്പസ് വിട്ടിരുന്നു. മുൻ യൂണിറ്റ് സെക്രട്ടറി അനീഷാണ് അപ്പോൾ വിദ്യാർത്ഥികളെ അനുനയിപ്പിക്കാൻ കാമ്പസിലുണ്ടായിരുന്നത്. യൂണിറ്റ് പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളടക്കമുള്ളവർ യൂണിറ്റ് റൂമിലേക്ക് ഇരച്ചെത്തി. അവിടെയുണ്ടായിരുന്ന എസ്.എഫ്.ഐയുടെ ബോർഡ് എടുത്തുമാറ്റി. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വച്ചു. ഇതിനിടെ ഉന്തും തള്ളും നടന്നു. എസ്.എഫ്.ഐ ജില്ലാ നേതാക്കളെത്തി. ഇതെല്ലാം വാർത്താചാനലുകൾ ലൈവാക്കി.
ഉച്ചയ്‌ക്ക് 2.05 - ഒന്നുമറിയാത്ത പ്രിൻസിപ്പൽ
ഇതിനിടെ പ്രിൻസിപ്പലിന്റെ അനൗൺസ്‌മെന്റ് ഉച്ചഭാഷിണിയിലൂടെയെത്തി; 'മാദ്ധ്യമങ്ങൾ കാമ്പസിന് പുറത്തേക്ക് പോവുക. കുട്ടികളും പിരിഞ്ഞ് പോകണം". നിമിഷങ്ങൾക്കകം പ്രിൻസിപ്പൽ ഇൻചാർജായ ഡോ. വിശ്വംഭരൻ യൂണിറ്റ് റൂമിന് മുന്നിലെത്തി. അപ്പോഴാണ് അദ്ധ്യാപകരും പ്രിൻസിപ്പലും കോളേജിലുണ്ടെന്ന് തങ്ങൾക്ക് മനസിലായതെന്ന് വിദ്യാർത്ഥികൾ പോലും പറയുന്നു. തുടർന്ന് മാദ്ധ്യമങ്ങൾ ഗേറ്റിന് പുറത്തേക്ക്. അരമണിക്കൂറോളം പൊലീസും ഗേറ്റിന് പുറത്ത് തമ്പടിച്ച ശേഷം സ്ഥലം വിട്ടു.
വൈകിട്ട് 4.00
അക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു, എ.ഐ.എസ്.എഫ്, എം.എസ്.എഫ്, എ.ബി.വി.പി പ്രവർത്തകർ കോളേജ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് കന്റോൺമെന്റ് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കി.