july12b

ആറ്റിങ്ങൽ: കാടുകയറിത്തുടങ്ങിയ ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിക്ക് ഒടുവിൽ ശാപമോക്ഷം. ഇവിടെ ടെക്നോളജി ഡെവലപ്മെന്റ് സെന്റർ ആരംഭിക്കാൻ തീരുമാനം. അഡ്വ.ബി. സത്യൻ എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അടഞ്ഞുകിടക്കുന്ന സ്റ്റീൽ ഫാക്ടറിയെക്കുറിച്ച് കേരളകൗമുദി വാർത്ത വന്നതിന് ശേഷം ബി. സത്യൻ എം.എൽ.എ സഹിതം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലായത്. കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.എം.ഇക്ക് നിയന്ത്രണമുള്ള പി.പി.‌ഡി.സി അധീനതയിലാണ് ആറ്റിങ്ങൽ സ്റ്രീൽ ഫാക്ടറി. സ്‌കിൽ ഡെവലപ്മെന്റ് ട്രെയിനിംഗ്, വ്യവസായ പരിശീലനം, ആധുനിക ഐ.ടി വ്യവസായ പരിശീലനം എന്നിവ നൽകുന്ന കേന്ദ്രമാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച് രണ്ട് സ്ഥാപനങ്ങളും തമ്മിൽ കരാർ ഒപ്പിട്ടു. സംസ്ഥാന സർക്കാർ ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച് ഹൈ ലെവൽ മീറ്റിംഗ് തിരുവനന്തപുരത്ത് നടത്തും. കേന്ദ്ര സർക്കാർ പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിനു ശേഷമാണ് അടഞ്ഞുകിടന്ന സ്റ്റീൽ ഫാക്ടറി സംഘം സന്ദർശിച്ചത്. പുതിയ സംരംഭത്തിന് എല്ലാവിധ സഹായങ്ങളും ബി.സത്യൻ എം.എൽ.എ ഉറപ്പുനൽകി. സ്ഥാപനത്തിന്റെ പ്രവർത്തനം തുടങ്ങുമെന്ന് ഉറപ്പ് കിട്ടിയാൽ സ്ഥലം ജനപങ്കാളിത്തത്തോടെ വൃത്തിയാക്കി നൽകുമെന്ന് എം.എൽ.എ പറഞ്ഞു.

ആരംഭിക്കുന്നത്
--------------------------------

സ്കിൽ ഡെവലപ്മെന്റ് ട്രെയിനിംഗ്, വ്യവസായ പരിശീലനം. ആധുനിക ഐ.ടി വ്യവസായ പരിശീലനവും നൽകുന്ന കേന്ദ്രമാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്