vld-1-

വെള്ളറട: വെള്ളറട സർക്കാർ ആശുപത്രിയിൽ രാത്രികാല ചികിത്സ നിലച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. മലയോരമേഖലയിലെ പ്രധാന കിടത്തി ചികിത്സാ വിഭാഗം പ്രവർത്തിക്കുന്ന വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സ്ഥിതി ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേർ ദിവസവും ചികിത്സതേടിയെത്തുന്ന ആശുപത്രിയിൽ ഇപ്പോൾ ആവശ്യത്തിന് ഡോക്ടറും നഴ്സും മറ്റ് സ്റ്റാഫുകളും ഇല്ലാത്ത അവസ്ഥയാണ്. അടിയന്തരമായി ചികിത്സതേടിയെത്തുമ്പോൾ സ്റ്റാഫുകളുടെ കുറവുകാരണം ചികിത്സ കിട്ടാതെവരുന്നതിനാൽ പലപ്പോഴും ഇവിടെ സംഘർഷമുണ്ടാകുന്നതും പതിവാണ്. കിടത്തി ചികിത്സ ഉണ്ടായിരുന്ന ഇവിടെ അതും നിലച്ചിട്ട് വർഷങ്ങളായി. ആശുപത്രിയുടെ കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധവും ശക്തമാണ്. 108 ആംബുലൻസ് കട്ടപ്പുറത്തുകയറിയിട്ട് മാസങ്ങളായി. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് സർക്കാരിന്റെ കാഷ് പദവി അവാർഡും നേടിയിരുന്ന ഈ ആശുപത്രിയാണ് ഇപ്പോൾ ശോചനീയാവസ്ഥയിൽ കഴിയുന്നത്. മലയോരഗ്രാമപഞ്ചായത്തായ വെള്ളറട, അമ്പൂരി, കുന്നത്തുകാൽ, ആര്യങ്കോട് പഞ്ചായത്തിലെ ജനങ്ങളും അതിർത്തിക്കപ്പുറമുള്ള തമിഴ്നാട്ടിലെ ജനങ്ങളും ചികിത്സതേടിയെത്തുന്നതും ഇവിടെയാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു, എന്നാൽ അതിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇവിടെയില്ലാത്തതാണ് പരാതികൾക്ക് വഴിവയ്ക്കുന്നത്. ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റുകളും മറ്റ് സ്റ്റാഫുകളുടെയും കുറവ് ഇവിടെയുണ്ട്. ആവിശ്യത്തിന് വേണ്ട മരുന്നുപോലും പലപ്പോഴും ഇവിടെ കിട്ടാറില്ല. മരുന്നുകൾ പലപ്പോഴും പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തെ മലയോര വാസികൾ.