വിതുര: വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട്പഞ്ചായത്തുകളിൽ പകർച്ച പനിയുടെ താണ്ഡവം തുടരുന്നു. ആശുപത്രികളിൽ പനി ബാധിച്ചെത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ പനിബാധിതരായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുകഴിഞ്ഞു. അഞ്ഞൂറും, അറുനൂറും പേരാണ് മിക്ക ദിവസങ്ങളിലും ചികിത്സ തേടിയെത്തുന്നത്. രണ്ട് ആഴ്ചയായി ഇൗ സ്ഥിതി വിശേഷമാണ്. കടുത്തപനി, ചുമ, ജലദോഷം, തലവേദന എന്നീ അസുഖങ്ങൾ ബാധിച്ചാണ് കൂടുതൽ പേരും ആശുപത്രിയിലെത്തുന്നത്. പനിയുമായി എത്തുന്ന മിക്കവർക്കും കൗണ്ട് തീരെ കുറഞ്ഞ് അവശനിലയിൽ ആശുപത്രിയിൽ അഡ്മിറ്റാകുകയാണ് പതിവ്. ഡെങ്കിപ്പനി ബാധിച്ച അനവധി പേരും ചികിത്സ തേടിയെത്തുന്നുണ്ട്. പനി നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ സ്ഥിതിഗതികൾ മറിച്ചാണ്. താലൂക്ക് ആശുപത്രി പനിബാധിതരാൽ നിറഞ്ഞുകഴിഞ്ഞു. അസുഖം മൂർച്ഛിച്ചെത്തുന്നവരെ അഡ്മിറ്റ് ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. കടുത്തപനിയുമായി എത്തിയ അനവധി പേരെ മെഡിക്കൽകോളജ് ആശുപത്രിയിലേക്കും ജില്ലാആശുപത്രിയിലേക്കും റഫർചെയ്തിട്ടുണ്ട്. തൊളിക്കോട്, മലയടി ആശുപത്രികളിലും, ആയുർവേദ, ഹോമിയോ ആശുപത്രികളിലും പനി ബാധിതരുടെ തിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ അവസ്ഥയും വിഭിന്നമല്ല. ആദിവാസി, തോട്ടം മേഖലകളിലും പനിയുടെ താണ്ഡവമാണ്. അനവധി ആദിവാസികൾ കടുത്ത പനിബാധമൂലം ചികിത്സയിലാണ്.
പകർച്ച പനി കുട്ടികൾക്കിടയിലും വ്യാപിക്കുകയാണ്. പനിയുടെ താണ്ഡവം നിമിത്തം സ്കൂളുകളിലും ഹാജർനില ഗണ്യമായി കുറഞ്ഞതായി അദ്ധ്യാപകർ പറയുന്നു. പനിയുടെ ആക്രമണം സമസ്ത മേഖലകളയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നെടുമങ്ങാട് എച്ച്.വൺ എൻ.വൺ ബാധിച്ച് വിദ്യാർത്ഥി മരണപ്പെട്ടതോടെ മലയോര മേഖലയും ഭീതിയിലാണ്. ആദിവാസി, തോട്ടം മേഖലകളിൽ പകർച്ചപനിക്ക് തടയിടുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മെഡിക്കൽക്യാമ്പുകൾ സംഘടിപ്പിച്ച് മരുന്നുകൾ വിതരണം നടത്തണമെന്നാണ് ആവശ്യം.
വിതുര, തൊളിക്കോട് മേഖലയിൽ പനിബാധയുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. അസുഖത്തിന്റെ ആരംഭത്തിൽ തന്നെ ആശുപത്രിയിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.
വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ നിന്നായി നൂറുകണക്കിന് പേർ ചികിത്സ തേടിയെത്തുന്ന വിതുര ഗവ. ആശുപത്രിയുടെ അവസ്ഥയും പരിതാപകരമാണ്. കമ്മൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. ആശുപത്രി ഇപ്പോഴും പഴയപടിയിലാണ് പ്രവർത്തിക്കുന്നത്. താലൂക്ക് ആശുപത്രി എന്ന ബോഡ് മാത്രമേ സ്വന്തമായുള്ളു. ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫ് നഴ്സുമാരേയും മറ്റ് ജീവനക്കാരേയും ഇതുവരെ നിയമിച്ചിട്ടില്ല. ചികിത്സതേടിയെത്തുന്ന രോഗികളെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് അയക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരെ നിയമിച്ച് പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്. മാത്രമല്ല പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനും കോൺഗ്രസ് മണ്ഡലംകമ്മിറ്റിയും ബി.ജെ.പിയും ആശുപത്രി പടിക്കൽ സമരം നടത്തിയിരുന്നു. എന്നിട്ടും ഫലം കണ്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
.