അഹമ്മദാബാദ്: അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും ചെയർമാൻ അജയ് പട്ടേലും നൽകിയ അപകീർത്തിക്കേസിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്ക് ഗുജറാത്ത് മെട്രോപൊളിറ്റൻ കോടതി ജാമ്യം അനുവദിച്ചു. 15,000 രൂപയാണ് ജാമ്യത്തുക. സെപ്തംബർ ഏഴിന് വീണ്ടും കേസ് പരിഗണിക്കും.

ഇന്നലെ കേസിന്റെ ആവശ്യത്തിനായി ഗുജറാത്തിലെത്തിയ രാഹുൽഗാന്ധി പൊതുവേദിയിൽ ആശയപ്പോരാട്ടം നടത്താൻ അവസരം നൽകുന്നതിന് ആർ.എസ്.എസിലെയും ബി.ജെ.പിയിലെയും എതിരാളികൾക്ക് നന്ദി പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

നോട്ട് നിരോധനത്തിന് പിന്നാലെ 750 കോടി രൂപയുടെ നിരോധിച്ച നോട്ട് കൈമാറിയതിൽ ബാങ്ക് അഴിമതി നടത്തിയെന്ന പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയ്ക്കുമെതിരെ ബാങ്ക് മാനനഷ്ടക്കേസ് നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ ബാങ്കിന്റെ ഡയറക്ടർമാരിലൊരാളാണ്.