നെയ്യാറ്റിൻകര: കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന അജ്ഞാത ജീവിയെ പേടിച്ച് കഴിയുകയാണ് കൊടങ്ങാവിള നിവാസികൾ. അജ്ഞാത ജീവി പുലിയാകാമെന്ന നിഗമനത്തിലാണ് ഏവരും. ആക്രമണം വളർത്തു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് തിരിയുമോ എന്ന ആശങ്കയിലാണ് ജനം. ഏതാണ്ട് ഒന്നര മാസം മുമ്പ് പ്രദേശവാസിയായ ഒരു വീട്ടമ്മ പുലിയോട് സാദൃശ്യമുള്ള ഒരു ജീവിയെ കണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ജനവാസ മേഖലയിൽ പുലിയോട് സാദൃശ്യമുള്ള ജീവിയുടെ കാൽപ്പാടുകളും കണ്ടെത്തി. വളത്തു മൃഗങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തി മാംസം തിന്നതിന്റെയും ലക്ഷണങ്ങൾവിലയിരുത്തിയ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉദ്യോഗസ്ഥർക്ക് അജ്ഞാത ജീവി പുലിയല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യത്തിലാണ്. പ്രദേശത്തെ ഒരു ജനപ്രതിനിധി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചതിനെ തുടർന്നും മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലുമാണ് തിരുവനന്തപുരം ഫ്ലൈയിംഗ് സ്കോട്ടിലെ ഫോറസ്റ്റ് ഓഫീസർ ജഗതീഷിന്റെയും പരുത്തിപ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അബിലാഷിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചത്. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ കൊടങ്ങാവിളയിലെ പാറവിളയിൽ വെള്ളം കയറുകയുണ്ടായി. നെയ്യാറിലൂടെ ഒഴികിയെത്തിയ പുലി ഇവിടെ കുടുങ്ങിയതാകാം. അതല്ലെങ്കിൽ അന്യസംസ്ഥാനങ്ങളിൽ ഓട്ടം പോയ് വരുന്ന ലോറികളുടെ മുകളിൽ കുടുങ്ങി പുലി ഇവിടെ എത്തിയതുമാകാമെന്നാണ് ഫോറസ്റ്റ് ഫ്ലൈയിംഗ് സ്കോട് ഓഫീസർ ജഗതീഷ് പറയുന്നത്. പ്രദേശത്ത് ഇന്ന് രണ്ടു തരത്തിലുള്ള പുലിക്കുടുകൾ വെയ്ക്കാനാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. ജനങ്ങളുടെ ഭീതി അകറ്റാൻ ഫോറസ്റ്റ് ഫ്ലൈയിംഗ് സ്കോഡിന്റെ നൈറ്റ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസും സ്ഥലത്ത് വേണ്ട ജാഗ്രതാഡ്യൂട്ടി ഏർപ്പെടുത്തിയിട്ടുണ്ട്.