ആറ് പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്
എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചു വിടും
അഖിലിനെ കുത്തിയത് 'ഇടിമുറിയിൽ'
മന്ത്രി ജലീൽ റിപ്പോർട്ട് തേടി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ രാഷ്‌ട്രീയ ഗുണ്ടായിസം മൂലം പഠിക്കാൻ അന്തരീക്ഷമില്ലെന്ന് പറഞ്ഞ് ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ടി.സി വാങ്ങി പോവുകയും ചെയ്‌തതിന് പിന്നാലെ ഇന്നലെ എസ്.എഫ്.ഐക്കാർ കാമ്പസിൽ നടത്തിയ അഴിഞ്ഞാട്ടത്തിനിടെ സ്വന്തം പ്രവർത്തകനെ നെഞ്ചിൽ കുത്തി വീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.
ആക്രമണത്തിൽ പ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമൽ എന്നിവർ ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതിൽ നസീം അടുത്തിടെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ്. അഖിലിനെ കുത്തിയത് ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കാര്യങ്ങൾ കൈവിട്ട് പോയതോടെ ആറ് പേരെയും സസ്പെൻഡ് ചെയ്‌തെന്നും എസ്.എഫ്.ഐയുടെ കോളേജ് യൂണിറ്റ് പിരിച്ചുവിടുമെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു അറിയിച്ചു.
സംഭവത്തെ പറ്റി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി.
കാന്റീനിൽ പാട്ടുപാടിയതിനാണ് അഖിൽ ചന്ദ്രനെ എസ്.എഫ്.ഐക്കാർ ഒരറ്റത്തുനിന്ന് ഗേറ്റ് വരെ വളഞ്ഞിട്ട് മർദ്ദിച്ചത്. പിന്നീട് എസ്.എഫ്.ഐയുടെ ഇടിമുറി എന്ന് അറിയപ്പെടുന്ന യൂണിറ്റ് ഒാഫീസിലേക്ക് കൊണ്ടുപോയി. അവിടെ വച്ചും മർദ്ദിച്ച ശേഷമാണ് കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതോടെ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ കൂട്ടത്തോടെ എസ്.എഫ്.ഐക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തിറങ്ങി. കോളേജ് യൂണിറ്റ് പിരിച്ചുവിടണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഘർഷം രൂക്ഷമായിട്ടും കോളേജിന് പുറത്ത് പൊലീസും കോളേജിലെ മുറികളിൽ പ്രിൻസിപ്പലും അദ്ധ്യാപകരും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.
കാമ്പസിൽ നാല് മണിക്കൂറോളം സ്ഫോടനാത്മകമായ അന്തരീക്ഷമായിരുന്നു. മാദ്ധ്യമങ്ങളെ പ്രിൻസിപ്പൽ കാമ്പസിന് പുറത്താക്കി.
എസ് എഫ്.ഐക്കെതിരെ നിശിതമായ ഭാഷയിൽ പ്രതികരിച്ച പെൺകുട്ടികളുൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്ന് എസ്.എഫ്.ഐ നേതാക്കൾ ഉറപ്പ് കൊടുത്തതോടെയാണ് സംഘർഷം അയഞ്ഞത്. ആദ്യമായാണ് കാമ്പസ് ഒന്നാകെ എസ്.എഫ്.ഐക്കെതിരെ പ്രതിഷേധിക്കുന്നത്. കോളേജിന് ഇന്നലെ അവധി പ്രഖ്യാപിച്ചു. നഗരത്തിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.
അഖിലിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും തടഞ്ഞു
നെഞ്ചിൽ ആഴത്തിലേറ്റ മുറിവിൽ നിന്ന് ചോരചീറ്റിയ അഖിലിനെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള മറ്റ് വിദ്യാർത്ഥികളുടെ ശ്രമം എസ്.എഫ്.ഐക്കാർ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഒടുവിൽ വിദ്യാർത്ഥികൾ സംഘടിച്ചെത്തി ഗേറ്റ് തുറപ്പിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച അഖിലിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഖിലിന് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും സ്ഥിതി ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അഖിൽ ഐ. സി.യുവിലാണ്. തലയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം കളിപ്പാൻകുളം സ്വദേശി ചന്ദ്രൻ - ജിജില ദമ്പതികളുടെ മകനാണ് അഖിൽ ചന്ദ്രൻ.
പാട്ട് പാടിയതിന് അടി, കുത്ത്
രാവിലെ 11 മണിയോടെ കാന്റീനിലിരുന്ന് ഒരു സംഘം പാട്ടു പാടിയതോടെയാണ് പ്രശ്‌നമുണ്ടായത്. അറബിക് വകുപ്പിലെ ഉമൈർ എന്ന വിദ്യാർത്ഥിയെയാണ് ആദ്യം മർദ്ദിച്ചത്. അത് ചോദ്യം ചെയ്തതിനാണ് അഖിലിനെ മർദ്ദിച്ചത്. സ്വന്തം പ്രവർത്തകനെ കുത്തിവീഴ്‌ത്തിയതോടെ യൂണിവേഴ്സിറ്റി കോളേജിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ എസ്.എഫ്.ഐക്കെതിരെ പ്രതിഷേധം ഇരമ്പി. എസ്.എഫ്.ഐ യൂണിറ്റ് പിരിച്ച് വിടണമെന്ന മുദ്രാവാക്യങ്ങൾ മുഴക്കി.
പ്രശ്‌നം പരിഹരിക്കാൻ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ഉൾപ്പെടെ എത്തി. പക്ഷേ വിദ്യാർത്ഥികൾ വഴങ്ങിയില്ല. മാദ്ധ്യമപ്രവർത്തകരെയും എസ്.എഫ്.ഐക്കാർ തടഞ്ഞു. കോളേജിന് മുന്നിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എസ്.എഫ്, എ.ബി.വി.പി പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടും. പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചെങ്കിൽ നടപടി സ്വീകരിക്കും.
വി.പി. സാനു,
എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്