വളരെ ഉയരമുള്ള ഒരു വൃക്ഷത്തിന്റെ മേൽക്കൊമ്പിൽ വലിയൊരു തേനീച്ചക്കൂടുണ്ടായിരുന്നു. അതുകണ്ട രണ്ടുപേർ ഏതുവിധേനയും തേൻ സ്വന്തമാക്കണമെന്നു കരുതി പരിശ്രമത്തിലേർപ്പെട്ടു. ആ വന്മരത്തിൽ കയറാൻ എളുപ്പമായിരുന്നില്ല. വളരെ നീളമുള്ള കയർ വൃക്ഷത്തിന്റെ ശാഖകളിൽ കെട്ടി ഇരുവരും മുകളിലേക്ക് വലിഞ്ഞു കയറി. വളരെ സാഹസികത നിറഞ്ഞതായിരുന്നു കയറ്റം. അതിനവരെ പ്രേരിപ്പിച്ചത് മുകളിൽക്കണ്ട തേൻകൂടിന്റെ വലിപ്പവും തേനിന്റെ രുചിയുമായിരുന്നു. പക്ഷേ തേനീച്ചക്കൂടിൽ തൊടാനാകും മുമ്പേ ഇരുവരും കയർ പൊട്ടി താഴേക്ക് പതിച്ചു. എന്നാൽ അവരുടെ ദാരുണാന്ത്യം കണ്ടവരിൽ ഒരാൾപോലും മരത്തെ പഴിച്ചില്ല.
അതുപോലെ വളരെ ഉയരത്തിൽ നിന്ന് ഒരു പുഴയിലേക്ക് ചാടിക്കളിക്കുന്നതിനിടയിൽ നാലഞ്ച് കുട്ടികൾ മുങ്ങി മരിക്കാനിടയായി. ഈ ദാരുണസംഭവം ഒരു പ്രദേശത്തെയാകെ വേദനിപ്പിച്ചെങ്കിലും ആരും ദുരന്തത്തിന്റെ പേരിൽ പുഴയെ പഴിച്ചില്ല. എന്താണതിന് കാരണം? പ്രകൃതി നിലനിറുത്തിയിരിക്കുന്നതിനു മേലുള്ള മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത കടന്നുകയറ്റങ്ങളാണ് ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. അതുകൊണ്ട് മുന്നറിവും മുന്നറിയിപ്പ് അവഗണിച്ച് വീണ്ടുവിചാരവുമില്ലാതെയുമുള്ള കടന്നുകയറ്റങ്ങൾ മനുഷ്യൻ സ്വയം നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണം. കടന്നുകയറ്റങ്ങളാണ് എക്കാലത്തും മനുഷ്യനെ വ്യക്തിപരമായും സാമൂഹ്യപരമായും ഏറെ വേദനിപ്പിച്ചിട്ടുള്ളതും ഭിന്നിപ്പിച്ചിട്ടുള്ളതും.
കടന്നുകയറ്റം ഏതു തരത്തിലുള്ളതായാലും അത് നമുക്ക് ഈശ്വരൻ അനുവദിച്ച പരിധി ലംഘിക്കലാണ്. നമ്മുടെ ജീവിതത്തിന്റെ ആയോജകൻ നമ്മൾ തന്നെയാണെന്നതിനാൽ ഈ പരിധി തിരിച്ചറിയാനുള്ള വിവേകവും നമ്മൾ തന്നെ സമ്പാദിക്കണം. മരത്തിൽ കയറാനും പുഴയിൽ നീന്താനും ഫലങ്ങൾ പറിക്കാനും ഇരകളെ തേടി ഭക്ഷിക്കാനുമൊക്കെ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ അത് നിയതിക്കും നീതിക്കും ഇണങ്ങാത്തവിധം മറ്റൊന്നിന്റെ ജീവിതത്തെയോ സ്വകാര്യതയെയോ അസ്ഥിത്വത്തെയോ നിഷേധിച്ചുകൊണ്ടോ ലംഘിച്ചുകൊണ്ടോ ആവരുതെന്നേയുള്ളൂ. ഈ മൗലികമായ ജന്മാവകാശത്തെ എല്ലാവരും പരസ്പരം മാനിക്കുകയും പാലിക്കുകയും ചെയ്യുന്നതായാൽ കടന്നുകയറ്റങ്ങളുണ്ടാക്കുന്ന അവിവേകത്തിനിരിക്കാൻ ഇടമില്ലാതെ വരും.
ആധുനിക സമൂഹത്തെ ഏറ്റവും കൂടുതൽ ദുഷിപ്പിക്കുന്നതും ഭിന്നിപ്പിക്കുന്നതും ഇത്തരം കടന്നുകയറ്റങ്ങളുടെ പരിധിയില്ലായ്മകളാണ്. ഇന്ന് ഒരാളുടെ സ്വകാര്യജീവിതത്തിലേക്ക് , തൊഴിൽമേഖലയിലേക്ക് പഠന ഗവേഷണ വിഷയങ്ങളിലേക്ക് ആചാരാനുഷ്ഠാനങ്ങളിലേക്ക് വിശ്വാസപരതയിലേക്ക് ബൗദ്ധിക വ്യവഹാരങ്ങളിലേക്ക് എല്ലാം കടന്നുകയറ്റങ്ങൾ സംഭവിക്കുകയാണ്. അതിന്റെ ഫലമായി ഒരാളിന്റെ ചിന്തയിലും സങ്കല്പത്തിലും വരെ മറ്റൊരാളിന്റെ ചിന്തയുടെയും സങ്കല്പത്തിന്റെയും കടന്നുകയറ്റത്തിന്റെ സ്വാധീനം പ്രതിഫലിക്കുകയാണ്. ഇത് ഒരുവനിലിരിക്കുന്ന സർഗാത്മകത സ്വതന്ത്രമായി വെളിപ്പെട്ടുവരാൻ സഹായിക്കില്ല.
ഒരുവനെ നീതിമാനും വിശ്വാസിയും സ്നേഹസ്വരൂപനും കൃപാലുവും ത്യാഗിയുമൊക്കെയാക്കിത്തീർക്കുന്നത് പൂവിൽ സുഗന്ധമെന്നപോലെ അവനിൽ ഒളിഞ്ഞിരിക്കുന്ന ഈശ്വരേച്ഛയുടെ ഒരു നാളമാണ്. ഈ നാളത്തിനാണ് സർഗാത്മകത എന്നുപറയുന്നത്. സർഗാത്മകതയുടെ മൊട്ടിൽ നിന്നാണ് മനുഷ്യത്വമെന്ന മാനവിക ഹാരം രൂപപ്പെട്ടു വരുന്നത്. സൈദ്ധാന്തികമായ സമ്മർദ്ദവും സർഗ്ഗാത്മകമായ പ്രഛാദനവും (മറവും) സൃഷ്ടിക്കുന്ന ബൗദ്ധികവും ചിന്താപരവുമായ കടന്നുകയറ്റങ്ങളെ ഇന്നു അഭ്യസ്തവിദ്യർക്കു പോലും വേണ്ടുംവിധം ഭേദിക്കാനോ മറികടക്കാനോ കഴിയുന്നില്ലെന്നതാണു വാസ്തവം. ഇങ്ങനെ നമ്മളറിയാതെതന്നെ നമ്മൾ മറ്റൊന്നിനു ഉപകരണമായിത്തീരുകയാണ്. നമ്മൾ നമ്മളെ ഉപയോഗിക്കുന്നതിനേക്കാൾ നമ്മളെ മറ്റൊന്ന് ഉപയോഗിക്കുന്ന ഒരുതരം ചിന്താ -ബൗദ്ധികാധിനിവേശത്തിന്റെ നിഗൂഢമായൊരു നിലയിലേക്ക് നമ്മളും ചെന്നെത്തി നില്ക്കുന്നു എന്നതാണ് ഈ ശാസ്ത്രകാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. ഭൗതികമായാലും ബൗദ്ധികമായാലും ആത്മീയമായാലും കടന്നുകയറ്റങ്ങളില്ലാത്ത ജീവിതമാണ് നമുക്കുണ്ടാവേണ്ടത്. അതാണ് എല്ലാവരും അഭിലഷിക്കുന്നതും.
ഒരു ചിലന്തി അതിന്റെ ഉള്ളിലിരിക്കുന്ന നൂല് വലിച്ച് പുറത്തു വലകെട്ടി, പ്രാണികളെ ആകർഷിച്ച് സ്വന്തമാക്കുന്നതുപോലെയാണ് ഈ മായികപ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ഗുരുദേവ തൃപ്പാദങ്ങൾ ഷൺമുഖസ്തോത്രത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
ഇവിടെ ചിലന്തി വിരിക്കുന്ന വലയിൽ പ്രാണികളകപ്പെട്ട് ചിലന്തിക്ക് ഇരയായിത്തീരും പോലെ നമ്മളും നമ്മുടെ സർഗാത്മകതയും ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും മറ്റും പേരിൽ കടന്നു കയറ്റങ്ങൾ സൃഷ്ടിക്കുന്നവർക്ക് ഇരയായിത്തീരുകയാണ്. ഈ കടന്നുകയറ്റങ്ങളെ പുറംകണ്ണു കൊണ്ടും അകക്കണ്ണുകൊണ്ടും ഒരുപോലെ കാണാനാകണം. എന്തുകൊണ്ടെന്നാൽ നമ്മുടെ ജീവിതത്തെ ഒരു പണയവസ്തുവിനെ എന്നപോലെ മാറ്റിത്തീർക്കാൻ ആരൊക്കെയോ കാത്തുനില്ക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പുഴയിൽ ചാടിയും വന്മരത്തിൽ വലിഞ്ഞു കയറിയും ആപത്തിനിരയായിത്തീരും പോലെ നമ്മുടെ ജീവിതം പൊലിഞ്ഞു പോകാതിരിക്കാൻ നാം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. മണ്ണ് നനഞ്ഞാൽ അതിനെ ഏതു രൂപത്തിലേക്കും വാർത്തെടുക്കാം. നമ്മുടെ സർഗാത്മകത ഏതെങ്കിലും കടന്നുകയറ്റത്തിന് ഭ്രമപ്പെട്ടു പോയാൽ അതിനെ പഴിച്ചിട്ട് പ്രയോജനമില്ല. നമ്മൾ മറ്റൊന്നായി ഈ ലോകത്ത് വാർത്തെടുക്കപ്പെട്ടു പോകും. ഈ തിരിച്ചറിവാണ് നമ്മുടെ സർഗാത്മകതയെ സ്വതന്ത്രമായി നിലനിറുത്താനാവശ്യം.