ധർമ്മം ഉടലെടുത്ത ഭഗവാനാണ് രാമായണത്തിന്റെ സൗന്ദര്യം. ധർമ്മവിഗ്രഹം പൂണ്ട നിർമ്മല സ്വരൂപന്റെ ധന്യമായ ഗീതങ്ങൾ പാടുന്ന രാമായണം രാവിനെ പകലാക്കുന്നു. അഹന്തയെ എളിമയാക്കുന്ന രാമായണം, അജ്ഞതയെ വിജ്ഞാനമാക്കുന്നു. മനുഷ്യ കഥാനുഗായിയായ, രസനിഷ്യന്തിയായ ആത്മാന്വേഷണത്വരയെ ഉദ്ദീപിപ്പിക്കുന്ന 'അദ്ധ്യാത്മരാമായണം" അധ്യയനം ചെയ്യുന്നോർക്ക് അദ്ധ്യാത്മ ജ്ഞാനമെന്നല്ല, മോക്ഷവും കൈവരും.
അജഞാന ജഡിലവും അധികാര ഭ്രമപൂർണവുമായ മനുഷ്യജീവിതത്തിന്റെ വെളിച്ചത്തിലേക്കുള്ള പ്രയാണത്തെ പ്രഘോഷണം ചെയ്യുന്ന രാമായണത്തിൽ ഇരുപത്തിനാലായിരം അനുഷ്ടുപ്പ് ശ്ളോകങ്ങളും ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, അരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ആറു കാണ്ഡങ്ങളും അടങ്ങിയിരിക്കുന്നു. സദാചാരം, കളങ്കരഹിതമായ സുഹൃദ് ബന്ധം, ശ്രേഷ്ഠമായ പിതൃഭക്തി, വന്ദ്യമായ മാതൃഭക്തി ഉത്ക്കടമായ ആദർശനിഷ്ഠ, സ്വാർത്ഥരഹിതമായ സേവനശുദ്ധി, മാതൃകാപരമായ
പാതിവ്രത്യശുദ്ധി എന്നിങ്ങനെ ഉത്കൃഷ്ടമായ കർമ്മഗുണങ്ങളുടെ സംശുദ്ധതയെ വിളംബരം ചെയ്യുന്ന രാമന്റെ അയനം. സീതാദേവിയുടെ ത്യാഗത്തിന്റെയും വിശുദ്ധിയുടെയും കഥ കൂടിയായ രാമായണം, ജന്മംകൊണ്ട് ശ്രദ്ധിച്ചിട്ടുള്ള താപത്രയങ്ങളും ആധിവ്യാധികളും ദൂരത്ത് അകറ്റുന്നു.
തമസാനദിയിലെ സന്ധ്യാസ്നാന വേളിൽ വിരഹ വ്യഥിതമായ ക്രൗഞ്ചമിഥുനത്തിനെക്കണ്ട് ഉണ്ടായ ഹൃദയവ്യഥയാൽ 'ആദികവി", കാട്ടാളനെ ശപിച്ചുകൊണ്ടു നിൽക്കവേ പ്രത്യക്ഷനായ ബ്രഹ്മാവ് വാത്മീകിയുടെ ശ്ളോകത്തിന്റെ രൂപത്തിൽ ശ്രീരാമകഥ രചിക്കാൻ ഉപദേശിച്ച് അനുഗ്രഹിച്ചു. ശ്രീരാമചന്ദ്രന്റെ ജീവിത ദശാസന്ധികൾ ബ്രഹ്മദേവൻ മഹർഷിയെ ധരിപ്പിച്ചു. ഉത്തരകാണ്ഡമുൾപ്പെടെ ഏഴ് കാണ്ഡങ്ങളിലായി അഞ്ഞൂറ് അദ്ധ്യായങ്ങൾ കൊണ്ട് അലംകൃതമാണ് രാമായണം. രാമായണ പാരായണം അന്തരീക്ഷത്തെ പരിശുദ്ധമാക്കുമാറ് അയൽപക്കത്തു കേൾക്കുംവിധം വേണമെന്നാണ്. അശുദ്ധിയായ ശരീരത്തോടും അലക്ഷ്യമായ മനസോടും മലിനമായ ചിന്ത വ്യാപരിക്കുന്ന ഹൃദയത്തോടും കൂടി രാമായണം പാരായണം ചെയ്യരുത്. ഒരദ്ധ്യായം പകുതി വച്ചാണ് വായിച്ചു നിറുത്തുന്നതെങ്കിൽ വലതുഭാഗത്ത് നിറുത്തണം. അദ്ധ്യായം മുഴുവനായിട്ടാണ് പാരായണം ചെയ്തു നിറുത്തുന്നതെങ്കിൽ എവിടെവച്ചു നിറുത്തിയാലും അപാകമില്ല. ശ്രീരാമന്റെ 'രാമരാജ്യം"സമത്വവും സ്നേഹവും സമന്വയവും സംശുദ്ധിയും വിളംബരം ചെയ്യുന്നു. ജാതിഭേദങ്ങളേതുമില്ലാത്ത രാമരാജ്യമാണ് ശ്രീരാമൻ വിഭാവനം ചെയ്തത്. ശ്രീരാമന്റെ സ്നേഹ സങ്കല്പവും ത്യാഗശുദ്ധിയും കർത്തവ്യനിഷ്ഠയും പ്രജാക്ഷേമ തത്പരതയും ഭരണവിശുദ്ധിയും മറ്റുള്ളവർക്ക് അഹിതമാകാവുന്ന സ്വന്തം നേട്ടങ്ങളോടുള്ള വിമുഖതയുമെല്ലാം ലോകപ്രകീർത്തിതമായ രാമരാജ്യത്തിന്റെ മഹൗന്നത്യത്തെ കാണിക്കുന്നു. ഹിംസാത്മകമായ വർത്തമാനകാല ബീഭത്സതയുടെ നടുവിൽ അഹിംസയെ ആഹ്വാനം ചെയ്യുന്ന 'രാമായണം'കഥ സമുദ്രവും പർവതങ്ങളുമുള്ള കാലത്തോളം ലോകോത്തര മഹിമാവിശേഷമായി - ലോകേതിഹാസമായി - നിലനിൽക്കുമെങ്കിൽ അതിൽ അത്ഭുതപ്പെടാനെന്തുള്ളൂ!
ഇവിടെ കർക്കടകങ്ങളുടെ ദുർഘടങ്ങൾ പ്രാർത്ഥനാപൂർണമാകുന്നു. ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനത്തിലേക്ക് സൂര്യൻ പ്രവേശിക്കുന്ന വേള. ദേവന്മാർക്ക് ഉത്തരായനം പകലും ദക്ഷിണായനം രാത്രിയുമത്രെ. അതുകൊണ്ടുതന്നെ ഉത്തരായനത്തിൽ ഉത്തമകാര്യങ്ങളെന്നാണ്. ദക്ഷിണായനാരംഭമായ കർക്കടകം ദേവന്മാരുടെ സന്ധ്യാമുഹൂർത്തമാണ്. ഇരുട്ടിലേക്കുള്ള വഴി പ്രകാശപൂർണമാക്കും വിധം സന്ധ്യാമുഹൂർത്തമായ കർക്കടകമാകെ വെളിച്ചത്തെ പ്രോജ്വലിപ്പിക്കുമാറ് വിളക്കുതെളിച്ച് നമിച്ച് സദാ ഇരുട്ടകറ്റി ജ്ഞാനാഞ്ജാന ശലാകയുയർത്തി അനുഗ്രഹവർഷത്തിനായി കഴിയുന്ന മനുഷ്യസമൂഹത്തെയാണ് ഇവിടെ കാണുന്നത്. അജ്ഞതയാകുന്ന അന്ധതയെ അകറ്റി പ്രജ്ഞാനമാകുന്ന ബ്രഹ്മത്തെ തിരിച്ചറിയാൻ പ്രതിജ്ഞാബദ്ധമാകുന്ന സമൂഹം!
സമൂഹത്തിൽ നടമാടുന്ന അനൗചിത്യങ്ങൾക്കും അപചയങ്ങൾക്കും നടുവിൽ ധർമ്മത്തിന്റെ പ്രായോഗികത കാട്ടിത്തരുന്ന രാമായണം, ഏറെപ്പഠിച്ചെന്നു ധരിക്കുന്ന അപക്വനായ മനുഷ്യന് ലഭിക്കുന്ന ബൃഹദ്പാഠമാണ്. ശ്രദ്ധായുക്തരായ ഉത്ക്കർഷേച്ഛുക്കൾക്ക് സഹജീവി സ്നേഹത്തെയും സദാചാരനിഷ്ഠയെയും ഈ ധർമ്മ പദ്ധതി ഉദ്ബോധിപ്പിക്കുന്നു. പിതൃഭക്തിയും ഭ്രാതൃഭക്തിയും മാതൃഭക്തിയും യജമാനഭക്തിയും 'ശിഷ്യഭക്തി'യും ദേശഭക്തിയും ബഹുജനഭക്തിയും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന രാമ -സീതാകഥ മാതൃകകൾക്കും മാതൃകയെന്നും വാഴ്ചപ്പെടുന്നത് വെറുതേയല്ലതന്നെ! ബുദ്ധമതസ്ഥർക്കും ജൈനർക്കും ഭാരതത്തിനാകമാനവും വിദേശങ്ങളിലും പല പ്രകാരേണ വിരചിതമായ രാമകഥ ധർമ്മത്തിന്റെ പ്രായോഗിക പാഠം ഹൃദിസ്ഥമാക്കുമാറ് ശോഭിച്ചു നിൽക്കുന്നു. അനർഹമായ അധികാരങ്ങൾക്കും അനഭിലഷണീയമായ ജാതിസ്പർദ്ധകൾക്കും ഭീതിതമായ ദേശവിരുദ്ധതകൾക്കും അനുചിതമായ സ്വാർത്ഥ വൈകൃതങ്ങൾക്കുമിടയിൽ ലോകാദരണീയമായ രാമകഥ എല്ലാ മനോ വൈകല്യങ്ങളെയുമകറ്റി ഉടലെടുത്ത ധർമ്മമായ രാമനെപ്പോലെ ഉത്തമ പുരുഷന്മാരെ സൃഷ്ടിക്കാനുള്ളതാണ്.
ഭാരതീയതയുടെ പരിപുഷ്ടമായ നിലനില്പിന് ഏകതയുടെയും ചാരുതയുടെയും നൈതികതയുടെയും കഥമൊഴിയുന്ന 'രാമായണ'ത്തെ അവലംബിച്ചുള്ള രാമായണ മാസാചരണം അതിധന്യമായിത്തീരുമെന്നതിൽ തർക്കമില്ല!