തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പു ചുമതല ലഭിക്കുമെന്ന പ്രതീക്ഷയിൽ, ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ കമ്പനി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. കമ്പനീസ് ആക്ട് പ്രകാരം ടിയാൽ രജിസ്റ്റർ ചെയ്യാൻ കെ.എസ്.ഐ.ഡി.സിക്ക് നിർദ്ദേശം നൽകി. വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുനഃപരിശോധിക്കുകയാണ്. ഗതാഗതസെക്രട്ടറി കെ.ആർ. ജ്യോതിലാൽ അടക്കമുള്ള ഉദ്യോഗസ്ഥർ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെക്കണ്ട് സംസ്ഥാന സർക്കാരിന്റെ ആവശ്യം ആവർത്തിച്ചു. കേന്ദ്രത്തിൽ നിന്ന് അനുകൂലസൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്, കാലതാമസമൊഴിവാക്കാൻ കമ്പനി രജിസ്റ്റർ ചെയ്യുന്നത്.
ധനകാര്യ അഡി. ചീഫ് സെക്രട്ടറി മനോജ് ജോഷി, ഏവിയേഷൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ സഞ്ജയ് എം. കൗൾ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ. 100 രൂപ മുഖവിലയുള്ള 4498 ഓഹരികളാണ് സർക്കാരിന് കമ്പനിയിലുള്ളത്. കെ.എസ്.ഐ.ഡി.സിക്ക് 500 ഓഹരികളുണ്ടാവും. നേരത്തേ ടിയാൽ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കമ്പനിയായി രജിസ്റ്റർ ചെയ്തിരുന്നില്ല. വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തിൽ സർക്കാരും കെ.എസ്.ഐ.ഡി.സിയും ചേർന്നുള്ള കൺസോർഷ്യമാണ് പങ്കെടുത്തത്. ലേലത്തിൽ കെ.എസ്.ഐ.ഡി.സി രണ്ടാമതായെങ്കിലും സംസ്ഥാനസർക്കാരിന്റെ നിരന്തരസമ്മർദ്ദത്തെ തുടർന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാർ ഒപ്പിടാനായിട്ടില്ല.
വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും നടത്തിപ്പും വികസനവും പാട്ടവ്യവസ്ഥയിൽ കൈമാറാനാണ് എയർപോർട്ട് അതോറിട്ടിയുടെ തീരുമാനം. ഇക്കാര്യങ്ങളിൽ വൈദഗ്ദ്ധ്യമുള്ള കമ്പനിയെ ടിയാലിൽ സ്വകാര്യപങ്കാളിയാക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ ആഗോള ടെൻഡർ വിളിക്കും.
ഇനി ഇങ്ങനെ
1)പാട്ടക്കരാർ ഒഴിവാക്കാൻ ചീഫ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഡൽഹിക്കയച്ച് സമ്മർദ്ദം ശക്തമാക്കും
2)ടിയാൽ കമ്പനി രൂപീകരിച്ചതിന്റെ രേഖകൾ കേന്ദ്രത്തിന് സമർപ്പിക്കും
3)നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളെ ടിയാലിൽ പങ്കാളിയാക്കാനും ശ്രമിക്കുന്നു
സർക്കാർ നിലപാട്
സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന വിമാനത്താവളം സർക്കാരിന് അവകാശപ്പെട്ടതാണ്
സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിക്ക് അവിടെ വികസനം പറ്റില്ല
വിമാനത്താവള വികസനത്തിനായി 18.53 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനമിറക്കി
''വിമാനത്താവളം സർക്കാരിന്റെ കൈയിൽ തന്നെയിരിക്കും. ആർക്കും കൊണ്ടുപോകാനാവില്ല. സർക്കാരിന് നടത്തിപ്പ് ചുമതല നൽകുകയാണ് വേണ്ടത്.''
പിണറായി വിജയൻ
മുഖ്യമന്ത്രി