shaji

വർക്കല: വളർത്തു മൃഗങ്ങളെ മോഷ്ടിച്ച് ഇറച്ചി വ്യാപാരികൾക്ക് വിറ്റതുൾപ്പെടെ നിരവധി കേസുകളിലെ

പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കുരയ്ക്കണ്ണി ഗുലാബ് മൻസിലിൽ ഫാന്റം പൈലി എന്നു വിളിക്കുന്ന ഷാജി (36)യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ കുരയ്ക്കണ്ണി സ്വദേശികളായ സുഹറാബീവി, ശ്രീലത, ശാർങ്‌ഗധരൻ എന്നിവരുടെ വീടുകളിലെ ഷെഡിൽ കെട്ടിയിരുന്ന എട്ട് ആടുകളെ മോഷ്ടിച്ച് കൊട്ടിയം ഉമയനല്ലൂരിലെ ഇറച്ചി വ്യാപാരികൾക്ക് വിറ്റ കേസിലാണ് ഷാജി പിടിയിലായത്. കുരയ്ക്കണ്ണി നിസാമൻസിലിൽ സമീറിന്റെ 50000 രൂപ വിലമതിക്കുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച് ആട് മണി എന്നയാൾക്ക് വിറ്റ കേസിലും പ്രതിയാണെന്ന് വർക്കല പൊലീസ് പറഞ്ഞു. 2006 മുതൽ 2019 വരെയുളള കാലയളവിൽ പിറവം, കോതമംഗലം, മൂവാറ്റുപുഴ എന്നീ സ്റ്റേഷൻ പരിധികളിൽ സ്വർണവും പണവും അപഹരിച്ച കേസും കൊട്ടാരക്കര, ചടയമംഗലം എന്നീ സ്റ്റേഷൻ പരിധികളിൽ ആറ് മാസത്തിനിടെ 12 ഭവനഭേദനക്കേസും പളളിക്കൽ, വർക്കല, പരവൂർ പ്രദേശങ്ങളിൽ ഭവനഭേദനം, പിടിച്ചുപറി, കഞ്ചാവ് വില്പന എന്നീ കേസുകളും ഇയാളുടെ പേരിലുണ്ട്. 2014ൽ എറണാകുളം കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി പരവൂർ ഭാഗത്തുവച്ച് ട്രെയിനിൽ നിന്നും കായലിലേക്ക് ചാടി രക്ഷപ്പെട്ടതിനും കേസുണ്ട്. വർക്കല പാപനാശം, തിരുവമ്പാട് ബീച്ചുകളിൽ വിദേശ വനിതകളെ ആയുധം കാണിച്ച് കവർച്ച നടത്തിയ കേസിലും പ്രതിയാണ്. ഇയാളുടെ പേരിൽ വിവിധ ജില്ലകളിലെ കോടതികളിലായി പത്തോളം വാറണ്ട് നിലവിലുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ മാരായ നസറുളള, മുരളീധരൻ, സി.പി.ഒമാരായ ഹരീഷ്, നാഷ്, ഷമീർ എന്നിവർ ഉൾപെട്ട സംഘം കൊട്ടിയത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.