തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുവേണ്ടി കേരള മുന്നാക്ക വിഭാഗ കമ്മിഷൻ സംസ്ഥാനത്തെ വിവിധ മുന്നാക്ക സമുദായ സംഘടനാ പ്രതിനിധികളെ വിളിച്ചു കൂട്ടി പൊതു ഹിയറിംഗ് നടത്തി
. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ എൺപതോളം മുന്നാക്ക സമുദായ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്ര സർക്കാർ നിശ്ചയിച്ച സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുക, ജ.ശശിധരൻനായർ കമ്മിഷൻ പ്രവർത്തനം വേഗത്തിലാക്കുക, മുന്നാക്ക കോർപ്പറേഷന്റെ സ്‌കോളർഷിപ്പ്, വായ്പാവിതരണം എന്നിവ ത്വരിതപ്പെടുത്തുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നിയമനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുക എന്നീ പ്രധാന ആവശ്യങ്ങളാണ് സംഘടനാ പ്രതിനിധികൾ ഉന്നയിച്ചത്.
കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, അംഗങ്ങളായ അഡ്വ. എം.മനോഹരൻ പിള്ള, എ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ ഹിയറിംഗിനു നേതൃത്വം നൽകി. മുന്നാക്ക സമുദായ സംഘടനകളുടെ അടുത്ത ഹിയറിംഗ് ആഗസ്റ്റ് 13 ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ കോൺഫറൻസ് ഹാളിൽ നടത്താനും കമ്മിഷൻ യോഗം തീരുമാനിച്ചു,