കിളിമാനൂർ: കൊയ്ത്തു യന്ത്രങ്ങളും സബ്സിഡിയുമെല്ലാം കൃത്യസമയത്ത് ലഭിച്ചെങ്കിലും മഴ ചതിച്ചതിനാൽ ഒന്നാം വിള പോലും ഇറക്കാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് കിളിമാനൂരിലെയും പരിസര പ്രദേശങ്ങളിലെയും നെൽകൃഷി കർഷകർ. മേയിൽ ഒന്നാം വിളക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ആഗസ്റ്റിൽ കൊയ്യാനുള്ളിടത്ത് ഈ വർഷം വിള ഇറക്കാൻ പോലും ആകാത്ത സ്ഥിതിയിലാണ് കർഷകർ. കഴിഞ്ഞ വർഷം ഈ സമയം നെല്ല് കതിരണിഞ്ഞതായി കർഷകർ പറയുന്നു. സർക്കാർ മിഷണറികളുടെയും ബ്ലോക്ക് സന്നദ്ധ സംഘടനകളുടെയും സജീവ ഇടപെടലിന്റെ ഫലമായി കാട്ടുവള്ളികളും ചെടികളും നിറഞ്ഞ തരിശ്പാടങ്ങൾ കഴിഞ്ഞ വർഷം നെൽകൃഷിയുടെ പച്ചപ്പിന് വഴിമാറിയിരുന്നു. ഇക്കുറിയും ഉത്സാഹത്തോടെ ഒന്നാം വിളയ്ക്ക് കാത്തിരുന്ന കർഷകരെ മഴ ചതിക്കുകയായിരുന്നു. മുപ്പതോളം കർഷകരുടെ തരിശ് നിലം അടയമൺ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം കൃഷിയിറക്കിയിരുന്നു. ഇപ്രാവശ്യം സർക്കാരിന്റെ അത്യുല്പാദന ശേഷിയുള്ള "ഉമ" വിത്ത് നൂറു ശതമാനം സബ്സിഡിയോടെ കൃഷിഭവൻ കർഷകർക്ക് നൽകുകയും, കൊയ്തു യന്ത്രം ഉൾപ്പെടെയുള്ളവ സഹായങ്ങൾ യഥാസമയം നൽകുകയും ചെയ്തിരുന്നു. കൊയ്ത്ത് യന്ത്രം കൊണ്ടുവന്നെങ്കിലും നിലം ഉഴാൻ പറ്റാത്ത അവസ്ഥയാണ്. ബ്ലോക്ക് സന്നദ്ധ സംഘടനയുടെയും ,കർഷക കൂട്ടായ്മയും പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സജീവ ഇടപെടൽ മൂലം തരിശ് നിലം കുറഞ്ഞ പഞ്ചായത്താകാൻ പഴയകുന്നുമ്മലിന് കഴിഞ്ഞിട്ടുണ്ട്.