arrest

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി 200കിലോയിലേറെ സ്വർണം കടത്തിയ മൂന്ന് ഉത്തരേന്ത്യൻ യുവതികളടക്കം ഒമ്പത് കാരിയർമാർ നിരീക്ഷണത്തിലാണെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) വ്യക്തമാക്കി.

സ്വർണക്കടത്തിലെ മുഖ്യകണ്ണി കഴക്കൂട്ടം സ്വദേശി സെറീനയുടെ സംഘത്തിൽ പെട്ടവരാണ് ഇവരെല്ലാം.

ഡി.ആർ.ഐ പ്രതിയാക്കിയ വിവരമറിഞ്ഞ് ഉത്തരേന്ത്യക്കാരായ ചിലർ സ്വദേശമായ മുംബയിൽ നിന്ന് മുങ്ങിയിരുന്നു. ഉത്തരേന്ത്യയിലെ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കേരളത്തിലേക്ക് സ്ഥിരമായി സ്വർണം കടത്തുന്ന സംഘത്തിന്റെ കാരിയർമാരായിരുന്നു ഇവർ.

ദുബായിൽ സെറീനയുടെ ബ്യൂട്ടിപാർലറിലെ ബ്യൂട്ടിഷൻ എന്ന പേരിലാണ് ഇവരെയെല്ലാം വിദേശത്തേക്ക് കൊണ്ടുപോയത്. ഇവർക്കൊപ്പം സ്വർണം കടത്തിയിരുന്ന കഴക്കൂട്ടം സ്വദേശി സിന്ധുവിനെ കഴിഞ്ഞദിവസം ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു. ദുബായിലെ സ്വർണക്കടത്തിന്റെ ആസൂത്രകൻ ജിത്തുവും അന്വേഷണം മുറുകിയതോടെ യു.എ.ഇ വിട്ടു. ഇവരെയും സ്വർണം വാങ്ങിയിരുന്ന കടയുടമകളായ മുഹമ്മദലി, ഹക്കിം എന്നിവരെയും പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 10ന് 10കിലോ സ്വർണം കടത്തിയ കേസിന് ഈ കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി തമിഴ്നാട്ടിലേക്ക് മുങ്ങി. ഇയാളെ കണ്ടെത്താൻ ഡി.ആർ.ഐ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടി.