mj-radhakrishnan-passes-a

തിരുവനന്തപുരം: സ്വാഭാവിക വെളിച്ചംകൊണ്ട് സിനിമാ ഫ്രെയിമുകളെ അനുഭവമാക്കിയ പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ ജീവിതത്തിന്റെ ഫ്രെയിമിൽ നിന്ന് മാഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, ജയരാജ് എന്നിവരുടേത് ഉൾപ്പെടെ എഴുപത്തിയഞ്ചിലേറെ സിനിമകൾക്ക് ദൃശ്യഭാവം പകർന്ന മാന്ത്രികന്റെ അന്ത്യം ഇന്നലെ രാത്രി എഴരയോടെ എസ്.യു.ടി ആശുപത്രിയിലായിരുന്നു. 60 വയസായിരുന്നു.

പട്ടം പ്ലാമൂട്ടിലെ വസതിയായ കൃഷ്ണകൃപയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം കാറോടിച്ചു പോയ രാധാകൃഷ്ണൻ വഴിയിൽ ഒരു ക്ലിനിക്കിൽ നിന്ന് ചികിത്സ തേടി. അവിടെനിന്ന് ഭാര്യ ലതയാണ് എസ്.യു.ടി ആശുപത്രിയിൽ എത്തിച്ചത്.

മൂന്നു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓള് ആണ് അവസാന ചിത്രം. രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച നിരവധി ചിത്രങ്ങൾ കാൻ, ടൊറന്റോ, ചിക്കാഗോ, റോട്ടർഡാം മേളകളിൽ പ്രദർശിപ്പിച്ചു. മരണസിംഹാസനം എന്ന ചിത്രം കാൻ പുരസ്‌കാരം നേടി. അതിലൂടെ ഗോൾഡൻ കാമറ അവാർഡും നേടി.

ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടു പൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങൾക്കായിരുന്നു സംസ്ഥാന പുരസ്‌കാരം. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്.
എൻ.എൽ.ബാലകൃഷ്ണൻ സ്റ്റിൽ ഫോട്ടോഗ്രാഫറായി സിനിമയിലെത്തിച്ച രാധാകൃഷ്ണൻ പിന്നീട് അലി അക്ബറിന്റെ മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. മകൻ യദുകൃഷ്ണനും ഛായാഗ്രാഹകനാണ്. ഫാഷൻ ഡിസൈനർ നീരജാ കൃഷ്ണനാണ് മകൾ.