കഴക്കൂട്ടം: ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കഴക്കൂട്ടം ആർ.ടി.ഒയുടെ കീഴിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് താത്കാലികമായി നിറുത്തിവച്ചു. ഇന്നലെ മുതലാണ് ടെസ്റ്റ് നിറുത്തിവച്ചത്. നിലവിൽ കഴക്കൂട്ടം സ്വാതിനഗറിലുള്ള സ്വകാര്യ വ്യക്തിയുടെ അര ഏക്കറോളം വരുന്ന സ്ഥലത്താണ് രണ്ടുവർഷമായി ടെസ്റ്റ് നടത്തുന്നത്. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും ചില ഡ്രൈവിംഗ് സ്‌കൂളുകാരും ചേർന്നാണ് സ്ഥലം കണ്ടെത്തി ടെസ്റ്റ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. കാറിന് നൂറും ബൈക്കിന് അമ്പതുമാണ് ഡ്രൈവിംഗ് ടെസ്റ്റിന് വാടക. ഇതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം മൂത്തതോടെ സംഭവം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ ഉന്നത ഉദ്യോഗസ്ഥർ അറിയുകയും ടെസ്റ്ര് താത്കാലികമായി നിറുത്തിവയ്ക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയെന്നാണ് സൂചന. ഗതാഗതം തടസപ്പെടുന്നെന്ന പരാതിയുമായി നേരത്തേ റസിഡന്റ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്. കഴക്കൂട്ടത്ത് സർക്കാർ ഭൂമി ഉണ്ടായിട്ടും അവിടെ ടെസ്റ്റ് നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്.