02

ശ്രീകാര്യം: കഴിഞ്ഞ ദിവസം കാണാതായ ശ്രീകാര്യം എൻജിനിയറിംഗ് കോളേജിലെ എം.ടെക് രണ്ടാംവർഷ വിദ്യാർത്ഥി ശ്യാം പത്മനാഭനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. തിങ്കളാഴ്ച ലൈബ്രറിയിൽ പോകാനായി കാര്യവട്ടത്തെ ഫ്ലാറ്റിൽ നിന്നിറങ്ങിയ ശ്യാമിനെ കാണാനില്ലെന്ന് ബന്ധുക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ശ്യാം കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ പ്രവേശിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും തിരികെയിറങ്ങിയ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കാമ്പസിലെ കുറ്റിക്കാട്ടിൽ ഇന്നലെയും പൊലീസ് തെരച്ചിൽ നടത്തി. ഫയർഫോഴ്സിന്റെ അഞ്ചംഗ മുങ്ങൽ വിദഗ്ദ്ധസംഘം ഇന്നലെ ഹൈമാവതി കുളത്തിലും തെരച്ചിൽ നടത്തി. കഴിഞ്ഞദിവസം ശ്യാമിന്റെ ഫോൺ റിംഗ് ചെയ്‌തെങ്കിലും ഇപ്പോൾ സ്വിച്ച് ഓഫാണ്. ശ്യാം താമസിച്ചിരുന്ന പാങ്ങപ്പാറയിലെ ഫ്ലാറ്റിലെത്തി പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ബി.ടെക് കഴിഞ്ഞശേഷം ബംഗളൂരുവിലുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌ത ശ്യാം ഈ ജോലി ഉപേക്ഷിച്ച ശേഷമാണ് എം.ടെക്കിന് ചേർന്നത്.