തിരുവനന്തപുരം: കച്ചവടം ഒട്ടും മോഹിപ്പിക്കാതിരുന്ന സിനിമാപ്രവർത്തകനായിരുന്നു ഇന്നലെ അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ. ക്യാമറയെ ഹൃദയത്തിലേറ്റി അദ്ദേഹം എന്നും സമാന്തര സിനിമയ്ക്കൊപ്പം സഞ്ചരിച്ചു. ചെറിയ ബഡ്ജറ്റിൽ സിനിമയൊരുക്കണമെന്ന സംവിധായകരുടെ മോഹത്തിനൊപ്പം കാമറ പിടിച്ചു നടന്നു...

പ്രതിഫലത്തിന്റെ പേരിൽ ഒരിക്കലെങ്കിലും എം.ജെ തർക്കിച്ചില്ല. പരിമിതികൾ പോലും നേട്ടമാക്കാനുള്ള പ്രതിഭയായിരുന്നു എം.ജെയുടെ വലിയ സമ്പത്ത്. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തിന്റെ മരണം വല്ലാത്തൊരു ഷോക്കാണ്. ആ പ്രതിഭയുടെ തീവ്രത അടുത്തു നിന്നും മാറിനിന്നും ആസ്വദിച്ചിട്ടുണ്ട്. എന്റെ ചിത്രമായ ഓളിൽ എം.ജെയുടെ ഛായാഗ്രഹണത്തിലെ മാന്ത്രികത പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയും.

ഞാൻ ഛായാഗ്രാഹകനായിരുന്ന പഞ്ചവടിപ്പാലത്തിലൂടെയായിരുന്നു എം.ജെയുടെ സിനിമാപ്രവേശം. അന്ന് സ്റ്റിൽ കാമറാമാനായിരുന്ന എൻ.എൽ.ബാലകൃഷ്ണന്റെ സഹായി. പിറവിയിൽ എം.ജെ സ്റ്റിൽ കാമറാമാനായി. സ്വമ്മിൽ ഛായാഗ്രാഹകൻ ഹരി നായരുടെ സഹായിയായി. ജയരാജിന്റെ ദേശാടനം,​ കരുണം തുടങ്ങിയ ചിത്രങ്ങളുടെ മേന്മയുടെ പ്രധാന ഘടകങ്ങളിലൊന്ന് എം.ജെയുടെ കാമാറാ വർക്കാണ്.

ഏഴു തവണ സംസ്ഥാന അവാർഡ് കിട്ടിയ രാധാകൃഷ്ണന് 2008-ൽ ബയോസ്കോപ്പിലൂടെ ദേശീയ അവാർഡ് കിട്ടേണ്ടതായിരുന്നു. അന്ന് ഞാനായിരുന്നു ജൂറി ചെയർമാൻ.എം.ജെ മികച്ച കാമറാമാൻ എന്ന് ഞാൻ പറഞ്ഞു. പക്ഷെ ജൂറിയിൽ രണ്ട് അഭിപ്രായമുണ്ടായി. വോട്ടിട്ടപ്പോൾ എം.ജെയ്ക്ക് അവാർഡ് നിഷേധിക്കപ്പെടുകയായിരുന്നു.