തിരുവനന്തപുരം: എം.ജെ.രാധാകൃഷ്ണനെ തന്നെപ്പോലെ ഒരു വൈദ്യനാക്കാനായിരുന്നു അച്ഛൻ ജനാർദനൻ വൈദ്യർക്ക് താൽപര്യം.

അച്ഛനുമുന്നിൽ വൈദ്യപഠനത്തിനു ഇരുന്നുകൊടുത്തെങ്കിലും ഇരുപതാം വയസിൽ കാമറയുമായി സിനിമാലൊക്കേഷനിലെത്തി. പിന്നീട് അറിയപ്പെടുന്ന ഛായാഗ്രാഹകനായപ്പോഴും അച്ഛൻ പഠിപ്പിച്ചതൊന്നും മറന്നില്ല. രോഗം അറിഞ്ഞാൽ മരുന്ന് കുറിക്കാനറിയാം. അതറിയാവുന്ന ചില സുഹൃത്തുക്കൾ മരുന്നു തേടിയെത്തിയത് രാധാകൃഷ്ണന്റെ അടുത്തായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാമറയിൽ കമ്പം തുടങ്ങിയത്. രസതന്ത്രത്തിൽ ബിരുദം നേടി നിൽക്കുമ്പോഴാണ് സഹോദരീ ഭർത്താവിന്റെ സുഹൃത്തായ ഇന്നസെന്റ് നിർമ്മിച്ച്, മോഹൻ സംവിധാനം ചെയ്ത 'ഒരു കഥ ഒരു നുണക്കഥ'യുടെ സെറ്റിൽ പോയത്. എൻ.എൽ. ബാലകൃഷ്ണനായിരുന്നു സ്റ്റിൽ ഫോട്ടോഗ്രാഫർ. അവിടെ രണ്ടു മൂന്നു സ്റ്റിൽ എടുത്തു. 'പഞ്ചവടിപ്പാല'ത്തോടെ സ്റ്റിൽ ഫോട്ടോ സഹായിയായി.

ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായിട്ടാണ് സിനിമാട്ടോഗ്രാഫിയിലേക്ക് എത്തിയത്. 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലായിരുന്നു തുടക്കം. 'ഷാജിയേട്ടനാണ് ഛായാഗ്രഹണത്തിൽ എന്റെ ഗുരു' എന്ന് അഭിമാനത്തോടെ എം.ജെ പറയുമായിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത അമ്മാനംകിളിയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. സി.പി.പദ്മകുമാറിന്റെ സമ്മോഹനമാണ് എം.ജെയെ പ്രശസ്തനാക്കിയത്.

എം.ജെയ്‌ക്ക് വെല്ലുവിളി ഉയർത്തിയ ചിത്രം ദേശാടനമായിരുന്നു. സ്വാഭാവിക വെളിച്ചം ലഭിക്കാൻ വീടിന്റെ ഓട് ഇളക്കിമാറ്റിയൊക്കെയായിരുന്നു ചിത്രീകരണം. 2016ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എം.ജെ കാമറ ചലിപ്പിച്ച അഞ്ചു ചിത്രങ്ങൾ എത്തി. അതൊരു അപൂർവ റെക്കാഡായി.

ജയരാജനോടെന്ന പോലെ ഡോ.ബിജുവിനോടും അടുപ്പം സൂക്ഷിച്ചിരുന്നു.ഷാങ്ഹായ് മേളയിൽ അവാർഡ് കിട്ടിയ വെയിൽമരങ്ങൾ ഉൾപ്പടെ ബിജുവിന്റെ ചിത്രങ്ങൾക്കെല്ലാം കാമറ എം.ജെയുടേതായിരുന്നു.

''എനിക്കൊന്നും പറയാൻ കഴിയുന്നില്ല.ഞങ്ങളൊരുമിച്ച് വാർക്ക് ചെ്യത് കൊതി തീർന്നിട്ടില്ല"

--ഡോ. ബിജു